MAP

വിദ്യാഭ്യാസം നേടി വളർന്നുവരേണ്ട കുരുന്നുകൾ വിദ്യാഭ്യാസം നേടി വളർന്നുവരേണ്ട കുരുന്നുകൾ 

ആഗോള വിദ്യാഭ്യാസ ഫണ്ടിംഗിലെ വെട്ടിക്കുറയ്ക്കൽ മൂലം അറുപതുലക്ഷം കുട്ടികൾക്ക് വിദ്യാഭ്യാസസാദ്ധ്യതകൾ ഇല്ലാതായേക്കാം: യൂണിസെഫ്

യൂണിസെഫ് റിപ്പോർട്ട് പ്രകാരം വിദ്യാഭ്യാസത്തിനായുള്ള പൊതു വികസന സഹായം മുന്നൂറ്റിയിരുപത് കോടി (3.2 ബില്യൺ) ഡോളർ കുറയും. പശ്ചിമ-മധ്യ-വടക്കൻ ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, എന്നിവിടങ്ങളിലാണ് ഏറ്റവും വലിയ ആഘാതം ഭയപ്പെടുന്നത്. കൂടാതെ, ഇരുപത്തിയൊൻപത് കോടിയോളം (290 മില്യൺ) വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ നിലവാരത്തിൽ കുറവ് വരുമെന്നും യൂണിസെഫ് മുന്നറിയിപ്പ് നൽകുന്നു.

സിസ്റ്റർ ജാസ്മിൻ SIC, വത്തിക്കാൻ ന്യൂസ്

ആഗോള വിദ്യാഭ്യാസ ഫണ്ടിംഗിലെ കുത്തനെയുള്ള വെട്ടിക്കുറയ്ക്കൽ കാരണം 2026 അവസാനത്തോടെ ഏകദേശം അറുപത് ലക്ഷം (6 മില്യൺ) കുട്ടികൾക്ക് കൂടി വിദ്യഭ്യാസസാധ്യതകൾ മുടങ്ങിയേക്കാമെന്ന് യൂണിസെഫ് പുറത്തുവിട്ട പുതിയ ഒരു പഠന റിപ്പോർട്ട് മുന്നറിയിപ്പ് നൽകി. 2023-നെ അപേക്ഷിച്ച് നിലവിൽ വിദ്യാഭ്യാസ ഫണ്ടിൽ 24 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്, ഇതനുസരിച്ച്, വിദ്യാഭ്യാസത്തിനായുള്ള പൊതു വികസന സഹായം (ODA) മുന്നൂറ്റിയിരുപത് കോടി (3.2 ബില്യൺ) യുഎസ് ഡോളർ കുറയുമെന്നാണു കണക്കാക്കപ്പെടുന്നത്. ഇത് ലോകമെമ്പാടുമുള്ള സ്കൂളിൽ പോകാത്ത കുട്ടികളുടെ എണ്ണം ഇരുപത്തിയേഴ് കോടിയിൽനിന്ന് (272 മില്യൺ) ഇരുപത്തിയെട്ട് കോടിയോളമായി (278 മില്യൺ) ഉയരാൻ കാരണമായേക്കുമെന്ന് യൂണിസെഫിന്റെ പഠനങ്ങൾ വ്യക്തമാക്കി.

ഈ വെട്ടിക്കുറവിന്റെ ഏറ്റവും വലിയ ആഘാതം പശ്ചിമ-മധ്യ ആഫ്രിക്കയിലായിരിക്കും, അവിടെ രണ്ടു കോടിയോളം (1.9 മില്യൺ) കുട്ടികൾക്ക് വിദ്യാഭ്യാസം നഷ്ടപ്പെടാൻ സാധ്യതയുണ്ട്. മിഡിൽ ഈസ്റ്റ്, വടക്കൻ ആഫ്രിക്ക എന്നിവിടങ്ങളിൽ ഒന്നരക്കോടിയോളം (1.4 മില്യൺ) കുട്ടികളുടെ വിദ്യാഭ്യാസസാധ്യതകളെയും ഇത് പ്രതികൂലമായി ബാധിച്ചേക്കുമെന്ന് റിപ്പോർട്ട് വിശദീകരിക്കുന്നു. കൂടാതെ, 28 രാജ്യങ്ങൾക്ക് അവരുടെ പ്രീ-പ്രൈമറി, പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസമേഖലയിലേക്കായി ലഭിച്ചിരുന്ന ധനസഹായത്തിന്റെ നാലിലൊന്നോളം കുറവുണ്ടായേക്കുമെന്നും ശിശുക്ഷേമനിധി തങ്ങളുടെ പഠനറിപ്പോർട്ടിലൂടെ മുന്നറിയിപ്പുനൽകി. ഇതിന്റെ ഫലമായി, ആഗോളതലത്തിൽ കുറഞ്ഞത് ഇരുപത്തിയൊൻപത് കോടിയോളം (290 മില്യൺ) വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ നിലവാരത്തിൽ കുറവ് നേരിടേണ്ടി വരുമെന്ന് കണക്കാക്കപ്പെടുന്നു.

കുട്ടികളുടെ ജീവിതത്തിന് ആവശ്യമുള്ള പ്രോത്സാഹനവും സ്ഥിരതയും നൽകുന്ന മാർഗ്ഗമായിട്ടുപോലും വിദ്യാഭ്യാസമേഖലയിലേക്കുള്ള ധനസഹായം ഗണ്യമായി കുറഞ്ഞുവരികയാണെന്ന് യൂണിസെഫ് അപലപിച്ചു. റോഹിങ്ക്യൻ അഭയാർത്ഥികളായ മൂന്നര ലക്ഷത്തോളം കുട്ടികൾക്ക് അടിസ്ഥാന വിദ്യാഭ്യാസം പൂർണ്ണമായും നഷ്ടപ്പെടാനുള്ള സാധ്യതയുണ്ടെന്ന് സംഘടന അറിയിച്ചു. സ്കൂൾ പോഷകാഹാര പരിപാടികൾ പോലുള്ള അവശ്യ സേവനങ്ങൾക്കായി നൽകിവന്നിരുന്ന ധനസഹായവും പകുതിയോളം കുറഞ്ഞേക്കാം, ഇത് കുട്ടികളുടെ ആരോഗ്യത്തെയും ക്ഷേമത്തെയും ബാധിക്കും. "വിദ്യാഭ്യാസത്തിനായി മുടക്കുന്ന ഓരോ ഡോളറും വെറും ബജറ്റ് തീരുമാനമല്ലെന്നും അതിലുണ്ടാകുന്ന കുറവ് നിരവധി കുട്ടികളുടെ ഭാവിയെ അപകടത്തിലാക്കുമെന്നും" യൂണിസെഫ് ഡയറക്ടർ ജനറൽ കാതറിൻ റസ്സൽ പ്രസ്താവിച്ചു.

ഈ പ്രതിസന്ധി പരിഹരിക്കുന്നതിന്, തങ്ങളുടെ ഉപകാരികളും പങ്കാളി രാജ്യങ്ങളും അടിയന്തിരമായി മുന്നോട്ടുവരണമെന്ന് യൂണിസെഫ് അഭ്യർത്ഥിച്ചു. വിദ്യാഭ്യാസത്തിനായുള്ള സഹായം ഫലപ്രദവും സന്തുലിതവുമായ രീതിയിൽ ഏവർക്കും ലഭ്യമാക്കാൻ വേണ്ട നടപടികളെടുക്കുക, മാനുഷിക വിദ്യാഭ്യാസ ഫണ്ടിംഗ് സംരക്ഷിക്കുക, അടിസ്ഥാന സ്‌കൂൾവിദ്യാഭ്യാസത്തിന് മുൻഗണന നൽകുക, ആഗോള സാമ്പത്തിക ഘടന ലളിതമാക്കുക, നൂതന ധനസഹായമാർഗ്ഗങ്ങൾ വികസിപ്പിക്കുക എന്നിവയാണ് ശിശുക്ഷേമനിധി മുന്നോട്ടുവയ്ക്കുന്ന പ്രധാന നിർദ്ദേശങ്ങൾ. കുട്ടികളുടെ വിദ്യാഭ്യാസത്തിനായി നടത്തുന്ന ധനസഹായം എല്ലാവരുടെയും മെച്ചപ്പെട്ട ഭാവിക്കായുള്ള ഏറ്റവും നല്ല നിക്ഷേപമാണെന്ന് റസ്സൽ ഊന്നിപ്പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 സെപ്റ്റംബർ 2025, 14:02