യുദ്ധത്തിന്റെ നാലാം വർഷത്തിൽ നാൽപ്പത്താറ് ലക്ഷം ഉക്രൈൻ വിദ്യാർത്ഥികൾ സ്‌കൂളുകളിലേക്ക്: യൂണിസെഫ്
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
തുടർച്ചയായ നാലാം വർഷവും യുദ്ധഭീകരതയ്ക്കിടയിൽ വിദ്യാഭ്യാസം തേടി സ്കൂളുകളിലേക്ക് നീങ്ങാൻ വിധിക്കപ്പെട്ട് ഉക്രൈനിലെ നാൽപ്പത്താറ് ലക്ഷം കുട്ടികൾ. കഴിഞ്ഞ ദിവസം പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെ, ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫാണ് റഷ്യ-ഉക്രൈൻ യുദ്ധം സൃഷ്‌ടിച്ച ഇത്തരമൊരു പരിതാപകരാവസ്ഥയെക്കുറിച്ച് ലോകമനഃസാക്ഷിയെ ഓർമ്മിപ്പിച്ചത്. നിരവധിയായ പ്രതിസന്ധികൾക്കും അപകടസാധ്യതകൾക്കുമിടയിലാണ് ഈ കുട്ടികൾ സ്‌കൂളുകളിലേക്കെത്തുകയെന്ന് സംഘടന അറിയിച്ചു.
ആക്രമണസമയത്ത് രക്ഷനേടാനായി ഉക്രൈനിലെ തൊണ്ണൂറ് ശതമാനം സ്‌കൂളുകളിലും അഭയകേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും, എന്നാൽ യുദ്ധം വിദ്യാഭ്യാസസംവിധാനത്തിലുണ്ടാക്കിയ ആഘാതം ഏറെ വലുതാണെന്നും യൂണിസെഫ് അറിയിച്ചു. 2024-25 അദ്ധ്യയനവർഷത്തിൽ മൂന്നിലൊന്ന് വിദ്യാർത്ഥികൾക്കും സ്ഥിരമായി സ്‌കൂളിലെത്താൻ സാധിച്ചിരുന്നില്ലെന്നും, ഏതാണ്ട് പതിനൊന്ന് ശതമാനം കുട്ടികളും ഓൺലൈനായാണ് ക്‌ളാസുകളിൽ സംബന്ധിച്ചിരുന്നതെന്നും ശിശുക്ഷേമനിധി റിപ്പോർട്ട് ചെയ്തു. 2022 ഫെബ്രുവരി മുതൽ ആരംഭിച്ച യുദ്ധത്തിന്റെ ഭാഗമായി 2024 ഡിസംബർ വരെയുള്ള കാലയളവിൽ രാജ്യത്തെ പത്ത് ശതമാനം സ്‌കൂൾ കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചുവെന്നും ചിലത് പൂർണ്ണമായും തകർക്കപ്പെട്ടുവെന്നും യൂണിസെഫ് വിശദീകരിച്ചു.
നിരവധി സ്‌കൂൾ കെട്ടിടങ്ങൾ തകർക്കപ്പെട്ടതിനാലും, പഠനം പലപ്പോഴും മുടങ്ങുന്നതിനാലും ദശലക്ഷക്കണക്കിന് ആളുകൾ കുടിയിറങ്ങാൻ നിർബന്ധിതരായിരിക്കുന്നതിനാലും ഒരു തലമുറ മുഴുവനുമാണ് വിദ്യാഭ്യാസത്തിനും ശരിയായ സാമൂഹ്യ-വൈകാരിക വളർച്ചയ്ക്കും സാധ്യതയില്ലാതെ ജീവിക്കേണ്ടിവരുന്നതെന്ന് യൂണിസെഫ് കുറ്റപ്പെടുത്തി.
യുദ്ധഭീകരതയുടെ മുന്നിലകപ്പെട്ട കുട്ടികൾക്ക് പുതിയ അദ്ധ്യയനവർഷം പ്രത്യാശയുടെയും മുടക്കമില്ലാത്ത വിദ്യാഭ്യാസസാധ്യതയുടെയും അടയാളമായാണ് മുന്നിൽ നിൽക്കുന്നതെന്ന് ഉക്രൈനിലേക്കുള്ള യൂണിസെഫ് പ്രതിനിധി മുനീർ മമ്മദ്സാദേ പ്രസ്താവിച്ചു. ബുദ്ധിമുട്ടുകളുടെ മുന്നിലും, വിദ്യാഭ്യാസത്തിനായുള്ള തങ്ങളുടെ അവകാശം നേടിയെടുക്കാനായി ഭൂമിക്കടിയിലുള്ള താവളങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലും എത്തിയും, ഓൺലൈനിലൂടെ ക്‌ളാസുകളിൽ പങ്കെടുത്തും കുട്ടികൾ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊച്ചുകുട്ടികളിൽ പലരും പ്രീ-പ്രൈമറി ക്‌ളാസ്സുകളിൽ എത്തിയിട്ടില്ലെന്നും, എൺപത്തിമൂന്ന് ശതമാനം കുഞ്ഞുങ്ങളും വൈകാരിക അസ്വസ്ഥതകൾ പ്രകടിപ്പിക്കുന്നുണ്ടെന്നും വ്യക്തിത്വവികസനത്തിൽ കാലതാമസവും നേരിടുന്നുണ്ടെന്നും സംഘടന അറിയിച്ചു. 2025-ന്റെ ആദ്യപകുതിയിൽ രണ്ടേകാൽ ലക്ഷത്തോളം (224.000-ൽപ്പരം) കുട്ടികളെ വിദ്യാഭ്യാസരംഗത്ത് സഹായിച്ചുവെന്ന് അവകാശപ്പെട്ട യൂണിസെഫ്, ഉക്രൈനിലെ വിദ്യാഭ്യാസരംഗത്ത് നൽകിവരുന്ന പിന്തുണ തുടരാൻ തങ്ങളുടെ സഹകാരികളോട് അഭ്യർത്ഥിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: