MAP

ഇറ്റലിയിലെ ഒരു സ്‌കൂളിലേക്കെത്തുന്ന വിദ്യാർത്ഥികൾ ഇറ്റലിയിലെ ഒരു സ്‌കൂളിലേക്കെത്തുന്ന വിദ്യാർത്ഥികൾ  (ANSA)

ഇറ്റലി: രാജ്യത്തെ പൗരത്വമില്ലാത്ത വിദ്യാർത്ഥികൾ അസമത്വങ്ങൾ നേരിടുന്നുവെന്ന് സേവ് ദി ചിൽഡ്രൻ സംഘടന

കഴിഞ്ഞ അദ്ധ്യയനവർഷത്തിൽ ഇറ്റലിയിലെ സ്‌കൂളുകളിൽ വിദ്യാഭ്യാസം നേടിയവരിൽ എട്ടിലൊന്ന് പേർക്കും ഇറ്റാലിയൻ പൗരത്വമില്ലെന്നും, കുടിയേറ്റ പശ്ചാത്തലമുള്ള ഈ പ്രായപൂർത്തിയാകാത്തവരെ കാത്തിരിക്കുന്നത് അസമത്വങ്ങൾ നിറഞ്ഞ ഒരു പുതിയ അദ്ധ്യയനവർഷമാണെന്നും സേവ് ദി ചിൽഡ്രൻ അന്താരാഷ്ട്രസംഘടന. സെപ്റ്റംബർ നാലിന് പുറത്തുവിട്ട "കിയാമമി കൊൾ മിയോ നോമേ" (Chiamami col mio nome) എന്ന ഒരു പുതിയ റിപ്പോർട്ടിലൂടെയാണ് രാജ്യത്തെ കുടിയേറ്റക്കാരായ വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് സംഘടന പ്രസ്താവന നടത്തിയത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

കുടിയേറ്റപശ്ചാത്തലമുള്ളവരും ഇറ്റാലിയൻ പൗരത്വമില്ലാത്തവരുമായ വിദ്യാർത്ഥികളെ കാത്തിരിക്കുന്നത് അസമത്വങ്ങളുടെ ഒരു അദ്ധ്യയനവർഷമാണെന്ന് സേവ് ദി ചിൽഡ്രൻ അന്താരാഷ്ട്രസംഘടന. സെപ്റ്റംബർ നാല് വ്യാഴാഴ്ച പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെയാണ്, "കിയാമമി കൊൾ മിയോ നോമേ" (Chiamami col mio nome - എന്നെ എന്റെ പേരുപയോഗിച്ച് വിളിക്കുക) എന്ന പേരിൽ തയ്യാറാക്കിയ ഒരു പുതിയ പഠനറിപ്പോർട്ടിലെ കണ്ടെത്തലുകൾ, കുട്ടികളുടെ അവകാശങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന ഈ സംഘടന വെളിപ്പെടുത്തിയത്.

ഇറ്റലിയിലെ കുടിയേറ്റക്കാരുടെ രണ്ടാം തലമുറയിൽപ്പെട്ട കുട്ടികൾക്ക് പൗരത്വം നൽകുന്നത് അവരുടെ വിദ്യാഭ്യാസതിരഞ്ഞെടുപ്പുകളെ മെച്ചപ്പെടുത്തുമെന്ന് സംഘടന അറിയിച്ചു. കുടിയേറ്റപശ്ചാത്തലമുള്ള  ഇരുപത്തിയഞ്ച് ശതമാനത്തിലുമധികം (26,4%) കുട്ടികൾ മറ്റു കുട്ടികളെക്കാൾ വിദ്യാഭ്യാസകാര്യങ്ങളിൽ പിന്നിലാണെന്നും, ഇത്തരം കുട്ടികൾ സ്‌കൂൾവിദ്യാഭ്യാസം ഉപേക്ഷിക്കാനുള്ള സാദ്ധ്യതകൾ കൂടുതലാണെന്നും സംഘടനയുടെ പഠനങ്ങൾ വ്യക്തമാക്കി. സാമൂഹിക-സാമ്പത്തിക കാരണങ്ങൾക്ക് പുറമെ, ഇറ്റാലിയൻ പൗരത്വം ലഭ്യമാകാത്തതും ഇതിന് പിന്നിലുണ്ടെന്ന് സംഘടന അറിയിച്ചു.

കുടിയേറ്റപശ്ചാത്തലമുള്ള കുട്ടികൾക്ക് പൗരത്വം നൽകുന്നത് അവരുടെ വിദ്യാഭ്യാസഫലങ്ങളെയും തൊഴിൽ മേഖലകളെയും ക്രിയാത്മകമായ രീതിയിൽ സ്വാധീനിക്കുന്നുണ്ടെന്നും, അസമത്വങ്ങൾ കുറയ്ക്കുന്നതിനും, സമൂഹത്തിൽ മെച്ചപ്പെട്ട രീതിയിൽ ഇടപെടുന്നതിനുള്ള സാഹചര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും രാജ്യത്തിന് സാമ്പത്തികനേട്ടം കൊണ്ടുവരുന്നതിനും ഇത് ഉപകാരപ്പെടുമെന്നും സംഘടനയുടെ പഠനങ്ങൾ വ്യക്തമാക്കി. വിദ്യാർത്ഥികൾക്ക് പൗരത്വം നൽകുന്നതുവഴി മുഴുവൻ സമൂഹത്തിനും ഉപയോഗപ്രദമാകുന്ന രീതിയിൽ രാജ്യത്തെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുവാനുള്ള സാധ്യതയാണുള്ളതെന്ന് കണ്ടെത്തിയ പുതിയ ഈ പഠനറിപ്പോർട്ട്, ഓരോ നൂറ് പുതിയ പൗരന്മാരിലൂടെയും രാജ്യത്തിന് എട്ടുലക്ഷം മുതൽ മുപ്പത്തിനാല് ലക്ഷം വരെ യൂറോയുടെ നേട്ടം പത്തുവർഷത്തിനുള്ളിൽ ലഭിക്കുമെന്ന് വിശദീകരിച്ചു.

ഇറ്റലിയിലെ പ്രായപൂർത്തിയാകാത്ത കുട്ടികളുള്ളവരും ഇവിടുത്തെ പൗരത്വമില്ലാത്തവരുമായ മാതാപിതാക്കൾ ഉള്ള കുടുംബങ്ങളിൽ പകുതിയും (41.4%) കടുത്ത ദാരിദ്ര്യത്തിലാണ് ജീവിക്കുന്നതെന്ന് സേവ് ദി ചിൽഡ്രൻറെ പഠനങ്ങൾ തെളിയിച്ചു. കുടുംബങ്ങളുടെ സാമ്പത്തികപശ്ചാത്തലം കുട്ടികളുടെ ഹൈസ്‌കൂൾ, ഉന്നത വിദ്യാഭ്യാസ തെരഞ്ഞെടുപ്പുകളെ കാര്യമായ രീതിയിൽ ബാധിക്കുന്നുണ്ടെന്നും സംഘടന ഓർമ്മിപ്പിച്ചു.

ഇറ്റലിയിൽ ആവശ്യമായ രേഖകളോടെ ജീവിക്കുന്ന മാതാപിതാക്കളിൽനിന്ന് ജനിക്കുന്ന കുട്ടികൾക്ക് പൗരത്വം നൽകുന്നത് സംബന്ധിച്ച ചർച്ചകൾ പാർലമെന്റ് പുനഃരാരംഭിക്കണമെന്നും, ഇറ്റലിയിൽ വളർന്ന കുട്ടികൾക്ക് പൗരത്വം ലഭിക്കുന്നതിനുള്ള മാർഗ്ഗം എളുപ്പമാക്കുന്നതിന് ശ്രമിക്കണമെന്നും, കുടിയേറ്റ പശ്ചാത്തലമുള്ള കുട്ടികൾക്ക് ഇറ്റാലിയൻ ഭാഷ പഠിക്കുന്നതിനുള്ള കൂടുതൽ സൗകര്യം നൽകണമെന്നും സേവ് ദി ചിൽഡ്രൻറെ വിദ്യാഭ്യാസകാര്യങ്ങൾക്കായുള്ള ഡയറക്ടർ ജോർജ്യ ദെ'എറീക്കോ ആവശ്യപ്പെട്ടു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 സെപ്റ്റംബർ 2025, 15:24