MAP

സങ്കീർത്തനങ്ങൾ സങ്ക൶ർത്തനങ്ങൾ&Բ;

സങ്കീർത്തനങ്ങൾക്ക് ഒരു ആമുഖം

സങ്കീർത്തനങ്ങളുടെ ആവിർഭാവം, ചരിത്രം, ഉള്ളടക്കം അവയുടെ രചന, ഉപയോഗം എന്ന് തുടങ്ങി, സങ്കീർത്തങ്ങളെ മനസ്സിലാക്കാൻ സഹായിക്കുന്ന ആമുഖചിന്തകൾ.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ശബ്ദരേഖ - സങ്കീർത്തനങ്ങൾക്ക് ഒരു ആമുഖം

സങ്കീർത്തനങ്ങൾ - പേരും അർത്ഥവും

വിവിധ ആശയങ്ങൾ കൈകാര്യം ചെയ്യുന്നതും, പ്രാർത്ഥന, സ്തുതി, വിലാപം തുടങ്ങി വിവിധങ്ങളായ വികാരവിചാരങ്ങൾ ഉൾക്കൊള്ളുന്നതുമായ നൂറ്റിയൻപത് ഹെബ്രായഗീതങ്ങൾ ചേർന്ന ഒരു സമാഹാരമാണ് സങ്കീർത്തങ്ങൾ. ദാവീദുൾപ്പെടെ വിവിധയാളുകളുടെയും ഇസ്രായേൽ സമൂഹത്തിന്റെയും മത, സാമൂഹ്യ ജീവിതസാഹചര്യങ്ങളിൽനിന്ന് പ്രേരിതമായ ഗീതങ്ങൾ എന്ന് വിശുദ്ധഗ്രന്ഥ വ്യാഖ്യാതാക്കൾ വിശേഷിപ്പിക്കുന്ന കീർത്തനങ്ങളാണ് ഇവയെന്ന് നമുക്ക് കാണാം. പഴയകാല ഇസ്രായേൽ ഉപയോഗിച്ചുപോന്നിരുന്ന ഹെബ്രായഭാഷയിലാണ് ഈ ഗീതങ്ങൾ രചിക്കപ്പെട്ടത്. സ്തുതിപ്പുകൾ എന്നർത്ഥം വരുന്ന "തെഹില്ലീം" (תהילים - Tehillim) എന്ന പദമാണ് സങ്കീർത്തനങ്ങളെ വിശേഷിപ്പിക്കാൻ ഹെബ്രായ ഭാഷയിൽ ഉപയോഗിക്കുന്നത്. എന്നാൽ, വാദ്യഗീതമെന്ന് അർത്ഥം വരുന്ന, "പ്സാൽമോസ്" (ψαλμός - Psalmos) എന്ന വാക്കാണ് ഗ്രീക്ക് ഭാഷയിൽ സങ്കീർത്തങ്ങളെ വിളിക്കാൻ ഉപയോഗിച്ചിരുന്നത്. ഇംഗ്ലീഷ് ഭാഷയിൽ സാംസ് (Psalms) എന്ന പേരിൽ ഇവയെ വിളിക്കാൻ കാരണവും ഗ്രീക്ക് ഭാഷയുടെ സ്വാധീനമാണ്. ഒരുകാലത്ത് സംഗീതോപകരണങ്ങളുടെ സഹായത്തോടെ ആലപിച്ചുപോന്നിരുന്ന ഈ ഗീതങ്ങൾ പിൽക്കാലത്ത് ഗാനാലാപനമോ വായനയോ ആയി പരിണമിച്ചുവെന്ന അർത്ഥത്തിൽ, ബൈബിൾ പശ്ചാത്തലത്തിൽ പൊതുവെ, സങ്കീർത്തങ്ങളെ "സ്തുതിഗീതങ്ങൾ" എന്ന് വിശേഷിപ്പിക്കാറുണ്ട്. ഈയൊരർത്ഥം ഹെബ്രായഭാഷയിലുള്ള തെഹില്ലീം എന്ന പേരിനോടും കൂടുതൽ കൂറുപുലർത്തുന്നതാണ് എന്ന് നമുക്ക് കാണാം. ദൈവം തന്റെ ജനമായി പ്രത്യേകം തിരഞ്ഞെടുത്ത ഇസ്രായേൽ ജനത്തിന്റെ ചരിത്രവും ജീവിതവുമായി ബന്ധപ്പെട്ട ഗീതങ്ങളാണിവ.

സങ്കീർത്തനങ്ങൾ രചനയും സമയവും

ദാവീദ് രാജാവാണ് എല്ലാ സങ്കീർത്തനങ്ങളും രചിച്ചതെന്നാണ് പാരമ്പര്യമായി വിശ്വസിച്ചുപോന്നിരുന്നത്. എന്നാൽ എഴുപതിലേറെ സങ്കീർത്തനങ്ങൾ ദാവീദിന്റെ പേരിലാണ് അറിയപ്പെടുന്നതെങ്കിലും,  വിവിധ സങ്കീർത്തങ്ങളുടെ ഉള്ളടക്കവും ഘടനയും ഒക്കെ കണക്കിലെടുക്കുമ്പോൾ അവ പല വ്യക്തികളാലോ സമൂഹത്താലോ വിവിധ കാലഘട്ടങ്ങളിൽ രചിക്കപ്പെട്ടതാണെന്ന അനുമാനത്തിലേക്ക് നമുക്കെത്താനാകും. ദാവീദിനെക്കൂടാതെ, അസാഫ്, കോറഹിന്റെ പുത്രന്മാർ എന്നിവർ തുടങ്ങി, ഹേമാൻ, ദാഥാൻ, മോശ, സോളമൻ തുടങ്ങിയ പേരുകൾ വരെ സങ്കീർത്തനങ്ങളുടെ രചനയുമായി ബന്ധപ്പെട്ട് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട് എന്ന് നമുക്ക് കാണാം. ഇങ്ങനെയൊക്കെയാണെങ്കിലും ദാവീദ് രാജാവിന്റെ വ്യക്തിത്വത്തിന് സങ്കീർത്തനങ്ങളുടെ രചനയിൽ ഏറെ സ്വാധീനമുണ്ടായിരുന്നുവെന്നതിൽ സംശയമൊന്നുമില്ല. ക്രൈസ്തവപരമ്പര്യത്തിന് മുൻപുള്ള ഹീബ്രു ബൈബിൾ വ്യഖ്യാതാക്കളാണ് സങ്കീർത്തനങ്ങൾക്ക് ശീർഷകങ്ങൾ നൽകിയതും, അവയെ ഓരോ വ്യക്തികളുടെ പേരിലാക്കിയതും എന്നാണ് ബൈബിൾ പണ്ഡിതന്മാർ രേഖപ്പെടുത്തുന്നത്. സങ്കീർത്തനങ്ങളുടെ രാഗം, ഗീതം പോലെയുള്ള സംഗീതാത്മകപ്രത്യേകതകളിൽ പലതും അന്യം നിന്നുപോയവയാണെന്നും നമുക്ക് കാണാം.

സങ്കീർത്തനങ്ങൾ എഴുതപ്പെട്ടതെന്നാണെന്ന് വ്യക്തമാക്കുന്ന തെളിവുകളൊന്നും ബൈബിൾ വ്യാഖ്യാതാക്കൾക്ക് മുന്നിലില്ല. ഉള്ളടക്കവും ഘടനയുമൊക്കെ കണക്കിലെടുത്ത് ചില സങ്കീർത്തനങ്ങൾ പ്രവാസകാലത്തിന് മുൻപ്, അതായത്, ബി.സി. 587-ന് മുൻപ് രചിക്കപ്പെട്ടവയെന്നും, മറ്റു ചിലവ പ്രവാസകാലത്തിന് ശേഷം, അതായത്, ബി.സി. 539-ന് ശേഷം രചിക്കപ്പെട്ടവയെന്നും കരുതപ്പെടുന്നു. എന്നാൽ മക്കബായക്കാരുടെ സമയത്തിന് മുൻപായാണ്, അതായത്, ബി.സി. 165-ന് മുൻപുതന്നെ സങ്കീർത്തനങ്ങൾ എല്ലാം രചിക്കപ്പെട്ടിരുന്നുവെന്നാണ് ബൈബിൾ വ്യാഖ്യാതാക്കൾ സൂചിപ്പിക്കുന്നത്.

പ്രത്യേകമായ ദൈവസ്‌തുതിയുടേതായ വാക്കുകളാൽ വേർതിരിക്കപ്പെടുന്ന അഞ്ചു ഗണങ്ങളായാണ് സങ്കീർത്തങ്ങളെ വിഭജിക്കുന്നത് (1-41, 42-72, 73-89, 90-106, 107-150).

സങ്കീർത്തനങ്ങളുടെ രചനയും ഉള്ളടക്കവും അടിസ്ഥാനമാക്കി രണ്ട് പ്രത്യേകതകൾ നമുക്ക് കാണാം. ഒന്നാമതായി അവയിൽ ഭൂരിഭാഗവും ദൈവാരാധനയ്ക്കായി എഴുതപ്പെട്ടവയാണ് എന്നതാണ്. "കർത്താവിന് കൃതജ്ഞത അർപ്പിക്കുവിൻ", "ഇസ്രായേൽ പറയട്ടെ", "അഹറോൻറെ ഭവനം പറയട്ടെ", "കർത്താവിന്റെ ഭക്തന്മാർ പറയട്ടെ" (സങ്കീ. 118, 1-4) തുടങ്ങി, ആരാധന നയിക്കുന്നവർ ദൈവജനത്തിന് നൽകുന്ന നിർദ്ദേശവചനങ്ങളിലൂടെ ഇത് നമുക്ക് വ്യക്തമാകുന്നുണ്ട്. രണ്ടാമതായി സങ്കീർത്തനങ്ങളിൽ പലതിലും നാം കാണുന്ന അക്ഷരമാലാക്രമത്തിലുള്ള രചനപോലെയുള്ള (സങ്കീ. 37; 111; 112) പ്രത്യേക ആലങ്കാരിക രചനാരീതികളും സമാന്തരചിത്രങ്ങളുടെ ഉപയോഗം പോലെയുള്ള സാഹിത്യരൂപങ്ങളുമാണ്.

വിവിധ തരം സങ്കീർത്തനങ്ങൾ

പ്രാർത്ഥനയുടെ ഒരു സ്‌കൂളാണ് സങ്കീർത്തനങ്ങൾ എന്ന് അദ്ധ്യാത്മികപിതാക്കന്മാരും ബൈബിൾ വ്യാഖ്യാതാക്കളും പറയാറുണ്ട്. പ്രാർത്ഥനയുടെയും സ്തുതിയുടെയും നൊമ്പരത്തിന്റെയും ഒക്കെ വികാരങ്ങൾ ഉയർത്തുന്ന വിവിധ മാതൃകകൾ നൽകുക മാത്രമല്ല, നമ്മുടെ വികാരവിചാരങ്ങളെയും ഉൾവിളികളെയും ദൈവത്തിന് മുന്നിൽ പ്രാർത്ഥനയുടെ സ്വരത്തിൽ ഉയർത്താൻ അവ നമ്മെ പ്രചോദിപ്പിക്കുന്നുണ്ട്. വളരെ വ്യക്തവും കൃത്യവുമായ രീതിയിലല്ലെങ്കിലും, ഉള്ളടക്കത്തിന്റെയും അവതരണരൂപത്തിന്റെയും ശൈലിയുടേയുമൊക്കെ അടിസ്ഥാനത്തിൽ സങ്കീർത്തനങ്ങളെ വ്യത്യസ്ഥ ഗണങ്ങളായി തിരിക്കാറുണ്ട്.

യഹൂദർ അർപ്പിച്ചിരുന്ന ബലികളും ആരാധനയും തീർത്ഥാടനവുമായും ബന്ധപ്പെട്ട "സ്തുതിഗീതങ്ങൾ" എന്ന പേരിൽ അറിയപ്പെടുന്നവയാണ് ഇവയിൽ പ്രധാനപ്പെട്ട ഒരു ഗണം. ദൈവത്തെ സ്തുതിക്കാൻ ജനങ്ങളെയും ദേശങ്ങളെയും ആഹ്വാനം ചെയ്തുകൊണ്ടാണ് പൊതുവെ ഇത്തരത്തിലുള്ള ഗീതങ്ങൾ ആരംഭിക്കുന്നതുതന്നെ. രക്ഷാകരചരിത്രവും, ദൈവവിഷ്കാരവും പ്രകൃതിയിൽ ദൈവത്തിന്റെ പ്രവൃത്തികളിലെ മഹത്വവും അവന്റെ ഔന്ന്യത്യവും ജനങ്ങളെ അനുസ്മരിപ്പിച്ചുകൊണ്ടാണ് അവന് സ്തുതി പാടാൻ ഈ സങ്കീർത്തനങ്ങൾ ഏവരെയും ആഹ്വാനം ചെയ്യുന്നത് (സങ്കീ. 8, 19, 29, 33 തുടങ്ങിയവ). ഇസ്രായേൽ ജനത്തിന്റെ രാജസങ്കല്പം, രാജകീയ സ്ഥാനാരോഹണച്ചടങ്ങുകൾ തുടങ്ങിയ ഉൾപ്പെടുന്നതും രാജകീയ കീർത്തനങ്ങൾ എന്നറിയപ്പെടുന്നതുമായ സങ്കീർത്തനങ്ങളെയും സ്തുതിഗീതങ്ങളുടെ ഗണത്തിലാണ് ബൈബിൾ വ്യാഖ്യാതാക്കൾ പൊതുവെ ഉൾപ്പെടുത്തുന്നത്.

തങ്ങൾ നേരിടുന്ന ദുരിതങ്ങൾക്കും, ആക്രമണങ്ങൾക്കും മുന്നിലോ, പാപകരമായ ജീവിതാവസ്ഥയിലോ ഒരു വിശ്വാസിയോ (സങ്കീ.3, 6-7), ഇസ്രായേൽ ജനം പൊതുവിലോ (സങ്കീ. 44, 74, 79) ഉയർത്തുന്ന വിലാപവും സഹായാഭ്യർത്ഥനയുമൊക്കെ ഉൾക്കൊള്ളുന്ന സങ്കീർത്തനങ്ങളെ പൊതുവെ "വിലപകീർത്തനങ്ങൾ" എന്ന ഗണത്തിലാണ് ഉൾപ്പെടുത്തുന്നത്. ഒരു വിലാപത്തിന്റെ ശൈലിയിലാണ് ഇവ ആരംഭിക്കുന്നതെങ്കിലും പലപ്പോഴും ദൈവത്തിലുള്ള വിശ്വാസം ഏറ്റുപറഞ്ഞുകൊണ്ട്, പ്രത്യാശയുടെയും ശരണത്തിന്റെയും വിചാരങ്ങൾ പങ്കുവച്ചുകൊണ്ടാണ് (സങ്കീ. 7) അവ വളർന്നുവരുന്നത്.

തങ്ങൾക്ക് ലഭിച്ച അനുഗ്രഹങ്ങൾക്കും വിടുതലിന്റെ അനുഭവങ്ങൾക്കും മുന്നിൽ ദൈവത്തിന് നന്ദിയേകുന്ന "കൃതജ്ഞതാഗീതങ്ങൾ" മറ്റൊരു സങ്കീർത്തനഗണമാണ് (18, 21, 30 തുടങ്ങിയവ). പ്രത്യേകിച്ച് യുദ്ധം, ക്ഷാമം, രോഗാവസ്ഥ തുടങ്ങിയ വിപത്തുകളിൽനിന്ന് ദൈവമേകിയ വിടുതലിന് ദേവാലയത്തിലെത്തി നന്ദി പറയുന്ന വിശ്വാസിസമൂഹത്തെയാണ് ഇത്തരം സങ്കീർത്തനങ്ങൾ പ്രതിനിധാനം ചെയ്യുന്നത്.

ദൈവത്തിന്റെ സാന്നിദ്ധ്യമുള്ള സീയോൻ നഗരത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന "സീയോൻ കീർത്തനങ്ങൾ", നിയമപരമായ കാര്യങ്ങളും ഉദ്ബോധനങ്ങളും പകരുന്ന "നിയമ-ജ്ഞാനകീർത്തനങ്ങൾ", ഇസ്രായേൽ ജനതയുടെ ചരിത്രപരമായ ബോധമുണർത്തുന്ന "ചരിത്രപരമായ കീർത്തനങ്ങൾ", "പ്രവാചകകീർത്തനങ്ങൾ" തുടങ്ങി വിവിധ സങ്കീർത്തനഗണങ്ങൾ നമുക്ക് വിശുദ്ധഗ്രന്ഥത്തിൽ കാണാനാകും. ദൈവവും ഇസ്രായേൽ ജനവും തമ്മിലുള്ള ബന്ധത്തിന്റെ ആഴവും സ്വഭാവവും മറ്റു പല പഴയനിയമഗ്രന്ഥങ്ങളും പോലെ സങ്കീർത്തനങ്ങളും വിവിധ ആശയങ്ങളിലൂടെയും ശൈലികളിലൂടെയും രൂപങ്ങളിലൂടെയും നമുക്ക് വ്യക്തമാക്കിത്തരുന്നുണ്ട്.

ഉപസംഹാരം

ദൈവം തിരഞ്ഞെടുത്ത ഇസ്രായേൽ ജനത്തിന്റെ ജീവിതാനുഭവങ്ങളുടെയും വിശ്വാസത്തിന്റെയും അടിസ്ഥാനത്തിൽ ദാവീദ് തുടങ്ങി വിവിധ വ്യക്തികളാൽ രചിക്കപ്പെട്ട സങ്കീർത്തനങ്ങളെക്കുറിച്ചുള്ള വിചിന്തനത്തിലൂടെ കടന്നുപോകുമ്പോൾ, ഏതൊരു വ്യക്തിക്കും സ്വജീവിതത്തിൽ കണ്ടെത്താനാകുന്ന ചില അനുഭവങ്ങളിലൂടെയും ചിന്തകളിലൂടെയുമാണ് സങ്കീർത്തനവരികൾ നമ്മെ കൊണ്ടുപോകുന്നതെന്ന് നമുക്ക് വ്യക്തമാകുന്നുണ്ട്. അതുകൊണ്ടുതന്നെ പ്രാർത്ഥനയുടെ വിവിധ തലങ്ങളിലൂടെ നമ്മെ നയിക്കുന്ന സങ്കീർത്തനങ്ങൾ ഏതൊരു വിശ്വസിക്കും അദ്ധ്യാത്മികജീവിതത്തിൽ സഹായിയും വഴികാട്ടിയും ഉദ്ബോധനമേകുന്നവയുമാണ് എന്നതിൽ സംശയമില്ല. ജീവിതത്തിന്റെ ബുദ്ധിമുട്ടേറിയ നിമിഷങ്ങളിൽ, ദൈവത്തിൽ ആഴമായി ശരണപ്പെടാനും, നമ്മുടെ ജീവിതത്തിലും വിശ്വാസിസമൂഹത്തിലും അവനേകിയ അനുഗ്രഹങ്ങൾക്ക് നന്ദിയും കൃതജ്ഞതയും അർപ്പിക്കാനും, ലോകത്തിനും സകലജനതകൾക്കും മുന്നിൽ അവന് സാക്ഷ്യമേകാനും അവന്റെ നാമം പ്രഘോഷിക്കാനും, അതിലുപരി കൂടുതൽ ആഴമായി വിശ്വാസത്തിലും പ്രാർത്ഥനയിലും വളരാനും സങ്കീർത്തനവിചിന്തനങ്ങൾ നമ്മെ സഹായിക്കട്ടെ. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 സെപ്റ്റംബർ 2025, 16:01