MAP

ശുദ്ധജലലഭ്യതയും മനുഷ്യാവകാശം ശുദ്ധജലലഭ്യതയും മനുഷ്യാവകാശം 

“ജലവാരം 2025”: ലോകത്ത് നാലിലൊന്ന് പേർക്കും സുരക്ഷിതമായ കുടിവെള്ളം ലഭ്യമാകുന്നില്ലെന്ന് യൂണിസെഫും ലോകാരോഗ്യസംഘടനയും

ഓഗസ്റ്റ് 24 മുതൽ 28 വരെ തീയതികളിലായി ആചരിക്കപ്പെടുന്ന ജലവാരം 2025-ന്റെ പശ്ചാത്തലത്തിൽ ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധിയും ലോകാരോഗ്യസംഘടനയും ചേർന്ന് പുതിയൊരു റിപ്പോർട്ട് പുറത്തുവിട്ടു. ലോകത്ത് നാലിലൊന്ന് പേർക്ക് സുരക്ഷിതമായ കുടിവെള്ളം ലഭ്യമാകുന്നില്ലെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഏതാണ്ട് 210 കോടി ജനങ്ങൾക്കാണ് ശുദ്ധജലം ലഭിക്കാത്തത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ലോകജനസംഖ്യയുടെ നാലിലൊന്ന് പേർക്കും സുരക്ഷിതമായ കുടിവെള്ളം ലഭ്യമാകുന്നില്ലെന്ന് ഐക്യരാഷ്ട്രസഭാസംഘടനകകളായ ശിശുക്ഷേമനിധിയും ലോകാരോഗ്യസംഘടനയും. ഓഗസ്റ്റ് 26-ന് പുറത്തുവിട്ട പുതിയൊരു റിപ്പോർട്ടിലൂടെയാണ് ലോകത്ത് ഏതാണ്ട് 210 കോടി ജനങ്ങൾക്ക് ശുദ്ധജലം ലഭ്യമാകുന്നില്ലെന്ന കാര്യം സംഘടനകൾ വ്യക്തമാക്കിയത്. ഇവരിൽത്തന്നെ പത്ത് കോടിയിലധികം ജനങ്ങൾ സംസ്കരിക്കാത്ത ഉപരിതല സ്രോതസ്സുകളിൽനിന്നുള്ള ജലമാണ് കുടിക്കുന്നത്.

ലോകത്ത് ഏതാണ്ട് 340 കോടിയോളം പേർക്ക് ടോയ്‌ലറ്റുൾപ്പെടെയുള്ള അടിസ്ഥാനശുചിത്വസൗകര്യങ്ങൾ ലഭ്യമല്ലെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഏതാണ്ട് 170 കോടി ആളുകൾക്ക് സ്വഭവനങ്ങളിൽ ജലവിതരണസംവിധാനം ഇല്ലെന്നും റിപ്പോർട്ടിലൂടെ യൂണിസെഫും ലോകാരോഗ്യസംഘടനയും അറിയിച്ചു.

"വീടുകളിൽ സുരക്ഷിത കുടിവെള്ളവും ശുചിത്വസൗകര്യങ്ങളും ലഭ്യമാക്കുന്നതിലെ പുരോഗതി 2000-2024, അസമത്വങ്ങൾ" എന്ന പേരിൽ പുറത്തിറക്കിയിട്ടുള്ള സംയുക്ത റിപ്പോർട്ട് ഓഗസ്റ്റ് 24 മുതൽ 28 വരെ തീയതികളിൽ 2025-ലെ ജലവാരം ആചരിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഐക്യരാഷ്ട്രസഭാസംഘടനകൾ പുറത്തിറക്കിയിരിക്കുന്നത്. മുൻപത്തെ അവസ്ഥയിൽനിന്ന് പുരോഗതിയുണ്ടായിട്ടുണ്ടെങ്കിലും ഇനിയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അസമത്വങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് സംഘടനകളുടെ പഠനം വ്യക്തമാക്കി.

ശുദ്ധജലലഭ്യതയും ശുചിത്വസൗകര്യങ്ങളും ആരുടെയും ഔദാര്യമല്ലെന്നും അത് അടിസ്ഥാന മനുഷ്യാവകാശമാണെന്നും ലോകാരോഗ്യസംഘടനയിലെ, പ്രകൃതിയും കാലാവസ്ഥാവ്യതിയാനവും ആരോഗ്യവും എന്ന വിഭാഗത്തിന്റെ താത്കാലിക ചുമതലയുള്ള ഡയറക്ടർ ഡോ. റ്യൂഡിഗർ ക്രെച്ച് പ്രസ്താവിച്ചു.  സുസ്ഥിരവികസനമെന്ന നമ്മുടെ ലക്‌ഷ്യം സാധ്യമാകണമെങ്കിൽ, മാറ്റിനിറുത്തപ്പെട്ടിരിക്കുന്ന സമൂഹങ്ങൾക്ക് പ്രത്യേകം പ്രാധാന്യം നൽകിക്കൊണ്ട് ഇത്തരുണത്തിൽ പ്രവർത്തിക്കേണ്ടതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കുട്ടികൾക്ക് ശുദ്ധമായ കുടിവെള്ളവും ശുചിത്വസൗകര്യങ്ങളും ലഭ്യമാകുന്നില്ലെങ്കിൽ അവരുടെ ആരോഗ്യവും വിദ്യാഭ്യാസവും ഭാവിയും അപകടത്തിലാണെന്ന് യൂണിസെഫിന്റെ ജലത്തിനും ശുചിത്വസൗകര്യങ്ങൾക്കും വേണ്ടിയുള്ള വിഭാഗത്തിന്റെ ഡയറക്ടർ ചെചിലിയ ഷാർപ് പ്രസ്താവിച്ചു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 ഓഗസ്റ്റ് 2025, 14:18