MAP

സുഡാനിൽനിന്നുള്ള ഒരു ഫയൽ ചിത്രം സുഡാനിൽനിന്നുള്ള ഒരു ഫയൽ ചിത്രം  (AFP or licensors)

സുഡാനിലെ ഉപരോധത്തിന്റെ അഞ്ഞൂറ് ദിനങ്ങൾ: അൽ ഫാഷറിലുള്ള കുട്ടികൾ കടുത്ത പട്ടിണിയും പീഡനങ്ങളും നേരിടുന്നുവെന്ന് യൂണിസെഫ്

സായുധസംഘർഷങ്ങൾ തുടരുന്ന സുഡാനിൽ കുട്ടികളുൾപ്പെടെ ലക്ഷക്കണക്കിനാളുകൾ കടുത്ത പട്ടിണിക്കും, കൂട്ട കുടിയൊഴിപ്പിക്കലിനും ദുരിതങ്ങൾക്കും ഇരകളാകുന്നുവെന്ന് യൂണിസെഫ്. 2024 ഏപ്രിലിൽ ആരംഭിച്ച സംഘർഷങ്ങളിൽ അൽ ഫാഷർ ക്യാമ്പിൽ മാത്രം ആയിരത്തിൽപരം ക്രൂരപീഡനങ്ങൾ അരങ്ങേറി. ആരോഗ്യ-വിദ്യാഭ്യാസകേന്ദ്രങ്ങൾ തുടർച്ചയായി ആക്രമിക്കപ്പെട്ടു. പ്രദേശത്ത് കടുത്ത കോളറ ബാധ രേഖപ്പെടുത്തി. രാജ്യത്ത് ഒരു വർഷത്തിനുള്ളിൽ 2400 പേർ രോഗബാധമൂലം മരണമടഞ്ഞു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

സുഡാനിലെ വടക്കൻ ഡാർഫൂറിലുള്ള അൽ ഫാഷർ നഗരത്തിലെ ക്യാമ്പുകളിലുള്ള കുട്ടികൾ ഉൾപ്പെടെയുള്ളവർ കടുത്ത പട്ടിണിയും പീഡനങ്ങളുമാണ് നേരിടുന്നതെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. ഓഗസ്റ്റ് 27 ബുധനാഴ്ച പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെയാണ് സുഡാൻ ദ്രുതകർമ്മസേനയുടെ മേൽനോട്ടത്തിൽ കഴിഞ്ഞ അഞ്ഞൂറ് ദിവസങ്ങളായി തുടരുന്ന ഉപരോധത്തിന്റെ ഭാഗമായി, പ്രദേശത്തെ ജനങ്ങൾ കടന്നുപോകുന്ന ദുരിതാവസ്ഥയെക്കുറിച്ച് സംഘടന അറിയിച്ചത്.

അൽ ഫാഷറിലും സമീപപ്രദേശങ്ങളിലുമുള്ള ക്യാമ്പുകളിലെ ആറുലക്ഷത്തോളം പേരിൽ പകുതിയും കുട്ടികളാണെന്ന് അറിയിച്ച യൂണിസെഫ്, കഴിഞ്ഞ ഏതാനും മാസങ്ങളായി ഒരുലക്ഷത്തി മുപ്പതിനായിരം കുട്ടികളുൾപ്പെടെ രണ്ടുലക്ഷത്തി അറുപതിനായിരത്തോളം പേർ അതികഠിനമായ ദുരിതാവസ്ഥയിലാണ് ജീവിക്കുന്നതെന്ന് വ്യക്തമാക്കി. 2024 ഏപ്രിൽ മുതൽ അൽ ഫാഷറിൽ മാത്രം ആയിരത്തിഒരുന്നൂറിൽപ്പരം കടുത്ത പീഡനങ്ങളാണ് സ്ഥിരീകരിക്കപ്പെട്ടത്. ആയിരത്തിലധികം കുട്ടികൾ കൊല്ലപ്പെടുകയോ അംഗഭാഗത്തിന് ഇരകളാകുകയോ ചെയ്തുവെന്നും ശിശുക്ഷേമനിധി അറിയിച്ചു.

ഭീകരമായ ഒരു ദുരിതാവസ്ഥയാണ് സുഡാനിൽ നാം കണ്ടുകൊണ്ടിരിക്കുന്നതെന്ന് അഭിപ്രായപ്പെട്ട യൂണിസെഫ് ഡയറക്ടർ ജനറൽ കാതറിൻ റസ്സൽ, ശിശുക്ഷേമനിധി പ്രദേശത്തുള്ള കുട്ടികൾക്കായി എത്തിക്കാൻ പരിശ്രമിക്കുന്ന ജീവൻരക്ഷാഭക്ഷണമുൾപ്പെടെയുള്ള വസ്തുക്കൾ ഇപ്പോഴും തടഞ്ഞുവയ്ക്കപ്പെട്ടിരിക്കുകയാണെന്ന് ആരോപിച്ചു. മാനവികസഹായമെത്തിക്കാനുള്ള ശ്രമങ്ങൾ തടയുന്നത് കുട്ടികളുടെ അവകാശങ്ങൾക്ക് എതിരാണെന്നും, അവരുടെ ജീവനാണ് പന്താടപ്പെടുന്നതെന്നും യൂണിസെഫ് അദ്ധ്യക്ഷ അപലപിച്ചു.

രാജ്യത്തെ ആരോഗ്യപരിപാലനകേന്ദ്രങ്ങളും സ്‌കൂളുകളും തുടർച്ചയായി ആക്രമിക്കപ്പെടുകയാണെന്ന് അറിയിച്ച യൂണിസെഫ്, ഏതാണ്ട് മുപ്പത്തിയഞ്ച് ആശുപത്രികളും ആറ് സ്‌കൂളുകളും അടുത്ത നാളുകളിൽ ആക്രമിക്കപ്പെട്ടുവെന്ന് വിശദീകരിച്ചു.

കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി സുഡാൻ കണ്ടതിൽ ഏറ്റവും മോശമായ രീതിയിലുള്ള കോളറബാധ രാജ്യത്ത് പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണെന്ന് അറിയിച്ച ശിശുക്ഷേമനിധി, 2024 ജൂലൈ മുതൽ നാളിതുവരെ ഈ രോഗവുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി 96,000-ത്തിലധികം സംശയാസ്പദമായ കേസുകളും 2,400 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് വിശദീകരിച്ചു. ഇതിൽ ഡാർഫൂറിൽ മാത്രം 5,000-ത്തോളം കോളറ ബാധയും 98 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് സംഘടന വ്യക്തമാക്കി.

സംഘർഷഭരിതപ്രദേശങ്ങളിൽ മാനവികസഹായമെത്തിക്കാനായി അവസരമൊരുക്കണമെന്നും, അന്താരാഷ്ട്രനിയമമനുസരിച്ച് കുട്ടികളുൾപ്പെടുന്ന സാധാരണജനത്തിന്റെയും പൊതുമേഖലാസ്ഥാപനങ്ങളുടെയും സുരക്ഷ ഉറപ്പാക്കണമെന്നും യൂണിസെഫ് സുഡാൻ സർക്കാരിനോടും, രാജ്യത്ത് സംഘർഷങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന കക്ഷികളോടും ആവശ്യപ്പെട്ടു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 ഓഗസ്റ്റ് 2025, 14:36