ഉക്രെയ്നിലെ സംഘർഷം അവസാനിപ്പിക്കാൻ പുടിൻ-ട്രംപ് മുഖാമുഖ കൂടിക്കാഴ്ച മോസ്കോ പ്രഖ്യാപിച്ചു
പൗള സിമോണെത്തി, ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
ഉക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചയിൽ റഷ്യയും അമേരിക്കയും തമ്മിലുള്ള ഒരു കൂടിക്കാഴ്‌ചയ്‌ക്കു സാധ്യതയുണ്ടെന്ന് മോസ്‌കോ അറിയിച്ചു. യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ വച്ച് അടുത്തവാരം ഇരുപക്ഷങ്ങളെയും ചേർത്തുകൊണ്ടുള്ള ഒരു ചർച്ച ആലോചിച്ചിരുന്നുവെങ്കിലും, ഔദ്യോഗികമായി ഇതുവരെ തീരുമാനങ്ങൾ ആയിട്ടില്ല. സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള മൂർത്തമായ പരിഹാരങ്ങൾ കണ്ടെത്താനുള്ള ഏക മാർഗം ഇരുകൂട്ടരും തമ്മിലുള്ള കൂടിക്കാഴ്ച്ച മാത്രമാണെന്നുള്ളതാണ്, സെലിൻസ്കി മുൻപോട്ടു വയ്ക്കുന്ന ആശയം.
അമേരിക്കയുടെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് അടുത്തിടെ മോസ്കോയിലേക്ക് നടത്തിയ സന്ദർശനം റഷ്യയുടെ, അമേരിക്കയോടുള്ള തുറന്ന സമീപനത്തിന് കൂടുതൽ ഊർജ്ജം പകർന്നുവെന്നും, ഇത് യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സ്വീകാര്യമായ ഒരു വാഗ്ദാനത്തിന് കാരണമായതായും റിപ്പോർട്ടുണ്ട്. കൂടിക്കാഴ്‍ചയ്‍ക്കുള്ള അമേരിക്കയുടെ ക്ഷണത്തിനു ക്രെംലിൻ മറുപടി നൽകിയതോടെ, ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച റഷ്യയ്‌ക്കെതിരായ ഉപരോധങ്ങൾക്ക് താൽക്കാലികമായി വിരാമമിട്ടതായും റിപ്പോർട്ടുകൾ പറയുന്നുണ്ട്.
അതേസമയം, റഷ്യ ഉക്രൈനിൽ സൈനിക വിന്യാസത്തിൽ നിന്നും പിന്മാറിയിട്ടില്ല. 2022 അവസാനത്തോടെ റഷ്യൻ സൈന്യം പിൻവാങ്ങിയ, ഉക്രേനിയൻ നഗരമായ ഖേർസനിൽ, വീണ്ടും സൈനികരെ അണിനിരത്തിയിട്ടുണ്ടെന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഖേർസൺ ദ്വീപായ കൊറാബെലിനെ പ്രധാന ഭൂപ്രദേശവുമായി ബന്ധിപ്പിക്കുന്ന പാലം കഴിഞ്ഞ ഞായറാഴ്ച വ്യോമാക്രമണത്തിൽ തകർത്തിരുന്നു. ഏകദേശം 1800 ഓളം സാധാരണക്കാരെയാണ് കുടിയൊഴിപ്പിക്കേണ്ടതായി വന്നത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: