MAP

കീവിൽ നിന്നുള്ള കാഴ്ച്ച കീവിൽ നിന്നുള്ള കാഴ്ച്ച  (ANSA)

കീവിൽ ആക്രമണത്തിൽ നാല് കുട്ടികൾ കൊല്ലപ്പെട്ടു

ഉക്രൈനിലെ കീവിൽ നടന്ന ആക്രമണത്തിൽ നാല് കുട്ടികൾ കൊല്ലപ്പെടുകയും, പത്തോളം പേർക്ക് പരിക്കുകളേൽക്കുകയും ചെയ്തു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ഉക്രൈൻ തലസ്ഥാനമായ കീവിൽ , കഴിഞ്ഞ ദിവസം , റഷ്യ നടത്തിയ നടന്ന ആക്രമണത്തിൽ, നാല് കുട്ടികൾ ഉൾപ്പെടെ നിരവധിയാളുകൾ മരണപ്പെട്ടു. പരിക്കേറ്റവരിലും പത്തോളം കുട്ടികൾ ഉൾപ്പെട്ടതായി യൂണിസെഫ് സംഘടനയുടെ വാർത്താക്കുറിപ്പിൽ അറിയിച്ചു. മരണപ്പെട്ട കുട്ടികളിൽ ഒരു നവജാത ശിശുവും ഉൾപ്പെടുന്നതായും റിപ്പോർട്ടുകൾ ഉണ്ട്. സംഭവം നടന്നത്  പുലർച്ചെയായിരുന്നതിനാൽ ആർക്കും ഓടി മാറുവാൻ കഴിഞ്ഞില്ലെന്നും, കുട്ടികൾ നിദ്രയിലായിരുന്നുവെന്നും വാർത്താകുറിപ്പിൽ പറയുന്നു.

തലസ്ഥാനത്തെ ഡാർണിറ്റ്‌സ്‌കി പ്രാന്തപ്രദേശത്തു, ചിതറിക്കിടക്കുന്ന കുട്ടികളുടെ അവശിഷ്ടങ്ങൾ, വസ്ത്രങ്ങൾ, കളിപ്പാട്ടങ്ങൾ, ഷൂസുകൾ എന്നിവ ഹൃദയഭേദകമായ കാഴ്ചയാണെന്നും കുറിപ്പിൽ അടിവരയിടുന്നു. പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് ഒരു വാരം മാത്രം അവശേഷിക്കെയാണ് ദാരുണമായ ഈ സംഭവം ഉണ്ടായിരിക്കുന്നത്. എന്തും എവിടെയും സംഭവിക്കാം എന്ന സാഹചര്യത്തിൽ, കുട്ടികൾ ഭയപ്പാടോടെയാണ് കഴിയുന്നതെന്നും, ഇത് അവരിൽ കടുത്ത മാനസിക സംഘർഷങ്ങൾ  ഉണ്ടാക്കുമെന്നും റിപ്പോർട്ടിൽ എടുത്തു പറയുന്നു.

ഇരകളുടെയും ദുരിതമനുഭവിക്കുന്നവരുടെയും കുടുംബങ്ങൾക്ക് അനുശോചനകൾ അറിയിച്ച യൂണിസെഫ് സംഘടന, ഒരിക്കൽ കൂടി വെടിനിർത്തലിനും സമാധാനത്തിനുമുളള ആഹ്വാനവും നൽകുന്നു. ജനസാന്ദ്രതയുള്ള പ്രദേശങ്ങൾക്ക് നേരെയുള്ള സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കണം, കുട്ടികളുടെ ജീവൻ സംരക്ഷിക്കണം എന്നുള്ള ആവശ്യങ്ങളും സംഘടന മുൻപോട്ടു വയ്ക്കുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 ഓഗസ്റ്റ് 2025, 12:23