സുഡാനിൽ സമാധാനം അകലെയാക്കി സമാന്തരസർക്കാരുകൾ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
സുഡാനിലെ സായുധ സൈന്യം (Sudan Armed Forces SAF) രണ്ടു മാസങ്ങൾക്ക് മുൻപ് സുഡാൻ തലസ്ഥാനമായ ഖർത്തുമിന്റെ നിയന്ത്രണം ഏറ്റെടുത്തുവെങ്കിലും, രാജ്യത്തിന്റെ ഭരണം ഏറ്റെടുക്കുകയെന്ന ലക്ഷ്യത്തോടെ രാജ്യത്തെ ദ്രുതകർമ്മസേന (Rapid Support Forces RSF) സമാന്തരസർക്കാർ നിർമ്മിക്കാനുള്ള തയ്യാറെടുപ്പുകളുമായി മുന്നോട്ട് പോകുന്നത് രാജ്യത്തെ ആഭ്യന്തരയുദ്ധം അവസാനിക്കുന്നത് വൈകിക്കുമെന്ന് ഓഗസ്റ്റ് 29-ന് പുറത്തുവിട്ട ഒരു അറിയിപ്പിലൂടെ ഫീദെസ് വാർത്താ ഏജൻസി വ്യക്തമാക്കി.
സുഡാൻ ദ്രുതകർമ്മസേനയിൽനിന്ന് സുഡാനിലെ സായുധ സൈന്യം തലസ്ഥാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതിനെത്തുടർന്ന്, കഴിഞ്ഞ ദിവസം ഖർത്തൂമിൽ (Khartoum) ഒത്തുചേർന്ന താത്കാലിക സർക്കാർ, രാജ്യത്തിന്റെ യുദ്ധാനന്തര പുനർനിർമ്മാണം, സാമ്പത്തികസ്ഥിതി സുരക്ഷാ എന്നിവയുടെ മെച്ചപ്പെടുത്തൽ, കുടിയിറക്കപ്പെട്ട പൗരന്മാരെ തിരിച്ചുകൊണ്ടുവരൽ തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്തുവരുന്നതിനിടെയാണ്, ജനറൽ മുഹമ്മദ് ഹംദാൻ ദാഗലോയുടെ (Mohamed Hamdan Dagalo) കീഴിലുള്ള ദ്രുതകർമ്മസേന സമാന്തരസർക്കാരുണ്ടാകാനുള്ള പദ്ധതിയുമായി മുന്നോട്ടുവന്നത്. ഇരുസൈന്യങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിൽ തകർന്ന ഖർത്തൂമിലേക്ക് രാജ്യത്തിന്റെ പ്രധാന ഓഫീസുകളും സ്ഥാപനങ്ങളും പോർട്ട് സുഡാനിൽനിന്ന് (Port Sudan) തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോവുകയാണെന്ന അറിയിപ്പാണ് ഖാർത്തൂമിലെ താത്കാലിക സർക്കാർ നൽകാൻ ശ്രമിച്ചതെന്ന് ഫീദെസ് വ്യക്തമാക്കി.
സായുധ സൈന്യത്തിൽ, ഇസ്ലാമിക് പ്രസ്ഥാനങ്ങളുമായും, മുൻ ഏകാധിപതി ഒമാർ അൽ ബഷീറിന്റെ ദേശീയ കോൺഗ്രസ് പാർട്ടിയുമായും ബന്ധമുണ്ടായിരുന്ന ചില ഉന്നതതല ഉദ്യോഗസ്ഥരെ, സൈന്യത്തിന്റെ ചുമതലയുള്ള ജനറൽ അൽ ബുർഹാൻ ഓഗസ്റ്റ് 18-ന് മാറ്റിയിരുന്നു. ഈജിപ്റ്റുമായും അമേരിക്കയുമായും മെച്ചപ്പെട്ട ബന്ധം സ്ഥാപിക്കാൻവേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇത്തരമൊരു തീരുമാനമെന്ന്, ഓഗസ്റ്റ് 15-ന് ആഫ്രിക്കയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായുള്ള പ്രെസിഡന്റ് ട്രംപിന്റെ പ്രത്യേക ഉപദേശകൻ മസാദ് ബൗലോസുമായി ജനറൽ അൽ ബുർഹാൻ നടത്തിയ കൂടിക്കാഴ്ചയെ പരാമർശിച്ചുകൊണ്ട് അന്താരാഷ്ട്രനിരീക്ഷകർ അഭിപ്രായപ്പെട്ടിരുന്നു.
ഇതിനിടെയാണ് സമാന്തരസർക്കാരുമായി ജനറൽ ദാഗലോ മുന്നോട്ടുവരുന്നത്. നിലവിലെ വിവരമനുസരിച്ച് ഓഗസ്റ്റ് 30-ന് സമാന്തരസർക്കാരിന്റെ പ്രസിഡന്റും ഉപദേശകസമിതിയും സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് അറിയാൻ സാധിക്കുന്നത്. സുഡാൻ ദ്രുതകർമ്മസേനയോട് ചേർന്ന് നിൽക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളും സായുധസംഘങ്ങളും ചേർന്ന, സുഡാൻ സ്ഥാപന സഖ്യമാണ് (Sudan Founding Alliance - TASIS) ഈ തീരുമാനത്തിന് പിന്നിൽ.
പരസ്പരം അംഗീകരിക്കാത്ത ഇരുസർക്കാരുകളുടെയും രൂപീകരണത്തോടെ രാജ്യത്തെ സഘർഷങ്ങൾ ഉടൻ അവസാനിക്കാനുള്ള സാധ്യതയാണ് ഇല്ലാതാകുന്നത്. രാജ്യത്ത് നിലവിലെ സംഘർഷങ്ങളുടെ കേന്ദ്രമായി എൽ-ഫാഷർ മാറിയെന്നും, ദ്രുതകർമ്മസേന നിയന്ത്രണം കൈയാളുന്ന ഇവിടെ ഒന്നേകാൽ ലക്ഷത്തിലധികം (1.30.000) കുട്ടികൾ ഉൾപ്പെടെ രണ്ടരലക്ഷത്തിലധികം (2.60.000) ആളുകളാണ് ദുരിതമനുഭവിക്കുന്നത്. പ്രദേശത്തുനിന്നുള്ള ആളുകൾ പുറത്തേക്ക് പോകാതിരിക്കാനായി രാജ്യത്തെ സായുധസേന നഗരത്തിന് ചുറ്റും മണലുപയോഗിച്ചുള്ള മതിൽ നിർമ്മിച്ചുകൊണ്ടിരിക്കുകയാണ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: