MAP

തെക്കൻ സുഡാനിൽനിന്നുള്ള ഒരു ദൃശ്യം തെക്കൻ സുഡാനിൽനിന്നുള്ള ഒരു ദൃശ്യം 

ഏതാണ്ട് ഒരു വർഷത്തിനുശേഷം സുഡാനിലെ കുട്ടികൾക്ക് ജീവൻരക്ഷാസഹായമെത്തിക്കാനായെന്ന് യൂണിസെഫ്

കഴിഞ്ഞ ഒക്ടോബറിന് ശേഷം ആദ്യമായി, സുഡാന്റെ ഉൾപ്രദേശങ്ങളിലേക്ക് കുട്ടികൾക്കായുള്ള ജീവൻരക്ഷാസഹായമെത്തിക്കാനായെന്ന് ഓഗസ്റ്റ് 27-ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി അറിയിച്ചു. തെക്കൻ കോർദോഫാനിലെ ദില്ലിങ്, കദുലി പ്രദേശങ്ങളിലെ ഏതാണ്ട് ഒന്നേകാൽ ലക്ഷത്തോളം പേർക്ക് ഉപകാരപ്രദമാകുന്ന സഹായങ്ങളാണ് യൂണിസെഫ് എത്തിച്ചത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

സുഡാനിൽ വിവിധ മാസങ്ങൾ നീണ്ട ഉപരോധത്തിന് ശേഷം കുട്ടികൾക്കുവേണ്ടിയുള്ള ജീവൻരക്ഷാസഹായമെത്തിക്കാനായെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ് അറിയിച്ചു. സുഡാനിലെ തെക്കൻ കോർദോഫാനിലെ ദില്ലിങ്, കദുലി പ്രദേശങ്ങളിലുള്ള ഏതാണ്ട് ഒരുലക്ഷത്തി ഇരുപതിനായിരത്തോളം ആളുകൾക്ക് നിലവിൽ എത്തിച്ച സഹായങ്ങൾ ഉപകാരപ്രദമാകുമെന്ന് സംഘടന അറിയിച്ചു. രാജ്യത്ത് തുടരുന്ന സംഘർഷങ്ങളാൽ കഴിഞ്ഞ ഒൻപതോളം മാസങ്ങളായി ഒറ്റപ്പെട്ടുകഴിഞ്ഞിരുന്ന ആയിരക്കണക്കിന് കുട്ടികളുടെയും കുടുംബങ്ങളുടെയും ജീവിതത്തിൽ ഈ സഹായങ്ങൾ പുതിയൊരു മാറ്റമാണ് കൊണ്ടുവരികയെന്ന് സംഘടന പ്രസ്താവിച്ചു.

2024 ഒക്ടോബറിന് ശേഷം ആദ്യമായാണ് യൂണിസെഫ് ഉൾപ്പെടെയുള്ള മാനവികസഹായസംഘടനകൾക്ക് ദില്ലിങിലേക്ക് ഇത്രമാത്രം സഹായങ്ങളുമായി എത്താനായത്. കുട്ടികൾ ദുരിതപൂർണ്ണമായ അവസ്ഥയിൽ കഴിയുന്ന കദുലി പ്രദേശത്തേക്ക് വാഹനവ്യൂഹം നീങ്ങിക്കൊണ്ടിരിക്കുകയാന്നെനും സംഘടന അറിയിച്ചു.

തെക്കൻ കോർദോഫാനിൽ മാത്രം ഏതാണ്ട് അറുപത്തിമൂവായിരത്തിലധികം കുട്ടികളാണ് കടുത്ത പോഷകാഹാരക്കുറവ് മൂലം ബുദ്ധിമുട്ടുന്നത്. ഇവരിൽ ഏതാണ്ട് പതിനായിരത്തിലധികം കുട്ടികൾ ഗുരുതരമായ അവസ്ഥയിലാണ് ജീവിക്കുന്നത്. ഇവിടെങ്ങളിലുള്ള കുട്ടികൾക്ക് ഏതാണ്ട് ആറുമാസത്തേക്ക് അത്യാവശ്യമുള്ള ഭക്ഷണവസ്തുക്കളാണ് യൂണിസെഫ് എത്തിച്ചിരിക്കുന്നത്. തങ്ങളുടെ സഹായത്തിന്റെ ഭാഗമായി ജല, ശുചിത്വസൗകര്യങ്ങളും എത്തിക്കുന്നുണ്ടെന്ന് ഈ ഐക്യരാഷ്ട്രസഭാസംഘടന അറിയിച്ചു.

സുഡാന്റെ വിവിധ ഭാഗങ്ങളിലെ സ്‌കൂളുകൾക്കും സമൂഹങ്ങൾക്കും നിലവിലെ സഹായം ഉപകാരപ്രദമാകുമെന്നും, നിലവിൽ ഈ പ്രദേശങ്ങളിലെ എഴുപത് ശതമാനത്തോളം ജല, ശുചിത്വപദ്ധതികൾ തകർക്കപ്പെട്ടിരിക്കുകയാണെന്നും യൂണിസെഫ് അറിയിച്ചു.

ഏറെ നാളുകളായി പട്ടിണിയിലും ഭീതിയിലും അനിശ്ചിതാവസ്ഥയിലും കഴിഞ്ഞുവന്നിരുന്ന തെക്കൻ കോർദോഫാനിലെ കുട്ടികൾക്ക് സുരക്ഷയുടെ അടയാളമാണ് തങ്ങളുടെ സഹായമെന്ന് സുഡാനിലേക്കുള്ള യൂണിസെഫ് പ്രതിനിധി ഷെൽഡൺ യെറ്റ് അവകാശപ്പെട്ടു. സഹായം ഏറെ ആവശ്യമുള്ള കുട്ടികൾക്ക് ഇതുപോലെയുള്ള മാനവികസഹായമെത്തിക്കുന്നതിലൂടെ സമൂർത്തമായ സഹായവും പ്രത്യാശയും നൽകാനാകുമെന്നതിന്റെ തെളിവാണിതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

സുഡാനിൽ സുരക്ഷിതമായി മാനവികസഹായമെത്തിക്കുന്നതിനുവേണ്ട സഹായമൊരുക്കണമെന്ന് സർക്കാരിനോടും സംഘർഷങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ കക്ഷികളോടും യൂണിസെഫ് ആവശ്യപ്പെട്ടു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 ഓഗസ്റ്റ് 2025, 14:26