MAP

സങ്കീർത്തനചിന്തകൾ - 126 സങ്കീർത്തനചിന്തകൾ - 126 

വിശ്വാസികളിൽ ഐശ്വര്യവും അനുഗ്രഹങ്ങളും നിറയ്ക്കുന്ന ഇസ്രയേലിന്റെ ദൈവം

വചനവീഥി: നൂറ്റിയിരുപത്തിയാറാം സങ്കീർത്തനം - ധ്യാനാത്മകമായ ഒരു വായന.
ശബ്ദരേഖ - വിശ്വാസികളിൽ ഐശ്വര്യവും അനുഗ്രഹങ്ങളും നിറയ്ക്കുന്ന ഇസ്രയേലിന്റെ ദൈവം

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

പ്രവാസനന്തരകാലം വിരചിതമായതെന്ന് കരുതപ്പെടുന്ന നൂറ്റിയിരുപത്തിയാറാം സങ്കീർത്തനം, അതിന്റെ തലക്കെട്ട് സൂചിപ്പിക്കുന്നതുപോലെ, "ആരോഹണഗീതം" എന്ന ഗണത്തിൽപ്പെടുന്നതും, വിശുദ്ധനഗരമായ ജെറുസലേമിലേത്ത് നടത്തിയിരുന്ന തീർത്ഥാടനവേളയിൽ ഇസ്രായേൽക്കാർ ആലപിച്ചിരുന്ന നൂറ്റിയിരുപതുമുതൽ നൂറ്റിമുപ്പത്തിനാല് വരെയുള്ള പതിനഞ്ച് കീർത്തനങ്ങളിൽ ഏഴാമത്തേതുമാണ്. ബാബിലോണിൽനിന്നുള്ള മടക്കത്തിലും സീയോനിലേക്കുള്ള തിരികെവരവിലും കർത്താവ് തങ്ങൾക്കായി ചെയ്ത വൻകാര്യങ്ങളിലും ദൈവജനം ഏറെ ആഹ്ളാദിക്കുന്നു (സങ്കീ. 126, 1-3) എങ്കിലും ഇനിയും തങ്ങളുടെ ഐശ്വര്യം പൂർണ്ണമായി പുനഃസ്ഥാപിക്കപ്പെട്ടിട്ടില്ലെന്ന് തിരിച്ചറിയുന്ന അവർ, തങ്ങൾക്ക് കൂടുതലായി അനുഗ്രഹങ്ങളും ഐശ്വര്യങ്ങളും നൽകണമേയെന്ന പ്രാർത്ഥനയും ആഗ്രഹവും ദൈവത്തിന് മുന്നിൽ വയ്ക്കുന്നുണ്ട് (സങ്കീ. 126, 4). തന്റെ ജനത്തിന്റെ അദ്ധ്വാനത്തിന് ദൈവം വിലകൽപ്പിക്കുമെന്നും, അവർക്ക് അർഹിക്കുന്ന പ്രതിഫലം നൽകുമെന്ന പ്രത്യാശയുടെയും വാഗ്ദാനത്തിന്റെയും സ്വഭാവമുള്ളതും എൺപത്തിയഞ്ചാം സങ്കീർത്തനത്തിനോട് സാമ്യമുള്ളതുമായ വാക്യങ്ങളാണ് സങ്കീർത്തനത്തിന്റെ അവസാനഭാഗത്ത് നാം കാണുന്നത് (സങ്കീ. 126, 5-6).

അടിമത്തവും സ്വാതന്ത്ര്യവും

അടിമത്തത്തിന്റെ ബാബിലോൺ കാലം അവസാനിച്ച് സ്വാതന്ത്ര്യത്തിന്റെ സീയോനിലേക്ക് തിരികെയെത്തിയ ഇസ്രായേൽ ജനതയുടെ വികാരവിചാരങ്ങളെ ഉൾക്കൊള്ളുന്നവയാണ് സങ്കീർത്തനത്തിന്റെ ആദ്യ മൂന്ന് വാക്യങ്ങൾ. പ്രവാസകാലം എത്രമാത്രം നിരാശാജനകമായിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് ഇതിലെ ഒന്നാം വാക്യം: "കർത്താവ് പ്രവാസികളെ സീയോനിലേക്ക് തിരിച്ചുകൊണ്ടുവന്നപ്പോൾ അത് ഒരു സ്വപ്നമായിത്തോന്നി" (സങ്കീ. 126, 1). ദൈവജനത്തെ സംബന്ധിച്ചിടത്തോളം സീയോനിലേക്കുള്ള തിരികെവരവ് സ്വപ്‌നതുല്യം സന്തോഷമേകുന്നതായിരുന്നുവെന്ന് ഇത് വ്യക്തമാക്കുന്നു. പ്രതീക്ഷകളസ്തമിച്ച ഇടങ്ങളിൽനിന്ന് വാഗ്ദത്തനാടിന്റെ ആനന്ദത്തിലേക്ക് തന്റെ ജനത്തെ തിരികെ നയിക്കാൻ പ്രാപ്‌തനാണ് ദൈവമെന്ന ചിന്തയും ഇവിടെ നമുക്ക് കാണാം. എസ്രാ, നെഹെമിയ കാലത്തുണ്ടായ പ്രവാസത്തെയാണ് ഇവിടെ ഉദ്ദേശിക്കുന്നത് എന്നതാണ് പൊതുവായ അഭിപ്രായം. എങ്കിലും, സാമുവേലിന്റെ രണ്ടാം പുസ്തകത്തിന്റെ പതിനഞ്ചുമുതൽ പത്തൊൻപത് വരെ അദ്ധ്യായങ്ങളിൽ വിവരിക്കുന്ന അബ്സലോമിന്റെ സമയത്തുണ്ടായ ദാവീദിന്റെ പ്രവാസവും തിരികെവരവുമാകാം ഇവിടെ പരാമർശിക്കുന്നത് എന്ന് കരുതുന്നവരുമുണ്ട്. പതിനാലാം സങ്കീർത്തനത്തിന്റെ ഏഴാം വാക്യത്തിലും നൂറ്റിയിരുപത്തിയാറാം സങ്കീർത്തനത്തിന്റെ ഒന്നാം വാക്യത്തിനോട് ചേർന്ന് നിൽക്കുന്ന ഒരു ചിന്ത നാം കാണുന്നുണ്ട്. ഇസ്രയേലിന്റെ വിമോചനം സീയോനിൽനിന്ന് വന്നിരുന്നെങ്കിൽ എന്ന പ്രതീക്ഷയും, ദൈവജനത്തിന്റെ സുസ്ഥിതി കർത്താവ് പുനഃസ്ഥാപിക്കുമ്പോൾ ഇസ്രായേൽ അതിൽ സന്തോഷിക്കുമെന്നുമുള്ള ചിന്തയുമാണ് അവിടെ നാം കാണുക (സങ്കീ. 14, 7).

സീയോനിലേക്ക് തിരികെയെത്തിയ ഇസ്രായേൽ ജനം അനുഭവിക്കുന്ന ആനന്ദവും അവരുടെ നന്ദിയുടെയും സന്തോഷത്തിന്റെയും പ്രകടനവും ദൈവസ്നേഹത്തെക്കുറിച്ചുള്ള സാക്ഷ്യവുമാണ് സങ്കീർത്തനത്തിന്റെ രണ്ടും മൂന്നും വാക്യങ്ങളിൽ നാം കാണുക: "അന്ന് ഞങ്ങൾ പൊട്ടിചിരിച്ചു; ഞങ്ങളുടെ നാവ് ആനന്ദരാവാം മുഴക്കി; കർത്താവ് അവരുടെയിടയിൽ വൻകാര്യങ്ങൾ ചെയ്തിരിക്കുന്നു എന്ന് ജനതകളുടെയിടയിൽ പ്രഘോഷിക്കപ്പെട്ടു. കർത്താവ് ഞങ്ങൾക്കുവേണ്ടി വൻകാര്യങ്ങൾ ചെയ്തിരിക്കുന്നു: ഞങ്ങൾ സന്തോഷിക്കുന്നു" (സങ്കീ. 126, 2-3). കർത്താവ് ഇസ്രായേൽ ജനത്തിന് നൽകുന്ന വൻ കാര്യങ്ങൾ, അടിമത്തത്തിൽനിന്നുള്ള സ്വാതന്ത്ര്യവും ഏവർക്കും മുന്നിൽ ലഭിച്ച അനുഗ്രഹങ്ങളും ഉള്ളിൽ സൂക്ഷിക്കാൻ മാത്രമല്ല, മറ്റു ജനതകളുടെയും ലോകം മുഴുവന്റെയും മുന്നിൽ സാക്ഷ്യമായി മാറേണ്ടവയാണെന്ന ഒരോർമ്മപ്പെടുത്തൽ കൂടിയാണ് ഈ വാക്യങ്ങൾ. ജോബിന്റെ പുസ്തകം എട്ടാം അദ്ധ്യായത്തിന്റെ അവസാനഭാഗത്ത്, തന്റെ ജീവിതത്തിലെ അനർത്ഥങ്ങൾക്കും കഷ്ടനഷ്ടങ്ങൾക്കും മുന്നിൽ വിലപിക്കുന്ന ജോബിനോട്, "നിഷ്കളങ്കനായ ജോബിന്റെ വാ പൊട്ടിച്ചിരികൊണ്ടും അധരം ജയാരവം കൊണ്ടും നിറയ്ക്കുന്ന ദൈവത്തെക്കുറിച്ച് ഷൂഹ്യനായ ബിൽദാദ് പറയുന്നത് നാം കാണുന്നുണ്ട് (ജോബ് 8, 21).

തീർത്ഥാടകരായ ഇസ്രായേൽജനത്തെ സംബന്ധിച്ചിടത്തോളം, പ്രവാസകാലത്തിന് ശേഷം സീയോനിലേക്കുള്ള തങ്ങളുടെ പൂർവ്വികരുടെ തിരിച്ചുവരവിനെ മാത്രമല്ല ഈ സങ്കീർത്തനവാക്യങ്ങൾ അനുസ്മരിപ്പിക്കുന്നത്. വിശുദ്ധ നഗരത്തിൽനിന്നും, അതുവഴി ദൈവത്തിൽനിന്നും അകന്നും, പാപത്തിന് അടിമയായുമുള്ള ജീവിതം പ്രവാസതുല്യമായ ഒന്നാണെന്നും, സീയോനിലേക്കും ദൈവസാന്നിദ്ധ്യത്തിന്റെ ദേവാലയത്തിലേക്കുമുള്ള തിരികെവരവ് നന്മയിലേക്കും സ്വാതന്ത്ര്യത്തിലേക്കും സന്തോഷത്തിലേക്കുമുള്ള മടക്കയാത്രയാണെന്നും ഈ വാക്യങ്ങൾ അവരെ ഓർമ്മിപ്പിക്കുന്നുണ്ട്.

ഐശ്വര്യത്തിനായുള്ള പ്രാർത്ഥനയും ദൈവത്തിലുള്ള വിശ്വാസവും

വിശുദ്ധനഗരത്തിലേക്കുള്ള തിരികെവരവും തീർത്ഥാടനവും മാത്രം ഒരു വിശ്വാസിയിൽ പൂർണ്ണമായ സന്തോഷം കൊണ്ടുവരുന്നില്ലെന്നും, തങ്ങളുടെ ജീവിതത്തിലും ഭൂമിയിലും കർത്താവിന്റെ അനുഗ്രഹമുണ്ടെങ്കിലേ ഐശ്വര്യം നിറയൂ എന്ന തിരിച്ചറിവുമാണ് സങ്കീർത്തനത്തിന്റെ നാലാം വാക്യത്തിൽ നാം കാണുന്ന പ്രാർത്ഥന വ്യക്തമാക്കുന്നത്: "നെഗെബിലെ ജലപ്രവാഹങ്ങളെയെന്നപോലെ കർത്താവേ, ഞങ്ങളുടെ ഐശ്വര്യം പുനഃസ്ഥാപിക്കണമേ!" (സങ്കീ. 126, 4). വരണ്ടുണങ്ങിയ നദീതടങ്ങളിൽ വീണ്ടും പെരുമഴപെയ്യിച്ച്, ആർത്തൊഴുകുന്ന ജലപ്രവാഹം സൃഷ്ടിക്കുന്നതുപോലെ, പ്രവാസശേഷം തിരികെയെത്തിയ ദൈവജനത്തിന്റെയും, ജീവനുവേണ്ടി പലായനം ചെയ്‌ത്‌ തിരികെയെത്തിയ ദാവീദിന്റെയും, ആചാരപ്രകാരം തീർത്ഥാടനം നടത്തുന്ന വിശ്വാസിയുടെയും ജീവിതത്തിൽ, ആനന്ദവും അഭിവൃദ്ധിയും തീരം കവിഞ്ഞൊഴുക്കുന്നവൻ ദൈവമാണെന്ന തിരിച്ചറിവുകൂടി ഈ പ്രാർത്ഥനയ്ക്ക് പിന്നിലുണ്ട്. വരണ്ടുണങ്ങിയതെന്നും, പ്രതീക്ഷകൾ മങ്ങിയതെന്നും കരുതപ്പെടുന്ന ജീവിതങ്ങളിൽ ദൈവത്തിന്റെ കാരുണ്യം പതിയുമ്പോൾ, വിജയത്തിന്റെയും നിറവിന്റെയും ഇടങ്ങളായി അവ മാറും.

"കണ്ണീരോടെ വിതയ്ക്കുന്നവർ ആനന്ദത്തോടെ കൊയ്യട്ടെ! വിത്ത് ചുമന്നുകൊണ്ട് വിലാപത്തോടെ വിതയ്ക്കാൻ പോകുന്നവൻ കറ്റ ചുമന്നുകൊണ്ട് ആഹ്‌ളാദത്തോടെ വീട്ടിലേക്കു മടങ്ങും" (സങ്കീ. 126, 5-6) എന്ന സങ്കീർത്തനത്തിന്റെ അവസാനവാക്യങ്ങൾ, മാനുഷികമായ പ്രതീക്ഷകളും ദൈവാശ്രയബോധവും വ്യക്തമാക്കുന്ന ജ്ഞാനസൂക്തങ്ങളാണ്. ദൈവം താൻ തിരഞ്ഞെടുത്ത ജനത്തിനും അവരുടെ പിൻഗാമികളായി തനിക്കരികിലേക്കെത്തുന്ന ഓരോ വിശ്വാസികൾക്കും അവരുടെ പ്രവൃത്തികൾക്കൊത്ത് പ്രതിഫലം നൽകുമെന്ന, കണ്ണീർ തുടച്ച് അവരിൽ ആഹ്ളാദം നിറയ്ക്കുമെന്ന വിശ്വാസത്തിൽനിന്നുയരുന്ന പ്രത്യാശയുടെ വാക്കുകളാണിവ. വേദനകളുടെ കാലങ്ങളെ ആനന്ദത്തിന്റെയും ആഘോഷത്തിന്റെയും ദിനങ്ങൾ കൊണ്ട് അവസാനിപ്പിക്കാനും, അദ്ധ്വാനിക്കുന്നവർക്ക് പ്രതിഫലമേകാനും ഒരു ദൈവമുണ്ടെന്ന സങ്കീർത്തകന്റെ ബോധ്യം കൂടിയാണ് ഈ വരികളിൽ നാം വായിക്കുന്നത്. വിലാപസ്വരവും കഠിനവേദനയുടെ നിലവിളിയും ഉയരാത്ത ഒരു ജെറുസലേമിനെക്കുറിച്ചുള്ള ദൈവത്തിന്റെ വാക്കുകൾ ഏശയ്യാപ്രവാചകന്റെ അറുപത്തിയഞ്ചാം അദ്ധ്യായത്തിന്റെ രണ്ടാം പകുതിയിൽ നാം വായിക്കുന്നുണ്ട് (ഏശയ്യാ 65, 19).

സങ്കീർത്തനം ജീവിതത്തിൽ

സീയോനിലേക്കുള്ള തിരിച്ചുവരവിന്റെ അവിശ്വസനീയമായ ആനന്ദം പ്രഘോഷിക്കുന്ന ഇസ്രായേൽ ജനത്തിനും, ദൈവസാന്നിദ്ധ്യത്തിന്റെ ജെറുസലേമിലേക്കുള്ള തീർത്ഥാടനം നടത്തുന്ന വിശ്വാസിസമൂഹത്തിനുമൊപ്പം ഈ സങ്കീർത്തനവാക്യങ്ങളിലൂടെ കടന്നുപോകുമ്പോൾ, തിരഞ്ഞെടുക്കപ്പെട്ട ജനത്തിന്റെ ദൈവാശ്രയബോധവും പ്രാർത്ഥനാമനോഭാവവും സ്വന്തമാക്കുവാനും, ദൈവസാന്നിദ്ധ്യമേകുന്ന ആനന്ദവും അനുഗ്രഹങ്ങളുടെ നിറവും അവകാശപ്പെടുത്താനും, അവന്റെ പ്രീതിക്ക് പാത്രമാകാനും നമുക്കും സാധിക്കട്ടെ. ദുഃഖദുരിതങ്ങളാൽ പ്രതീക്ഷകളറ്റ് വരണ്ടുണങ്ങിയ ജീവിതങ്ങളിൽപ്പോലും കാരുണ്യാനുഗ്രഹങ്ങളുടെ പെരുമഴയൊഴുക്കാൻ കഴിവുള്ള ദൈവത്തിൽ ആശ്രയമർപ്പിക്കാം. ആദ്ധ്യാത്മികതയുടെ നിലങ്ങളിൽ കണ്ണീരൊഴുക്കി സ്വപ്‌നങ്ങൾ വിതയ്ക്കാനും കഠിനമായി അദ്ധ്വാനിക്കാനും, ആത്മാവിൽ വിശുദ്ധിവളർത്താനും പരിശ്രമിക്കാം. നമ്മുടെ ജീവിതങ്ങളെയും തന്റെ സ്നേഹസാന്നിദ്ധ്യത്താൽ നിറച്ച് കൂടുതൽ ഐശ്വര്യപൂർണ്ണമാക്കണമേയെന്നും, അനുഗ്രഹങ്ങളാൽ നിറയ്ക്കണമേയെന്നും സങ്കീർത്തകനും ഇസ്രായേൽജനത്തിനുമൊപ്പം നമുക്കും പ്രാർത്ഥിക്കാം. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 ഓഗസ്റ്റ് 2025, 14:24