MAP

സങ്കീർത്തനചിന്തകൾ - 125 സങ്കീർത്തനചിന്തകൾ - 125 

നീതിമാന്മാരെ സംരക്ഷിക്കുകയും ദുഷ്ടരെ ശിക്ഷിക്കുകയും ചെയ്യുന്ന യാഹ്‌വെ

വചനവീഥി: നൂറ്റിയിരുപത്തിയഞ്ചാം സങ്കീർത്തനം - ധ്യാനാത്മകമായ ഒരു വായന.
ശബ്ദരേഖ - നീതിമാന്മാരെ സംരക്ഷിക്കുകയും ദുഷ്ടരെ ശിക്ഷിക്കുകയും ചെയ്യുന്ന യാഹ്‌വെ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

തങ്ങളുടെ പ്രധാനപ്പെട്ട മൂന്ന് തിരുന്നാളാഘോഷങ്ങളോടനുബന്ധിച്ച് നടത്തിയിരുന്ന തീർത്ഥാടനവേളയിൽ ഇസ്രായേൽക്കാർ ഉപയോഗിച്ചിരുന്ന നൂറ്റിയിരുപതുമുതൽ നൂറ്റിമുപ്പത്തിനാല് വരെയുള്ള പതിനഞ്ച് ആരോഹണഗീതങ്ങളിലെ ആറാമത്തേതാണ് നൂറ്റിയിരുപത്തിയഞ്ചാം സങ്കീർത്തനം. പേർഷ്യക്കാരുടെ ആധിപത്യകാലത്ത് ആവിർഭവിക്കപ്പെട്ടതെന്നു കരുതപ്പെടുന്ന ഈ കീർത്തനത്തിൽ, ഇസ്രായേൽ ജനത്തിന്റെ സമാധാനപ്രതീക്ഷകളും, ദൈവത്തിന്റെ സംരക്ഷണത്തെക്കുറിച്ചുള്ള വിശ്വാസവുമാണ് വ്യക്തമാകുന്നത്. സീയോൻ മലയിലേക്ക് തീർത്ഥാടനം നടത്തുന്ന ഒരുവന്, സീയോനും, ജെറുസലേമിനെ വലയം ചെയ്യുന്ന ഉന്നതപർവ്വതങ്ങളും ദൈവത്തിന് തന്റെ ജനത്തോടുള്ള വിശ്വസ്തതയുടെയും സ്നേഹത്തിന്റെയും പ്രതീകങ്ങളാണ്. ഇസ്രയേലിന്റെ യഥാർത്ഥ ഭരണാധികാരി കർത്താവായ ദൈവമാണെന്നും, വിജാതീയർ അവിടെ ഭരണം നടത്തില്ലെന്നുമുള്ള ബോധ്യവും, നീതിമാനെ സംരക്ഷിക്കുന്ന ദൈവം, ദുഷ്കർമ്മികളെയും വക്രതയുടെ മാർഗ്ഗത്തിലേക്ക് തിരിയുന്നവരെയും ശിക്ഷിക്കുമെന്നുമുള്ള തിരിച്ചറിവും ഇവിടെ വ്യക്തമായി കാണാം. കർത്താവും അവന്റെ ജനവും തമ്മിലുള്ള ആഴമേറിയ സ്നേഹബന്ധവും, ഇസ്രായേലിന് ദൈവത്തിലുള്ള പ്രത്യാശയും വെളിവാക്കുന്നവയാണ് ഈ ചെറിയ സങ്കീർത്തനത്തിന്റെ ഓരോ വാക്യങ്ങളും.

പ്രവാസികളായ ഇസ്രയേൽക്കാരും വിശുദ്ധനാടും

ജെറുസലേമിനെ അതിന് ചുറ്റുമുള്ള പർവ്വതങ്ങൾ വലയം ചെയ്യുന്നതുപോലെ, സംരക്ഷണത്തിന്റെ വലയമൊരുക്കി തങ്ങളെ ദൈവം സംരക്ഷിക്കുമെന്നുള്ള ഇസ്രായേൽജനത്തിന്റെ വിശ്വാസവും ബോധ്യവുമാണ് സങ്കീർത്തനത്തിന്റെ ആദ്യ രണ്ടുവാക്യങ്ങളിൽ നാം കാണുന്നത്: "കർത്താവിൽ ആശ്രയിക്കുന്നവർ അചഞ്ചലമായി എന്നേക്കും നിലകൊള്ളുന്ന സീയോൻ പർവ്വതം പോലെയാണ്. പർവതങ്ങൾ ജെറുസലേമിനെ ചൂഴ്ന്നുനിൽക്കുന്നതുപോലെ, കർത്താവ് ഇന്നുമെന്നേക്കും തന്റെ ജനത്തെ വലയം ചെയ്യുന്നു" (സങ്കീ. 125, 1-2) പ്രവാസികളായ യഹൂദതീർത്ഥാടകരെ സംബന്ധിച്ചിടത്തോളം, അവരിൽ അതിശയവും വിസ്മയവുമുണർത്തുന്ന സീയോൻ പർവ്വതവും അതിനടുത്തുള്ള മറ്റുന്നതശൃംഗങ്ങളും ദൈവത്തിന്റെ വിശ്വസ്തതയുടെ അടയാളമാണ്. പ്രവാസജീവിത്തിന് നിർബന്ധിതരാകേണ്ടിവന്ന ഇസ്രായേൽക്കാരുടെ ഉത്കണ്ഠകൾക്കുള്ള മറുപടിയും, ജെറുസലേമിന്റെ പുനഃസ്ഥാപനത്തെക്കുറിച്ചുള്ള പ്രതീക്ഷയും ഈ വാക്യങ്ങളിൽ നമുക്ക് കാണാം. , തന്റെ ജനത്തിന് സംരക്ഷണമേകുമെന്ന വാഗ്ദാനം നൽകിയിട്ടുള്ള യാഹ്‌വെയെക്കുറിച്ചുള്ള ചിന്തകളും ഈ വാക്കുകൾക്ക് പിന്നിൽ ഉയർന്നുനിൽക്കുന്നുണ്ട്. ശത്രുക്കളുടെ ആക്രമണസാധ്യതൾക്ക് മുന്നിൽ പർവ്വതങ്ങൾ ജെറുസലേമിന് നൽകുന്ന സുരക്ഷിതത്വബോധത്തിലോ, മനുഷ്യനിർമ്മിതമായ ജെറുസലേം ദേവാലയത്തോലോ മാത്രമായി ഒതുങ്ങാതെ, തന്നിലുള്ള വിശ്വാസം ആത്മാർത്ഥതയോടെ ജീവിക്കുന്ന ജനത്തിന് സുരക്ഷിതമായൊരു ജീവിതം വാഗ്ദാനം ചെയ്യുന്ന ദൈവത്തിലാണ് ഇസ്രായേൽ ജനത്തിന്റെ പ്രത്യാശ. ജെറുസലേമും വിശുദ്ധനാടുകളും അവിടെയുള്ള മലനിരകളും മാത്രമല്ല, വിശ്വാസത്തിന്റെ കണ്ണുകളോടെ നോക്കുന്ന ഒരുവനിൽ ദൈവം സൃഷ്‌ടിച്ച പ്രപഞ്ചം മുഴുവൻ, ആശ്രയ-സുരക്ഷാബോധങ്ങൾ ഉളവാക്കുന്നുണ്ട്. ദൈവത്തിൽ പരിപൂർണ്ണമായി ആശ്രയിക്കുകയും അവനിൽ ദൃഢമായി വിശ്വസിക്കുകയും ചെയ്യുന്ന ഒരുവന് സംരക്ഷണത്തിന്റെ കരുത്തുറ്റ കോട്ടയാണ് ദൈവം.

ദുഷ്ടരും നീതിമാന്മാരും വിശുദ്ധനാടിന്റെ ഭരണവും

"നീതിമാന്മാർക്ക് നിശ്ചയിച്ചിരിക്കുന്ന ദേശത്ത് ദുഷ്ടരുടെ ചെങ്കോൽ ഉയരുകയില്ല; നീതിമാന്മാർ തിന്മ ചെയ്യാൻ ഉദ്യമിക്കാതിരിക്കേണ്ടതിനുതന്നെ" (സങ്കീ. 125, 3) എന്ന മൂന്നാം വാക്യം, വാഗ്ദത്തനാടിന്റെ ചില പ്രത്യേകതകളിലേക്ക് നമ്മുടെ ശ്രദ്ധയാകർഷിക്കുന്നതാണ്. ദൈവമായ കർത്താവ് പിതാക്കന്മാർക്ക് വാഗ്ദാനം ചെയ്തിരുന്നതുപോലെ, ജനത്തിന്റെ എണ്ണമനുസരിച്ച് വിവിധ ഇസ്രായേൽ ഗോത്രങ്ങൾക്കായി വിശുദ്ധനാടിനെ വിഭജിച്ചുനൽകാൻ കർത്താവ് മോശയ്ക്ക് നിർദ്ദേശം നൽകുന്നതിനെക്കുറിച്ച് സംഖ്യയുടെ പുസ്തകം ഇരുപത്തിയാറാം അദ്ധ്യായത്തിലും (സംഖ്യ 26, 52-55), ജോഷ്വായുടെ പുസ്തകം പതിനെട്ടാം അദ്ധ്യായത്തിലും നാം വായിക്കുന്നുണ്ട്. ജെറുസലേമുൾപ്പെടുന്ന വാഗ്ദത്തനാടിന്റെ യഥാർത്ഥ അധികാരി ദൈവമാണെന്നും, അവൻ നിശ്ചയിക്കുന്നവരാണ് അവിടെ ഭരിക്കേണ്ടതെന്നും ഈ വാക്യം നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്. മോശയിലൂടെ നൽകപ്പെട്ട, ദൈവഹിതമാണ് അവിടെ നിയമമായി നിലകൊണ്ടിരുന്നത്. ദുഷ്ടരുടെ ചെങ്കോൽ ആ നാട്ടിൽ ഉയരുകയും അനീതി പ്രവർത്തിക്കുന്ന അത്തരക്കാരുടെ ഇഷ്ടാനിഷ്ടങ്ങളനുസരിച്ച് അവിടെയുള്ള ജനം ജീവിക്കാൻ നിർബന്ധിതരാകുകയും, അങ്ങനെ നീതിമാന്മാർ തിന്മയിലേക്ക് പതിക്കുകയും ചെയ്യപ്പെടാനുള്ള സാദ്ധ്യതകൾ ഇല്ലാതാകണ്ടതിന്, നന്മയിൽ ജീവിക്കുകയും ദൈവഹിതപ്രകാരം നിയോഗിക്കപ്പെടുകയും ചെയ്യുന്ന നീതിമാന്മാർ ദൈവജനത്തിന്റെ ഭരണാധികാരികളായി ഭരണം നടത്തുകയും ചെയ്യേണ്ടതുണ്ടെന്നുകൂടി ഈ വാക്യം നമ്മെ ഓർമ്മിപ്പിക്കുന്നു. ഇസ്രയേലിന്റെ ചരിത്രത്തിൽ ദൈവജനത്തിന്റെ ദൈവാശ്രയബോധവും നീതിയും ക്ഷയിക്കുകയും, തിന്മയും പാപവും വർദ്ധിക്കുകയും ചെയ്ത അവസരങ്ങൾ, ദുഷ്ടരായ മനുഷ്യരുടെയും വിജാതീയരുടെയും അധികാരത്തിൻ കീഴിലേക്ക് ആ നാടിനെ നയിച്ചിട്ടുണ്ട്. എന്നാൽ തന്റെ ജനത്തിന് വിശ്വാസപാതയിൽ പാദങ്ങളിടറാതിരിക്കാനും ദൈവാശ്രയബോധം നഷ്ടപ്പെടാതിരിക്കാനും, ആഴമേറിയ വിശ്വാസത്തിൽ അവർ വളരാനും വേണ്ടി ദൈവം വിവിധ സമയങ്ങളിലും വിധങ്ങളിലും ഇടപെടുന്നതും നാം കാണുന്നുണ്ട്.

നീതിമാന്മാർക്ക് അനുഗ്രഹവും ദുഷ്ടർക്ക് ശിക്ഷയും

നല്ലവരായ മനുഷ്യർക്ക് അനുഗ്രഹവും ദുഷ്ടർക്ക് ശിക്ഷയും നൽകണമേയെന്ന പ്രാർത്ഥനയും, ദൈവികനീതിയെക്കുറിച്ചുള്ള ഇസ്രായേൽ ജനത്തിന്റെ ബോധ്യവും, സമാധാനത്തിനായുള്ള ആഗ്രഹവുമാണ് സങ്കീർത്തനത്തിന്റെ നാലും അഞ്ചും വാക്യങ്ങളിൽ നാം കാണുന്നത്: "കർത്താവേ, നല്ലവർക്കും ഹൃദയപരാമർത്ഥതയുള്ളവർക്കും നന്മ ചെയ്യണമേ! എന്നാൽ, വക്രതയുടെ മാർഗ്ഗത്തിലേക്ക് തിരിയുന്നവരെ, കർത്താവ് ദുഷ്കർമ്മികളോടുകൂടെ പുറന്തള്ളും. ഇസ്രായേലിൽ സമാധാനം നിലനിൽക്കട്ടെ!" (സങ്കീ. 125, 4-5). ദൈവഹിതമനുസരിച്ച്, പരാമർത്ഥതയോടെ ജീവിക്കുന്ന നീതിമാന്മാരെ സംരക്ഷിക്കുകയും, അനീതി പ്രവർത്തിക്കുകയും ദൈവഹിതം തേടാതിരിക്കുകയും ചെയ്യുന്നവരെ ശിക്ഷിക്കുകയും ചെയ്യുന്നവനാണ് ഇസ്രയേലിന്റെ കർത്താവ്. ദുഷ്ടർക്കും നല്ലവർക്കുമിടയിൽ ദൈവമാണ് യഥാർത്ഥ ന്യായാധിപനും അധികാരിയുമായി നിൽക്കേണ്ടതെന്ന ഉദ്‌ബോധനം കൂടിയാണ് ഈ വാക്യം നൽകുന്നത്.

പതിനെട്ടാം സങ്കീർത്തനത്തിന്റെ ഇരുപത്തിയഞ്ച് മുതലുള്ള വാക്യങ്ങളിലും (സങ്കീ. 18, 25-27), സുഭാഷിതങ്ങളുടെ പുസ്തകം മൂന്നാം അദ്ധ്യായം മുപ്പത്തിരണ്ടാം വാക്യം മുതലും നൂറ്റിയിരുപത്തിയഞ്ചാം സങ്കീർത്തനത്തിന്റേതിന് സമാനമായ ചിന്തകൾ നാം കാണുന്നുണ്ട്. "ഇസ്രായേലിൽ സമാധാനം നിലനിൽക്കട്ടെ" (സങ്കീ. 125, 5) സങ്കീർത്തനത്തിന്റെ അവസാനവാക്യത്തിലെ പ്രാർത്ഥനാശംസ നൂറ്റിയിരുപത്തിയെട്ടാം സങ്കീർത്തനത്തിന്റെ ആറാം വാക്യത്തിലും (സങ്കീ. 128, 6) നാം കാണുന്നുണ്ട്. ദൈവികമായ ഒരു സമാധാനമാണ് ഇസ്രായേൽ ആഗ്രഹിക്കുന്നതെന്ന ചിന്തയും നൂറ്റിയിരുപത്തിയഞ്ചാം സങ്കീർത്തനം വെളിവാക്കുന്നുണ്ട്.

സങ്കീർത്തനം ജീവിതത്തിൽ

പ്രവാസകാലജീവിതത്തിന്റെയും, ദുഷ്ടരുടെ ദുർപ്രവർത്തനങ്ങളുളവാക്കുന്ന വേദനകളുടെയും, ദൈവകൽപ്പനകൾ പ്രവർത്തിക്കാതെ പാപത്തിൽ തുടരുകയും തിന്മ പ്രവർത്തിക്കുകയും ചെയ്യുന്നവരെ ശിക്ഷിക്കുകയും ഹൃദയപരാമർത്ഥതയോടെ ജീവിക്കുകയും നന്മ ചെയ്യുകയും ദൈവത്തിൽ ശരണപ്പെട്ട് ജീവിക്കുകയും ചെയ്യുന്നവരെ അനുഗ്രഹിക്കുകയും ചെയ്യുന്ന ദൈവമെന്ന ചിന്തയുടെയും പശ്ചാത്തലത്തിൽ എഴുതപ്പെട്ട നൂറ്റിയിരുപത്തിയഞ്ചാം സങ്കീർത്തനവിചിന്തനം ചുരുക്കുമ്പോൾ, ഇസ്രയേലിന്റെ ദൈവവും പ്രപഞ്ചനാഥനുമായ യാഹ്‌വെയിൽ ആശ്രയമർപ്പിച്ച് ജീവിക്കാനുള്ള വിളിയും ആഹ്വാനവുമാണ് സങ്കീർത്തനം നമുക്ക് മുന്നിൽ വയ്ക്കുന്നത്. ദൈവത്തിൽ ഉറച്ച വിശ്വാസം പുലർത്തുകയും നന്മ ചെയ്യുകയും കർത്താവിനോട് ചേർന്ന് നിൽക്കുകയും ചെയ്യുന്നവരാണ് യാഹ്‌വെയുടെ അനുഗ്രഹത്തിനും പ്രീതിക്കും പാത്രമാവുകയെന്ന് തിരിച്ചറിഞ്ഞ് നമുക്കും ഉത്തരവാദിത്വത്തോടെയും നന്മയിലും ജീവിക്കാം. ദുഷ്ടരുടെയും ദുഷ്ടതയുടെയും പാതകളിൽനിന്ന് അകന്നുനിൽക്കാം. സമാധാനത്തിന്റെ നഗരമാകേണ്ട ജെറുസലെമിനും, അതിലെ നിവാസികൾക്കും സമാധാനം ആശംസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യാം. മുഴുവൻ മാനവരാശിയും, ദൈവത്തെ തിരിച്ചറിയുകയും, അവന്റെ കൽപ്പനകൾ അനുസരിച്ചും അവനോട് ചേർന്നും, അവന് പ്രീതികരമായ വിധത്തിലും ജീവിക്കുകയും ചെയ്യട്ടെ! ലോകത്തിന് മുഴുവനും നന്മയും ശാന്തിയും ഐശ്വര്യവുമുണ്ടാകട്ടെ! 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 ഓഗസ്റ്റ് 2025, 17:30