MAP

സമരത്തിൽ പങ്കെടുക്കുന്നവർ സമരത്തിൽ പങ്കെടുക്കുന്നവർ   (ANSA)

യുദ്ധം അവസാനിപ്പിക്കുവാൻ ആവശ്യപ്പെട്ടുകൊണ്ട് ഇസ്രായേലിൽ സമരം

ഹമാസ് ഭീകരരുടെ തടവിൽ ആയിരിക്കുന്ന ബന്ദികളെ മോചിപ്പിക്കുന്നതിനും, യുദ്ധം അവസാനിപ്പിച്ച് സാധാരണക്കാർക്ക് സ്വൈര്യജീവിതം ഉറപ്പുവരുത്തുവാനും ആവശ്യപ്പെട്ടുകൊണ്ട്, പത്തുലക്ഷത്തിലധികം ഇസ്രായേൽ പൗരന്മാർ ടെൽ അവീവിൽ സമരം നടത്തി.

ബെയാത്രിച്ചേ ഗ്വരേര, ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ഇസ്രായേൽ- ഹമാസ് സംഘർഷം തുടങ്ങി 681 ദിവസങ്ങൾ കഴിയുമ്പോൾ, യുദ്ധം അവസാനിപ്പിക്കുവാനും, ബന്ദികളെ മോചിപ്പിക്കുവാനുള്ള നടപടികൾ സ്വീകരിക്കുവാനും ഇസ്രായേൽ സർക്കാരിനോട് ആവശ്യപ്പെട്ട്, ടെൽ അവീവ് നഗരത്തിൽ, പത്തുലക്ഷത്തോളം വരുന്ന ആളുകൾ സമരം നടത്തി. ഗാസ നഗരം പിടിച്ചെടുക്കാനുള്ള പദ്ധതി അവതരിപ്പിക്കാനുള്ള  നീക്കത്തിനിടെയാണ് ഈ പ്രക്ഷോഭം നടക്കുന്നത്. ഗാസയിലെ എല്ലാ ബന്ദികളെ മോചിപ്പിക്കാൻ ഇസ്രായേൽ സർക്കാർ ഒരു കരാറിലെത്തണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു.

യുദ്ധം ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും വലിയ പ്രകടനമാണിത്. എല്ലാ ബന്ദികളെയും മോചിപ്പിക്കാനും യുദ്ധം അവസാനിപ്പിക്കാനും ഇസ്രായേലിലെ മുഴുവൻ ജനങ്ങളും ആഗ്രഹിക്കുന്നുവന്നതിന്റെ തെളിവാണ് ഈ സമരം. അതേസമയം, ഗാസ നഗരത്തിലെ  തിരുക്കുടുംബ  ഇടവകയ്ക്ക് നേരെയുണ്ടായ ആക്രമണത്തിന് ഒരു മാസത്തിനുശേഷം, ഇടവക വികാരി ഫാദർ ഗബ്രിയേൽ റൊമാനെല്ലി, ഇപ്പോഴും ആ പ്രദേശങ്ങളിൽ നിലനിൽക്കുന്ന നിസഹായമായ അവസ്ഥയും, അവശ്യവസ്തുക്കളുടെ ലഭ്യതയില്ലായ്മയും ചൂണ്ടിക്കാണിച്ചു.

ഈജിപ്തിന്റെയും ഖത്തറിന്റെയും മധ്യസ്ഥതയിൽ ഗാസയിൽ വെടിനിർത്തൽ കരാറിനായുള്ള ചർച്ചകൾ പുനരാരംഭിക്കുന്നുവെണ്ണ റിപ്പോർട്ടുകളും പുറത്ത്  വരുന്നുണ്ട്. ഗാസ മുനമ്പുകളിൽ ഭക്ഷണം എത്തിക്കുന്നതിനുള്ള ശ്രമങ്ങൾ തുടർന്ന് വരികയാണ്.

ഇസ്രായേൽ പ്രതിരോധ സേനയുടെ (IDF) കണക്കനുസരിച്ച്, ഇറ്റലി, ജോർദാൻ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ജർമ്മനി, ബെൽജിയം, ഫ്രാൻസ്, നെതർലാൻഡ്‌സ്, ഡെൻമാർക്ക്, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ നിന്ന് കഴിഞ്ഞ ദിവസം  ഏകദേശം 161 ടൺ ഭക്ഷണം വിമാനമാർഗം എത്തിച്ചു. നിരവധിയാളുകൾ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നതും ഏറെ ദൗർഭാഗ്യകരമാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 ഓഗസ്റ്റ് 2025, 11:18