MAP

ഒഴുക്കിൽപ്പെട്ട കന്നുകാലികളും നദി കടക്കുന്ന വാഹനങ്ങളും - പാകിസ്താനിൽനിന്നുള്ള ഒരു ഫയൽ ദൃശ്യം ഒഴുക്കിൽപ്പെട്ട കന്നുകാലികളും നദി കടക്കുന്ന വാഹനങ്ങളും - പാകിസ്താനിൽനിന്നുള്ള ഒരു ഫയൽ ദൃശ്യം 

പാക്കിസ്ഥാനിലെ വെള്ളപ്പൊക്കം: പഞ്ചാബിൽ പതിനഞ്ച് ലക്ഷത്തോളം അഭയാർത്ഥികൾ

അടുത്തിടെ പാക്കിസ്ഥാൻ, ഇന്ത്യ തുടങ്ങി വിവിധ രാജ്യങ്ങളിൽ ഉണ്ടായ കടുത്ത മഴയും വെള്ളപ്പൊക്കവും സാധാരണ ജനജീവിതം ബുദ്ധിമുട്ടിലാക്കി. പാക്കിസ്ഥാനിലെ പഞ്ചാബിൽ മാത്രം പതിനഞ്ച് ലക്ഷത്തോളം പേരാണ് സ്വഭവനങ്ങൾ വിട്ടിറങ്ങാൻ നിർബന്ധിതരായത്. കൂടുതൽ വഷളായി വരുന്ന വെള്ളപ്പൊക്കത്തെക്കുറിച്ച് ഫീദെസ് വാർത്താ ഏജൻസിയാണ് ഓഗസ്റ്റ് 29-ന് അറിയിപ്പ് നൽകിയത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

കനത്ത മഴയും അതേത്തുടർന്നുണ്ടായ വെള്ളപ്പൊക്കവും പാക്കിസ്ഥാനിലെ വിവിധയിടങ്ങളിൽ സാധാരണ ജനജീവിതം ദുരിതപൂർണ്ണമാക്കിയെന്നും, നിരവധി വീടുകളും ദേവാലയങ്ങളുമുൾപ്പെടെ വെള്ളത്തിനടിയിലായെന്നും, പഞ്ചാബിൽ മാത്രം പതിനഞ്ച് ലക്ഷത്തോളം പേരാണ് കുടിയിറങ്ങാൻ നിർബന്ധിതരായതെന്നും ഫീദെസ് വാർത്താ ഏജൻസി. ആയിരക്കണക്കിനാളുകൾ വഴിയോരങ്ങളിൽ കഴിയാൻ നിർബന്ധിതരായിരിക്കുകയാണെന്നും, ഭക്ഷണമോ മറ്റു സൗകര്യങ്ങളോ അവർക്ക് ലഭ്യമല്ലെന്നും, ലാഹോറിന്റെ തെക്കുഭാഗത്തുള്ള ഭായ് ഫേരു ഇടവക വികാരിയും കപ്പൂച്ചിൻ വൈദികനുമായ കൈസർ ഫെറോസിനെ പരാമർശിച്ചുകൊണ്ട് ഫീദെസ് വിശദീകരിച്ചു.

സത്ലജ്, രവി, ചെനാബ് നദികളിൽ ഉൾപ്പെടെ കടുത്ത വെള്ളപ്പൊക്കവും, നിരവധിയാളുകളുടെ മരണവും ഉണ്ടായതിനെത്തുടർന്ന് പഞ്ചാബ് ഗവൺമെന്റ് അടുത്ത വർഷങ്ങളിലുണ്ടായതിൽ ഏറ്റവും വലിയ കുടിയൊഴിപ്പിക്കലാണ് പ്രദേശത്ത് നടത്തിയിരിക്കുന്നത്. കഴിഞ്ഞ നാൽപ്പത് വർഷങ്ങളിലെ ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് പ്രവിശ്യയിൽ ഉണ്ടായിരിക്കുന്നതെന്നും പ്രദേശത്ത് നൂറുകണക്കിന് ഗ്രാമങ്ങൾ തകർന്നുവെന്നും ഏക്കർ കണക്കിന് കൃഷിഭൂമി വെള്ളത്തിനടിയിലായെന്നും ഫീദെസ് അറിയിച്ചു.

കടുത്ത മഴയും വെള്ളപ്പൊക്കവും കാരണം രണ്ടരക്കോടിയോളം കുട്ടികൾക്ക് സ്‌കൂളിൽ പോകാൻ സാധിക്കുന്നില്ലെന്നും, കഴിഞ്ഞ രണ്ടു മാസങ്ങളിൽ ഇരുനൂറിലധികം കുട്ടികൾ ഉൾപ്പെടെ എണ്ണൂറോളം പേരാണ് വെള്ളപ്പൊക്കം മൂലം മരണമടഞ്ഞതെന്നും ഫാ. ഫെറോസ്‌ ഫീദെസ് ഏജൻസിയോട് പറഞ്ഞു.

മൺസൂൺ മഴയും, ഇന്ത്യയിലെ അണക്കെട്ടുകളിൽനിന്ന് കൂടുതലായി പുറത്തുവിടുന്ന വെള്ളവുമാണ് പഞ്ചാബിലെ നദികളിൽ കനത്ത വെള്ളപ്പൊക്കമുണ്ടാകാൻ കാരണമായതെന്ന് ഫീദെസ് എഴുതി. ഏതാണ്ട് ആയിരത്തിനാനൂറ് ഗ്രാമങ്ങളാണ് വെള്ളപ്പൊക്കം മൂലം ദുരിതമനുഭവിക്കുന്നത്.

കുടിയിറങ്ങാൻ നിർബന്ധിതരായവർക്ക് വേണ്ട ഭക്ഷണവും, ശുദ്ധജലവും ഉൾപ്പെടെയുള്ള വസ്തുക്കൾ നൽകാൻ പാകിസ്ഥാൻ ഗവണ്മെന്റ് പരിശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും, ഏതാണ്ട് രണ്ട് ലക്ഷത്തോളം മൃഗങ്ങളെ സുരക്ഷിതയിടങ്ങളിലെത്തിച്ചുവെന്നും രാജ്യത്തെ ദുരിതനിവാരണകേന്ദ്രം അറിയിച്ചു. വെള്ളപ്പൊക്കം മൂലം ബുദ്ധിമുട്ടുന്നവർക്കായി 700 ക്യാമ്പുകൾ തുറന്നിട്ടുണ്ടെന്നും, 265 ആരോഗ്യസേവനകേന്ദ്രങ്ങൾ തയ്യാറാക്കിയിട്ടുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.

പഞ്ചാബ് മുഖ്യമന്ത്രി മറിയം നവാസ് ഷെരീഫിനൊപ്പം ഓഗസ്റ്റ് 28-ന് ദുരിതബാധിതപ്രദേശങ്ങൾ സന്ദർശിച്ച പാകിസ്ഥാൻ പ്രധാനമന്ത്രി ഷേബാസ് ഷരീബ്, വെള്ളപ്പൊക്കം കൂടുതൽ ശക്തമാകാൻ കാരണമായ ഇന്ത്യൻ നടപടിയിൽ പ്രതിഷേധം അറിയിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 ഓഗസ്റ്റ് 2025, 14:44