കൊളംബിയൻ നിയമ നിർമ്മാണ സഭാംഗത്തിന്റെ മരണത്തിൽ മെത്രാൻ സമിതി അനുശോചനം രേഖപ്പെടുത്തി
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
കൊളംബിയൻ നിയമസഭാംഗവും, പ്രസിഡന്റ് സ്ഥാനാർത്ഥിയുമായ മിഗുവൽ ഉറിബെ ടർബെ , കൊളംബിയയിലെ ബൊഗോട്ടയിൽ ഒരു റാലിക്കിടെയുണ്ടായ ആക്രമണത്തിൽ വെടിയേറ്റ് രണ്ട് മാസത്തിന് ശേഷം, ആഗസ്റ്റ് പതിനൊന്നാം തീയതി അന്തരിച്ചു. 1978-ൽ ബൊഗോട്ടയിൽ ജനിച്ച മിഗുവൽ ഉറിബെ ടർബെ, ഒരു നീണ്ട രാഷ്ട്രീയ പാരമ്പര്യമുള്ള കുടുംബത്തിലെ അംഗം കൂടിയാണ്. ആക്രമണത്തിന് പിന്നിലെ വ്യക്തമായ കാരണം ഇത് വരെ തീർച്ചപ്പെടുത്തിയിട്ടില്ലെങ്കിലും, കുറ്റവാളികൾക്കും, മയക്കുമരുന്ന് കടത്ത് ശൃംഖലകൾക്കുമെതിരായ അദ്ദേഹത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായോ അല്ലെങ്കിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഉണ്ടായ സംഘർഷങ്ങളുമായോ ബന്ധമുണ്ടെന്ന് അനുമാനിക്കപ്പെടുന്നു. സംഭവത്തിൽ, കൊളംബിയയിലെ മെത്രാൻ സമിതി അനുശോചനം രേഖപ്പെടുത്തുകയും, കൊലപാതകത്തെ അപലപിക്കുകയും, ദേശീയ അഖണ്ഡത കാത്തുസൂക്ഷിക്കുവാനുള്ള കടമയെ ഓർമ്മിപ്പിക്കുകയൂം ചെയ്തു.
കൊലപാതകത്തിന് ഉത്തരവാദികളായവരെ നിയമത്തിനു മുൻപിൽ കൊണ്ടുവരുവാനും,സത്യം തെളിയിക്കുവാനുമുള്ള ശ്രമങ്ങൾ തുടരുവാൻ രാജ്യത്തെ അധികാരികളോട് മെത്രാൻ സമിതി അഭ്യർത്ഥിച്ചു. അതോടൊപ്പം ഇത്തരം സംഭവങ്ങളാൽ ജനങ്ങളുടെ പ്രത്യാശയെ ഇല്ലായ്മ ചെയ്യരുതെന്നും, ദേശീയ മൂല്യങ്ങളെ സമാധാനപരമായി സംരക്ഷിക്കണമെന്നും മെത്രാന്മാർ പൗരന്മാരെ ആഹ്വാനം ചെയ്തു.
ടർബെ കുടുംബത്തിന് ഉണ്ടായ നഷ്ടത്തിൽ പ്രത്യേകമായ രീതിയിൽ മെത്രാൻ സമിതി അനുശോചനം രേഖപ്പെടുത്തുകയും, കുടുംബത്തോടുള്ള അടുപ്പം എടുത്തുപറയുകയും ചെയ്തു. ദൈവപിതാവിനു മിഗുവൽ ഉറിബെ ടർബെയെ സമർപ്പിക്കുകയും, നിത്യഭവനത്തിൽ ദൈവം അദ്ദേഹത്തെ സ്വീകരിക്കട്ടെയെന്നു ആശംസിക്കുകയും ചെയ്തു. "ഇത് നമ്മെ ഭിന്നിപ്പിക്കാനുള്ള സമയമല്ല. ഇത് ഒന്നിക്കാനുള്ള സമയമാണ്, അക്രമം ജീവിതത്തിലേക്കോ പുരോഗതിയിലേക്കോ ഉള്ള ഒരു പാതയല്ല. സമത്വം, നീതി, അനുരഞ്ജനം, സമാധാനം എന്നിവ കെട്ടിപ്പടുക്കുവാൻ സാധിക്കട്ടെ"യെന്നും കുറിപ്പിൽ പറയുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: