MAP

ഗാസയിലെ ആശങ്കകൾ നിറഞ്ഞ അവസ്ഥ ഗാസയിലെ ആശങ്കകൾ നിറഞ്ഞ അവസ്ഥ   (ANSA)

ഗാസയിൻമേലുള്ള പൂർണ്ണ സൈനിക നിയന്ത്രണ നീക്കത്തിൽ നിന്നും ഇസ്രായേൽ പിന്മാറണം: ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ കമ്മീഷൻ

നെതന്യാഹുവിന്റെ ഗാസ അധിനിവേശ പദ്ധതിക്ക് മനുഷ്യാവകാശ ലംഘനങ്ങൾ ചൂണ്ടിക്കാട്ടി, ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കമ്മീഷണർ വോൾക്കർ ടർക്ക്, സമൂഹമാധ്യമമായ എക്‌സിൽ സന്ദേശം കുറിച്ചു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

അധിനിവേശ ഗാസ മുനമ്പിന്റെ പൂർണ്ണമായ സൈനിക നിയന്ത്രണം നേടാനുള്ള ഇസ്രായേൽ സർക്കാരിന്റെ പദ്ധതി ഉടൻ നിർത്തലാക്കണം എന്ന ആവശ്യവുമായി ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കമ്മീഷണർ വോൾക്കർ ടർക്ക്, സമൂഹമാധ്യമമായ എക്‌സിൽ സന്ദേശം കുറിച്ചു.  ഇസ്രായേൽ തങ്ങളുടെ അധിനിവേശം എത്രയും വേഗം അവസാനിപ്പിക്കണമെന്നും, അംഗീകരിച്ച ദ്വിരാഷ്ട്ര പരിഹാരം സാക്ഷാത്കരിക്കണമെന്നും, പാലസ്തീനികളുടെ സ്വയം നിർണ്ണയാവകാശം ഉറപ്പാക്കണമെന്നും ഉള്ള അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധിക്ക് വിരുദ്ധമാണ് ഈ അധിനിവേശ പദ്ധതിയെന്നും സന്ദേശത്തിൽ കൂട്ടിച്ചേർത്തു.

പഠനങ്ങളുടെ വെളിച്ചത്തിൽ, ഈ പദ്ധതി, കൂടുതൽ നിർബന്ധിത കുടിയിറക്കത്തിനും കൂടുതൽ രക്തരൂക്ഷിതമായ കൊലപാതകങ്ങൾക്കും, അസഹനീയമായ കഷ്ടപ്പാടുകൾക്കും, അർത്ഥശൂന്യമായ കുറ്റകൃത്യങ്ങൾക്കും വഴിവയ്ക്കുമെന്നും, അത് സാഹചര്യങ്ങൾ വഷളാക്കുമെന്നും എടുത്തു പറയുന്നു. എന്നാൽ ഗാസയിൽ എപ്രകാരം യുദ്ധം അവസാനിപ്പിക്കണം എന്നുളളതാണ് നാം ഇപ്പോൾ ചിന്തിക്കേണ്ടതെന്നും സന്ദേശത്തിൽ ചൂണ്ടിക്കാണിക്കുന്നു.

ഇസ്രായേലികളെയും പലസ്തീനികളെയും സമാധാനത്തോടെ ഒരുമിച്ച് ജീവിക്കാൻ അനുവദിക്കണമെന്നും, സാധാരണക്കാരുടെ ജീവൻ സംരക്ഷിക്കുവാൻ ഇസ്രായേൽ സർക്കാർ സാധ്യമായതെല്ലാം ചെയ്യണമെന്നും സന്ദേശത്തിൽ ആവശ്യപ്പെട്ടു. പലസ്തീൻ സായുധ സംഘങ്ങൾ, ബന്ദികളെ ഉടനടി, നിരുപാധികമായി മോചിപ്പിക്കണമെന്നും, ഇസ്രായേൽ ഏകപക്ഷീയമായി കസ്റ്റഡിയിലെടുത്ത പലസ്തീനികളെ ഉടനടി സ്വതന്ത്രമാക്കണമെന്നും സന്ദേശത്തിൽ അഭ്യർത്ഥിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 ഓഗസ്റ്റ് 2025, 11:12