ഹൈറ്റി: തട്ടിക്കൊണ്ടുപോകപ്പെട്ട മിഷനറിയും മൂന്ന് വയസ്സുള്ള ഒരു കുട്ടിയുമുൾപ്പെടെ എട്ട് പേർ സ്വതന്ത്രരാക്കപ്പെട്ടു
ജെയിംസ് ബ്‌ളേർസ്, മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
1993 മുതൽ ഹൈറ്റിയിൽ സേവനമനുഷ്ഠിച്ചുപോന്നിരുന്ന ജെന ഹെരാറ്റി എന്ന ഐറിഷ് മിഷനറിയും, സെന്റ് ഹെലേന അനാഥാലയത്തിലെ മൂന്ന് വയസ്സുള്ള ഒരു കുട്ടിയുൾപ്പെടെ ഏഴ് പേരും ഏതാണ്ട് ഒരു മാസം നീണ്ട തടവിന് ശേഷം സ്വതന്ത്രരാക്കപ്പെട്ടു. പ്രസ്തുത അനാഥാലയത്തിന്റെ ഡയറക്ടറായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു ജെന ഹെരാറ്റി. ഓഗസ്റ്റ് മൂന്നാം തീയതിയാണ് അക്രമികൾ ഈ എട്ടുപേരെയും തട്ടിക്കൊണ്ടുപോയത്.
ചുറ്റുമതിൽ തകർത്ത് അകത്തുകയറിയ തോക്കുധാരികൾ അനാഥാലയത്തിനുള്ളിൽ പ്രവേശിച്ച് ഡയറക്ടറേയും പ്രവർത്തകരെയും തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇതിന് മുൻപും ഇതേ സ്ഥാപനം പലവട്ടം അവർത്തിക്കപ്പെട്ടിട്ടുണ്ട്.
ഹൈറ്റിയുടെ തലസ്ഥാനമായ പോർട്ട് ഓ പ്രൻസിന് അടുത്തുള്ള സെന്റ് ഹെലേന അനാഥാലയത്തിൽ ഏതാണ്ട് ഇരുനൂറിലധികം അനാഥരെയാണ് ശ്രീമതി ഹെരാറ്റിയുടെ കീഴിലുള്ള പ്രവർത്തകർ സംരക്ഷിച്ചുപോന്നിരുന്നത്. "കൊച്ചുസഹോദരീസഹോദരന്മാരുടെ അന്താരാഷ്ട്രസംഘടന" എന്ന മാതൃസംഘടനയുടെ കീഴിലാണ് അനാഥാലയം പ്രവർത്തിച്ചുവന്നിരുന്നത്.
തട്ടിക്കൊണ്ടുപോകപ്പെട്ട എട്ട് പേരും സ്വാതന്ത്രരാക്കപ്പെട്ടുവെന്ന വാർത്ത സ്ഥിരീകരിച്ച അയർലണ്ട് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്, എല്ലാവരും ആരോഗ്യത്തോടെയാണിരിക്കുന്നതെന്ന് വ്യക്തമാക്കി. തട്ടിക്കൊണ്ടുപോയ എട്ടുപേരെയും സ്വാതന്ത്രരാക്കുന്നതിനായുള്ള ശ്രമങ്ങൾ ഏകോപിപ്പിച്ച അയർലണ്ട് വിദേശകാര്യമന്ത്രാലയത്തിന് ഹെരാറ്റിയുടെ കുടുംബം നന്ദി പറഞ്ഞു.
സായുധസംഘർഷങ്ങളും ആഭ്യന്തരപ്രശ്നങ്ങളും നിലനിൽക്കുന്ന ഹൈറ്റിയിൽ ആളുകളെ തട്ടിക്കൊണ്ടുപോകുന്നത് പതിവായി വരികയാണ് അടുത്ത വർഷങ്ങളിൽ നടന്ന ഏറ്റവും വലിയ തട്ടിക്കൊണ്ടുപോക്ക് 2021-ലാണ് നടന്നത്. അന്ന് അഞ്ച് കുട്ടികളെയും പതിനേഴ് മിഷനറിമാരെയും അക്രമികൾ പിടിച്ചുകൊണ്ടുപോയിരുന്നു. ഇവരിൽ പലരും മൂന്ന് മാസങ്ങൾക്ക് ശേഷമാണ് സ്വാതന്ത്രരായത്.
2025-ന്റെ ആദ്യ ആറ് മാസത്തിൽ ഈ കരീബിയൻ രാജ്യത്ത് 3000-ത്തിലധികം ആളുകൾ കൊല്ലപ്പെട്ടുവെന്നും 336 പേർ തട്ടിക്കൊണ്ടുപോകപ്പെട്ടുവെന്നും ഐക്യരാഷ്ട്രസഭ അറിയിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: