MAP

പാക്കിസ്ഥാനിൽ നിന്നുള്ള കാഴ്‌ച്ച പാക്കിസ്ഥാനിൽ നിന്നുള്ള കാഴ്‌ച്ച   (AFP or licensors)

പാക്കിസ്ഥാനിൽ വെള്ളപ്പൊക്ക ദുരിതബാധിതരുടെ സ്ഥിതി അതിദയനീയം

തുടർച്ചയായി പെയ്യുന്ന മഴയും, രക്ഷാപ്രവർത്തന സാമഗ്രികളുടെ അപര്യാപ്തതയും മൂലം, പാക്കിസ്ഥാനിൽ, വെള്ളപ്പൊക്കം രൂക്ഷമാകുന്നു. ഒപ്പം ദുരിതത്തിൽ, വീടുകൾ ഉപേക്ഷിക്കേണ്ടിവന്നവർക്കും, അപകടത്തിൽ പെട്ടവർക്കും ജീവിതം ദുരിതപൂർണ്ണമെന്നു, ഫീദെസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. കത്തോലിക്കാ സഭ, ദുരന്തമുഖത്ത് രക്ഷാപ്രവർത്തനത്തിനായി കർമ്മനിരതമായി തുടരുകയാണെന്നും, ഏജൻസി റിപ്പോർട്ടിൽ പറയുന്നു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

പാകിസ്താനിലെ വിവിധ മേഖലകളിൽ, മേഘവിസ്ഫോടനത്തെത്തുടർന്നുണ്ടായ, കനത്ത മഴയിലും, ജലപ്രളയത്തിലും, മണ്ണിടിച്ചിലും എഴുനൂറിനു മുകളിൽ ആളുകളാണ് കൊല്ലപ്പെട്ടത്. ഇരകളായവരുടെ എണ്ണം ദിനം തോറും വർധിക്കുകയാണ്. രക്ഷാപ്രവർത്തനത്തിനായി, കത്തോലിക്കാ സഭയുടെ വിവിധ സംഘടനകൾ രംഗത്തുണ്ടെന്നു, ഇസ്ലാമാബാദ്-റാവൽപിണ്ടി രൂപതയുടെ വികാരി ജനറലും പാകിസ്ഥാനിലെ പൊന്തിഫിക്കൽ മിഷൻ സൊസൈറ്റികളുടെ (പിഎംഎസ്) ദേശീയ ഡയറക്ടറുമായ ആസിഫ് ജോൺ ഖോഖർ, ഫീദെസ് വാർത്താ ഏജൻസിയോട് പങ്കുവച്ചു. ഇനിയും ഒരു വാരത്തോളം നീണ്ടുനിൽക്കുമെന്നു പ്രവചിക്കപെടുന്ന പേമാരിയിൽ, എല്ലാവരും ജാഗ്രതയോടെയാണ്‌ മുൻപോട്ടു പോകുന്നതെന്നും കൂട്ടിച്ചേർത്തു.

ഇസ്ലാമാബാദ്-റാവൽപിണ്ടി പ്രദേശങ്ങൾക്ക് പുറമെ, പാകിസ്ഥാന്റെ മധ്യ പ്രദേശങ്ങളായ പഞ്ചാബിലെ ലാഹോർ, മുൾട്ടാൻ പ്രദേശങ്ങളിലേക്കും തെക്ക് സിന്ധ് പ്രവിശ്യയിലെ കറാച്ചിയിലേക്കും  അതിദയനീയമായ സ്ഥിതി വ്യാപിച്ചിരിക്കുകയാണ്. ഇത് രാഷ്ട്രത്തെ ഒന്നടങ്കം ഏറെ ബുദ്ധിമുട്ടിലേക്ക് കൊണ്ടുചെന്നെത്തിച്ചിരിക്കുകയാണെന്നും, അദ്ദേഹം പങ്കുവച്ചു.

രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്തുള്ള ഖൈബർ പഖ്തൂൺഖ്വ എന്ന പർവത പ്രവിശ്യയിൽ, മുഴുവൻ ഗ്രാമങ്ങളും മണ്ണിടിച്ചിലിൽ ഭൂമിക്ക്  അടിയിലായി. മഴ തുടരുന്നതിനാലും, ആശയ വിനിമയ സംവിധാനങ്ങളുടെ അപര്യാപ്തതയാലും, രക്ഷാപ്രവർത്തനങ്ങൾ ഏറെ ബുദ്ധിമുട്ടിലാണ്. കത്തോലിക്കാ സഭയുടെ പള്ളികൾ, സ്കൂളുകൾ, ഇടവകകൾ അവരുടെ വാതിലുകൾ തുറന്ന് ഭക്ഷണം മുതൽ അഭയം വരെ ജാതിമത-വർണ്ണ- വർഗ്ഗ വ്യത്യാസമില്ലാതെ നൽകുന്നതായും വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 ഓഗസ്റ്റ് 2025, 10:36