പാക്കിസ്‌താനിലെ ജലപ്രളയം; ഇരുപത്തിയൊന്ന് കുട്ടികൾ കൊല്ലപ്പെട്ടു
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
കഴിഞ്ഞ ദിവസങ്ങളിൽ, പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ മേഖലയിൽ ഉണ്ടായ അതിശക്തമായ ജലപ്രളയത്തിൽ നിരവധിയാളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു. ഇരുപത്തിയൊന്ന് കുട്ടികൾ ഉൾപ്പെടെ മുന്നൂറോളം ആളുകൾ കൊല്ലപ്പെട്ടതായി യൂണിസെഫ് സംഘടന വാർത്താക്കുറിപ്പിൽ അറിയിച്ചു. ഈ ദുരന്തത്തിൽ ദുരിതമനുഭവിക്കുന്ന എല്ലാ സമൂഹങ്ങൾക്കും സംഘടന തങ്ങളുടെ സാമീപ്യം അറിയിച്ചു.
ഖൈബർ പഖ്തൂൺഖ്വ, ഗിൽഗിറ്റ്-ബാൾട്ടിസ്ഥാൻ എന്നിവിടങ്ങളിലെ ദുരിതബാധിത പ്രദേശങ്ങളിലേക്ക് അവശ്യ മരുന്നുകൾ ഉൾപ്പെടെയുള്ള സാമഗ്രികൾ സംഘടന അയച്ചിട്ടുണ്ട്. കൂടാതെ കുട്ടികളുടെയും കുടുംബങ്ങളുടെയും സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിന് പാകിസ്ഥാൻ സർക്കാരിന്റെ ഏകോപിത പ്രതികരണത്തിന് പിന്തുണ വർദ്ധിപ്പിക്കാൻ തയ്യാറാണെന്നും സംഘടന അറിയിച്ചു.
ഈ വർഷത്തെ മൺസൂൺ മഴ 2024 നെ അപേക്ഷിച്ച് 50-60 ശതമാനം കൂടുതലായി പെയ്തു, ജൂൺ 26 മുതൽ 171 കുട്ടികൾ ദാരുണമായി കൊല്ലപ്പെടുകയും 256 പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നും സംഘടനയുടെ റിപ്പോർട്ടിൽ പറയുന്നു. സെപ്റ്റംബർ പകുതി വരെ കനത്ത മഴയും, പേമാരിയും, വെള്ളപ്പൊക്കവും ഉണ്ടാകുമെന്ന് പ്രവചിക്കപ്പെടുന്നതിനാൽ അതീവജാഗ്രതയിലാണ് സംഘടന.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: