പാപ്പുവ ന്യൂ ഗിനിയയിൽ പാവപ്പെട്ടവർക്ക് കൈത്താങ്ങായി കത്തോലിക്കാസഭ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
പാപ്പുവ ന്യൂ ഗിനിയയുടെയും, സോളമൻ ദ്വീപുകളുടെയും മെത്രാൻ സമിതിയുടെ സഹകരണത്തോടെയും, ഇന്റർനാഷണൽ കമ്മീഷൻ ഫോർ കാത്തലിക് മൈഗ്രേഷന്റെ ധനസഹായത്തോടെയും, പാപുവ ന്യൂ ഗിനിയയിൽ താമസിക്കുന്ന അഭയാർത്ഥികളെ സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നതിന് വിവിധ പദ്ധതികൾ വിഭാവനം ചെയ്യുന്നു.
ജോവാന്നി ബാത്തിസ്ത്ത മൊന്തീനി (പിന്നീട് പോൾ ആറാമൻ പാപ്പാ) വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി ആയിരുന്ന കാലത്താണ് , കുടിയിറക്കപ്പെട്ടവരുടെയും അഭയാർത്ഥികളുടെയും ആവശ്യങ്ങൾ നിറവേറ്റുന്നതിൽ കത്തോലിക്കാ സംഘടനകളെ പിന്തുണയ്ക്കുന്നതിനായി ഇന്റർനാഷണൽ കമ്മീഷൻ ഫോർ കാത്തലിക് മൈഗ്രേഷന് രൂപം നൽകിയത്.
ദ്വീപിന്റെ വിവിധ പ്രദേശങ്ങളിലെ പ്രാദേശിക അധികാരികളുമായുള്ള സഹകരണത്തോടെയാണ് പദ്ധതികൾ പ്രാവർത്തികമാക്കുന്നത്. അഭയാർത്ഥികളെ പ്രാദേശിക സമൂഹത്തിലേക്ക് സംയോജിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള ഭാവി പദ്ധതികൾ വിവിധ അവസരങ്ങളിൽ ചർച്ച ചെയ്തിട്ടുണ്ട്. പോർട്ട് മോറെസ്ബിയിൽ താത്ക്കാലിക അഭയസ്ഥാനങ്ങളിൽ താമസിക്കുന്നവരാണ് ഇതിന്റെ ഏറിയ ഗുണഭോക്താക്കളും. അതിനാൽ മനുഷ്യാന്തസ്സിനെ ഏറെ ബഹുമാനിക്കുന്ന പദ്ധതികളാണ് രൂപം കൊള്ളപ്പെടുന്നത്.
ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ പ്രകാരം, ഏകദേശം 10,000ഓളം പാപ്പുവൻ അഭയാർത്ഥികൾ പോർട്ട് മോർസ്ബിക്ക് ചുറ്റുമുള്ള ക്യാമ്പുകളിലാണ് താമസിക്കുന്നത്. ഈ അഭയാർത്ഥികളിൽ പലരും ഇപ്പോഴും അപകടകരമായ അവസ്ഥയിലാണ് ജീവിക്കുന്നത്. അതുകൊണ്ടാണ് കാരിത്താസ് പാപ്പുവ ന്യൂ ഗിനിയ പോലുള്ള നിരവധി കത്തോലിക്കാ സംഘടനകൾ അഭയാർത്ഥികളുടെ സംയോജനം മെച്ചപ്പെടുത്തുന്നതിനായി നിരന്തരം പ്രവർത്തിക്കുന്നത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: