സന്നദ്ധ പ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കണം: അന്താരാഷ്ട്ര കാരിത്താസ് സംഘടന
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
ആഗസ്റ്റ് 19 ന് ആഗോളതലത്തിൽ ലോക മാനുഷിക ദിനം ആചരിക്കുമ്പോൾ, ഗാസ, സുഡാൻ, ദക്ഷിണ സുഡാൻ, ഉക്രെയ്ൻ, മ്യാൻമർ, മറ്റ് സംഘർഷ മേഖലകളിൽ നടക്കുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കുവാനും, മനുഷ്യജീവന്റെ അന്തസ്സും, മൂല്യവും ഉയർത്തിക്കാട്ടുവാനും ആഹ്വാനം ചെയ്തു കൊണ്ട്, കത്തോലിക്കാ സഭയുടെ ഉപവി പ്രവർത്തന വിഭാഗമായ അന്താരാഷ്ട്ര കാരിത്താസ് സംഘടന പത്രക്കുറിപ്പ് പ്രസിദ്ധീകരിച്ചു.
പ്രതിസന്ധി ഘട്ടങ്ങളിൽ മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാനുള്ള സഹായം നൽകുന്നതിനിടെ, ജീവൻ നഷ്ടപ്പെട്ട സന്നദ്ധപ്രവർത്തകരെ അനുസ്മരിക്കുന്നതിലും, സാധാരണക്കാർക്കും, ഉപവി സംഘടനയിലെ അംഗങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ ഒഴിവാക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കാൻ സർക്കാരുകളോട് ആവശ്യപ്പെടുന്നതിലും, ലോകമെമ്പാടുമുള്ള മാനുഷിക സംഘടനകൾക്കൊപ്പം കാരിത്താസ് സംഘടനയും അണിചേരുന്നുവെന്നു കുറിപ്പിൽ എടുത്തു പറഞ്ഞു.
2024 ൽ മാത്രം, 20 രാജ്യങ്ങളിലായി 380 ൽ അധികം സന്നദ്ധപ്രവർത്തകർ തങ്ങളുടെ സുപ്രധാന ദൗത്യങ്ങൾ നിർവഹിക്കുന്നതിനിടെ കൊല്ലപ്പെട്ടുവെന്ന കണക്കും സംഘടന പുറത്തുവിട്ടു. ശക്തമായ സംരക്ഷണം, പിന്തുണ, ഉത്തരവാദിത്തം എന്നിവയുടെ ആവശ്യകത ഇപ്പോൾ ഒരു നിർണായക ഘട്ടത്തിലാണെന്നും, അതിനാലാണ് ഈ ആവശ്യങ്ങൾ ഉന്നയിക്കുന്നതെന്നും സംഘടന കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ തകർച്ചയിൽ കത്തോലിക്കാ സഭ ഒന്നടങ്കം അഗാധമായ ആശങ്ക പ്രകടിപ്പിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: