സങ്കീർണ്ണവും ക്ലേശകരവും വിശുദ്ധ നാട്ടിലെ ജീവിതം, കർദ്ദിനാൾ പിത്സബാല്ല!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
വിശുദ്ധനാട്ടിൽ ജനങ്ങളുടെ ജീവിതം സങ്കീർണ്ണതകളുടെയും ക്ലേശങ്ങളുടെയും മദ്ധ്യേയാണെന്ന് ജറുസലേമിലെ ലത്തീൻ പാത്രിയാർക്കീസ് കർദ്ദിനാൾ പീയെർ ബത്തീസ്ത പിത്സബാല്ല.
ജൂബിലിയാചരണത്തിനായി റോമിൽ സമ്മേളിച്ചിരിക്കുന്ന യുവതീയുവാക്കളുടെ ജൂലൈ 31-ന് വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിൽ നടന്ന വിശ്വാസ പ്രഖ്യാപനചടങ്ങിനു നല്കിയ വീഡിയൊ സന്ദേശത്തിലാണ് അദ്ദേഹം വിശുദ്ധനാടിൻറെ അവസ്ഥ അവതരിപ്പിച്ചത്.
ആ നാട്ടിൽ നിന്നാണ് അപ്പോസ്തല പ്രമുഖനായ പത്രോസ് ക്രിസ്തുസന്ദേശവും ക്രിസ്ത്വാനുഭവവും ലോകമെമ്പാടും അറിയിക്കുന്നതിനും സഭയിലുള്ള വിശ്വാസം സംരക്ഷിക്കുന്നതിനുമായി റോമിലേക്ക് വന്നതെന്ന വസ്തുത പാത്രിയാർക്കീസ് കർദ്ദിനാൾ പിത്സബാല്ല അനുസ്മരിച്ചു.
അസംഖ്യം മരണങ്ങൾ, മരുന്നുകളുടെ അഭാവം, ഭക്ഷണക്കുറവ്, പട്ടിണി എന്നിവ ആയിരക്കണക്കിന് ആളുകളെ സങ്കൽപ്പിക്കാനാവാത്ത വിധത്തിൽ നേരിട്ട് ബാധിക്കുന്ന മൂർത്ത യാഥാർത്ഥ്യമാണെന്നും ഇവ. വിദ്വേഷം, നാശം, അക്രമം എന്നിവയെക്കുറിച്ചാണ് സംസാരിക്കുന്നതെന്നും അദ്ദേഹം വിശദീകരിക്കുന്നു.
ആ പ്രദേശത്ത് നിലവിലുള്ള, നിഷേധിക്കാൻ ആവാത്ത, ആ വേദനാജനകമായ സാഹചര്യങ്ങളിൽ നമ്മുടെ സാന്ത്വനദായക സാന്നിധ്യവും അനന്തമായ രാത്രിയിൽ, വെളിച്ചത്തിൻറെ ബിന്ദുക്കൾ വീണ്ടും കണ്ടെത്താൻ സഹായിക്കുന്ന വിശ്വാസത്തിൻറെതായ നോട്ടവും ആവശ്യമാണെന്ന് കർദ്ദിനാൾ പിത്സബാല്ല പറയുന്നു.
ഗാസയിൽ, ഇസ്രായേലിൽ, വിശുദ്ധ നാട്ടിലുടനീളം, അപരനുവേണ്ടി ജീവൻ ഹോമിക്കാൻ, സ്വന്തം ജീവൻ പണയപ്പെടുത്താൻ, തയ്യാറായ നിരവധി ആളുകൾ ഇന്നും ഉണ്ടെന്ന വസ്തുതയും അദ്ദേഹം അനുസ്മിരക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: