ഉക്രൈയിനിൽ യുദ്ധം ജീവനെടുക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം വർദ്ധിക്കുന്നു, യൂണിസെഫ്!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
മെയ് 31 വരെയുള്ള മൂന്നു മാസത്തിനിടയിൽ ഉക്രൈയിനിൽ യുദ്ധം ജീവനെടുക്കുകയോ മുറിവേല്പിക്കുകയോ ചെയ്ത കുട്ടികളുടെ സംഖ്യ മുന്നിരട്ടിയായി ഉയർന്നുവെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി, യുണിസെഫ് (UNICEF).
മാർച്ച് 1 മുതൽ മെയ് 31 വരെ ഉക്രൈയിനിൽ യുദ്ധം മൂലം ജീവൻ നഷ്ടപ്പെടുകയോ പരിക്കേല്ക്കുകയോ ചെയത കുട്ടികളുടെ എണ്ണം 222 ആണെന്നും അത് ഈ കാലഘട്ടത്തിനു മുമ്പുള്ള മൂന്നു മാസത്തെ അപേക്ഷിച്ച് മൂന്നിരട്ടിയാണെന്നും എണ്ണത്തിൽ 200 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്നും യുണിസെഫ് വിശദീകരിക്കുന്നു. മാരകമായ സ്ഫോടനായുധങ്ങൾ ജനവാസകേന്ദ്രങ്ങൾക്കു നേരെ ഉപയോഗിക്കപ്പെടുന്നതാണ് കുട്ടികൾ ഇത്രയധികം ഇരകളായിത്തീരുന്നതിനു കാരണമെന്ന് ഈ സംഘടന കുറ്റപ്പെടുത്തുന്നു.
ഏപ്രിൽ മാസത്തിൽ മാത്രം മുറിവേല്ക്കുകയോ മരിക്കുകയോ ചെയ്ത കുട്ടികളുടെ എണ്ണം 97 ആണെന്ന് യുണിസെഫ് വെളിപ്പെടുത്തി. ഉക്രൈയിനിലെ കുട്ടികളെ സംബന്ധിച്ചിടത്തോളം അവർ ആപൽസന്ധിയിലാണെന്നും യുദ്ധം അവരുടെ ജീവൻ ഇല്ലാതാക്കുക മാത്രമല്ല ബാല്യത്തിൻറെ എല്ലാ വശങ്ങളെയും തകിടംമറിക്കുകയും ചെയ്യുന്നുവെന്നും യുറോപ്പിലും മദ്ധ്യേഷ്യയിലും യുണിസെഫിൻറെ ചുമതലയുള്ള ശ്രീമതി റെജീന ദെ ദൊമീനിച്ചിസ് പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: