സുഡാനിൽ കഴിഞ്ഞ വാരാന്ത്യത്തിൽ 450-ലധികം പേർ കൊല്ലപ്പെട്ടു: യൂണിസെഫ്
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
സുഡാനിലെ വടക്കൻ കോർഡോഫാൻ (Kordofan) സംസ്ഥാനത്ത് കഴിഞ്ഞ ആഴ്ച അവസാനമുണ്ടായ വിവിധ അക്രമണങ്ങളിലായി നാനൂറ്റിയൻപത്തിലധികം ആളുകൾ കൊല്ലപ്പെട്ടതായി യൂണിസെഫ് അറിയിച്ചു. സംഭവത്തിൽ 24 ആൺകുട്ടികളും 11 പെൺകുട്ടികളും രണ്ട് ഗർഭിണികളായ സ്ത്രീകളും കൊല്ലപ്പെട്ടുവെന്ന് ജൂലൈ 16 ബുധനാഴ്ച പുറത്തുവിട്ട ഒരു പത്രക്കുറിപ്പിൽ ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി (UNICEF) വ്യക്തമാക്കി.
കോർഡോഫാൻ സംസ്ഥാനത്തെ ബാര (Bara) നഗരത്തിനടുത്ത്, ഷാഗ് അൽനോം, ഹിലാത് ഹമീദ് (Shag Alnom and Hilat Hamid) എന്നീ ഗ്രാമങ്ങളുൾപ്പെടെയുള്ള പ്രദേശങ്ങളിൽ കഴിഞ്ഞ വാരാന്ത്യത്തിൽ ഉണ്ടായ ആക്രമണങ്ങളിൽ നിരവധിയാളുകൾക്ക് പരിക്കേറ്റിട്ടുണ്ടെന്നും, പലരെയും ഇനിയും കണ്ടെത്താനായിട്ടില്ലെന്നും, മരണമടഞ്ഞ കുട്ടികളുടെ എണ്ണം വർദ്ധിച്ചേക്കാമെന്നും യൂണിസെഫ് ആശങ്ക പ്രകടിപ്പിച്ചു.
ഈ കിരാത ആക്രമണങ്ങളെ ശക്തമായ ഭാഷയിൽ അപലപിച്ച ശിശുക്ഷേമനിധി, ഇത് സമൂഹത്തിലുള്ള അക്രമാസക്തിയുടെ വർദ്ധനവും, അന്താരാഷ്ട്രമാനവികനിയമങ്ങളോടും മനുഷ്യജീവിതത്തോടും മാനവികതയുടെ അടിസ്ഥാനതത്വങ്ങളോടുമുള്ള അവഗണനയുമാണ് വ്യക്തമാക്കുന്നതെന്ന് പ്രസ്താവിച്ചു.
സംഘർഷങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർ അക്രമത്തിന്റെ മാർഗ്ഗം ഉപേക്ഷിക്കണമെന്നും, അന്താരാഷ്ട്രനിയമവും, മാനവികനിയമങ്ങളും മുന്നോട്ടുവയ്ക്കുന്ന നിർദ്ദേശങ്ങളും കടമകളും പാലിക്കാൻ തയ്യാറാകണമെന്നും യൂണിസെഫ് തങ്ങളുടെ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
സാധാരണ ജനം, പ്രത്യേകിച്ച് കൊച്ചു കുട്ടികൾ ആക്രമണങ്ങളുടെ ഇരകളാകുന്നത് അംഗീകരിക്കാനാകില്ലെന്ന് സംഘടന എഴുതി. എല്ലാ അക്രമങ്ങളുടെയും പിന്നിലുള്ളവർക്കെതിരെ അന്വേഷണം നടക്കണമെന്നും, ഉത്തരവാദികൾ ശിക്ഷിക്കപ്പെടണമെന്നും ശിശുക്ഷേമനിധി ആവശ്യപ്പെട്ടു. കുട്ടികളുടെ ജീവനെ ഇല്ലാതാക്കുന്ന വിധത്തിൽ വരെയെത്തുന്ന അന്താരാഷ്ട്രനിയമങ്ങളുടെ ലംഘനം ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും സംഘടന കൂട്ടിച്ചേർത്തു.
2024-ൽ ഉണ്ടായ ആക്രമണങ്ങളുടെ 6 ശതമാനം ഇരകളും കുട്ടികളായിരുന്നു. ആ വർഷം നിരവധി കുട്ടികൾ കൊല്ലപ്പെടുകയും പലർക്കും അംഗഭംഗം നേരിടുകയും, സായുധസംഘങ്ങളിൽ നിർബന്ധിതമായി പ്രവേശിപ്പിക്കപ്പെടുകയും ചെയ്തിരുന്നു. എന്നാൽ 2025-ന്റെ ആരംഭം മുതൽ രാജ്യത്തെ സ്ഥിതി കൂടുതൽ ഗുരുതരമായി വരികയാണ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: