MAP

കൊടും ചൂടിൽ ആശ്വാസം തേടി - ജനീവയിൽനിന്നുള്ള ഒരു ദൃശ്യം കൊടും ചൂടിൽ ആശ്വാസം തേടി - ജനീവയിൽനിന്നുള്ള ഒരു ദൃശ്യം  (ANSA)

ലോകത്ത് വർദ്ധിച്ചുവരുന്ന താപനില കുട്ടികളുടെ ജീവിതത്തെ കൂടുതൽ ബുദ്ധിമുട്ടിലാക്കുമെന്ന് അന്താരാഷ്ട്രസംഘടനകൾ

2050 ആകുമ്പോഴേക്കും ഏതാണ്ട് 220 കോടി കുട്ടികൾ, അടുപ്പിച്ചുള്ള ഉഷ്‌ണതരംഗങ്ങൾക്ക് വിധേയരാകുമെന്ന് ജൂലൈ 3 വ്യാഴഴ്ച പുറത്തുവിട്ട പത്രക്കുറിപ്പിലൂടെ ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ് മുന്നറിയിപ്പ് നൽകി. ഇറ്റലിയിൽ നിലവിൽ പന്ത്രണ്ട് ലക്ഷത്തോളം കുട്ടികൾ കടുത്ത ചൂട് മൂലം ദുരിതമനുഭവിക്കുന്നുണ്ടെന്ന് സേവ് ദി ചിൽഡ്രൻ സംഘടന ജൂലൈ ഒന്നിന് പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചിരുന്നു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

രണ്ടായിരത്തിയൻപതാമാണ്ടോടെ ലോകത്തെ ഏതാണ്ട് എല്ലാ കുട്ടികളും അടുപ്പിച്ചുള്ള ഉഷ്‌ണതരംഗങ്ങൾക്ക് വിധേയരാകുമെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. ചൂട് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ശിശുമരണത്തിന്റെ നേരിട്ടുള്ള കാരണമാണെന്നും, ഇത്, കുട്ടികളുടെ വളർച്ചയെ ഗുരുതരമായി ബാധിക്കുമെന്നും, നിരവധി ശൈശവരോഗങ്ങൾക്ക് കാരണമാകുമെന്നും യൂണിസെഫ് മുന്നറിയിപ്പ് നൽകി. ജൂലൈ 3 വ്യാഴാഴ്ച പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെയാണ് വളർന്നുവരുന്ന കാലാവസ്ഥാ പ്രതിസന്ധിയുടെ കൂടി പശ്ചാത്തലത്തിൽ യൂണിസെഫ് ഇത്തരമൊരു അപായസൂചന നൽകിയത്.

യൂറോപ്പിൽ മുൻ കാലങ്ങളിലേക്കാൾ കൂടുതൽ ചൂട് വർദ്ധിച്ചതിനെക്കുറിച്ച് എഴുതിയ ശിശുക്ഷേമനിധി, ഈ പ്രദേശത്തെ പകുതിയോളം സ്‌കൂളുകളും "ഉഷ്ണദ്വീപുകളായി" മാറിയെന്ന് വിശേഷിപ്പിച്ചു. ഇത് കുട്ടികളുടെയും കൗമാരക്കാരുടെയും ക്ഷേമകരമായ ജീവിത ത്തെയാണ് അപകടത്തിലാക്കുന്നതെന്ന് ഓർമ്മിപ്പിച്ച യൂണിസെഫ്, യൂറോപ്പിലെ പത്തിലൊന്ന് സ്‌കൂളുകളും വെള്ളപ്പൊക്ക ഭീഷണിയുള്ള പ്രദേശങ്ങളിലാണ് നിലനിൽക്കുന്നതെന്നും എഴുതി.

കാലാവസ്ഥാവ്യതിയാനത്തിന്റെ കൂടി പശ്ചാത്തലത്തിൽ യൂണിസെഫ് കുട്ടികളുടെയും കൗമാരക്കാരുടെയും അവകാശങ്ങൾ ഉയർത്തിപ്പിടിക്കുകയാണെന്നും, കാലാവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്‌നപരിഹാരത്തിന് തീരുമാനങ്ങളെടുക്കുന്നതിൽ അവരുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയാണെന്നും ഇറ്റലിയിലെ യൂണിസെഫ് പ്രെസിഡന്റ് നിക്കോള ഗ്രാസ്സിയാനോ പ്രസ്താവിച്ചു. കാലാവസ്ഥയുമായി ബന്ധപ്പെട്ട ദുരന്തങ്ങൾ കുട്ടികളുടെ മാനസികാരോഗ്യത്തെ തെറ്റായ രീതിയിൽ ബാധിക്കുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

ഇറ്റലിയിൽ പന്ത്രണ്ട് ലക്ഷത്തോളം കുട്ടികൾ കടുത്ത ചൂടിന്റെ ഇരകൾ

ഇറ്റലിയിൽ നിലവിൽ പന്ത്രണ്ട് ലക്ഷത്തോളം കുട്ടികൾ കടുത്ത ചൂട് മൂലം ദുരിതമനുഭവിക്കുന്നുണ്ടെന്ന് സേവ് ദി ചിൽഡ്രൻ സംഘടന ജൂലൈ ഒന്നിന് പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചു. സാമ്പത്തികബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബാഗങ്ങളിൽനിന്നുള്ള കുട്ടികളാണ് ചൂടുമൂലമുള്ള പ്രശനങ്ങൾ കൂടുതലായി അനുഭവിക്കേണ്ടിവരുന്നതെന്നും, അഞ്ചിൽ രണ്ടു കുട്ടികളും പരിധിയിൽ കൂടുതൽ അംഗങ്ങളുള്ള വീടുകളിലാണ് കഴിയുന്നതെന്നും സംഘടന കൂട്ടിച്ചേർത്തു.

കടുത്ത കാലാവസ്ഥാപ്രതിസന്ധിയുടെ ദുരിതഫലങ്ങൾ കുട്ടികൾ അനുഭവിക്കേണ്ടിവരുന്നത് ഒഴിവാക്കാനായി, താപനില ഉയരുന്നത് നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള നയങ്ങൾ രൂപീകരിക്കാൻ പ്രാദേശികഭരണകേന്ദ്രങ്ങളോട് സേവ് ദി ചിൽഡ്രൻ ആവശ്യപ്പെട്ടിരുന്നു.

വിവിധ മേഖലകളിലുള്ള ദാരിദ്ര്യം, അസമത്വങ്ങൾ, കാലാവസ്ഥയുമായി ബന്ധപ്പെട്ട അനീതി തുടങ്ങിയവയ്ക്കെതിരെയുള്ള പ്രവർത്തനങ്ങൾക്ക് സംഘടന ആഹ്വാനം ചെയ്തു.

രണ്ടായിരത്തി ഒരുനൂറാമാണ്ടോടെ 2.7 ഡിഗ്രി സെൽഷ്യസ് ചൂട് വർദ്ധിക്കാനുള്ള സാധ്യതയാണ് ശാസ്ത്രലോകം കാണുന്നതെന്നും, എന്നാൽ ഇത് 1.5 ആയെങ്കിലും കുറയ്ക്കാനുള്ള ശ്രമങ്ങൾ ഉണ്ടാവുകയാണെങ്കിൽ 2020-ൽ ഉണ്ടായ നാല് കോടിയോളം കുട്ടികൾ കടുത്ത ചൂടിൽനിന്ന് ഭാഗികമായെങ്കിലും രക്ഷപ്പെടുമെന്ന് സംഘടന എഴുതിയിരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 ജൂലൈ 2025, 18:07