കുട്ടികൾക്കായുള്ള പ്രതിരോധ വാക്സിനുകൾ നൽകുന്നത് അപകടകരമായ രീതിയിൽ വൈകുന്നു: ഐക്യരാഷ്ട്രസഭാസംഘടനകൾ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ലോകാരോഗ്യസംഘടനയുടെ കണക്കുകൾ പ്രകാരം യൂറോപ്പും മദ്ധ്യ ഏഷ്യയുമുൾപ്പെടുന്ന പ്രദേശങ്ങളിലെ 53 രാജ്യങ്ങളിൽ കുട്ടികൾക്ക് പ്രതിരോധമരുന്നുകൾ നൽകിവരുന്നതിൽ ഉണ്ടാകുന്ന കാലതാമസം, പ്രദേശത്ത് അഞ്ചാംപനി (measles), വില്ലൻ ചുമ (whooping cough) തുടങ്ങിയവ വീണ്ടും വളർന്നുവരുന്നതിന് കാരണമായേക്കുമെന്ന് ഐക്യരാഷ്ട്രസഭാസംഘടനകളായ യൂണിസെഫും (UNICEF) ലോകാരോഗ്യസംഘടനയും (OMS) ജൂലൈ 16 ബുധനാഴ്ച പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.
2024-ലെ കണക്കുകൾ പ്രകാരം യൂറോപ്പും മദ്ധ്യ ഏഷ്യയുമുൾപ്പെടുന്ന പ്രദേശങ്ങളിലെ 53 രാജ്യങ്ങളിൽ മാത്രം ഏതാണ്ട് മൂന്ന് ലക്ഷം പേർക്കാണ് വില്ലൻ ചുമ ബാധിച്ചത്. മുൻവർഷത്തെ അപേക്ഷിച്ച് ഏതാണ്ട് മൂന്നിരട്ടി ആളുകളാക്കാണ് ഈ അസുഖം ബാധിച്ചിട്ടുള്ളത്.
ഇതേ കാലയളവിൽ ഈ പ്രദേശത്ത് ഏതാണ്ട് ഒന്നേകാൽ ലക്ഷത്തോളം ആളുകൾക്ക് അഞ്ചാം പനി ബാധിച്ചതായും ഐക്യരാഷ്ട്രസഭാസംഘടനകൾ തങ്ങളുടെ സംയുക്തപത്രക്കുറിപ്പിൽ എഴുതി. മുൻ വർഷത്തെ അപേക്ഷിച്ച് ഇരട്ടിയോളം പേർക്കാണ് ഈ അസുഖം ബാധിച്ചത്.
കോവിഡ് മഹാമാരിയുണ്ടാകുന്നതിന് മുൻപ് അഞ്ചാംപനിക്കും വില്ലൻചുമയ്ക്കും എതിരായ പ്രതിരോധമരുന്നുകൾ ലഭിച്ചിരുന്ന കുട്ടികളുടെ എണ്ണത്തെ അപേക്ഷിച്ച് 2024-ൽ ഒരു ശതമാനം കുറവ് കുട്ടികൾക്കാണ് കഴിഞ്ഞ വർഷം ഈ മരുന്നുകൾ ലഭ്യമായതെന്ന് സംഘടനകൾ വ്യക്തമാക്കി. എന്നാൽ ആഗോളതലത്തിൽ 89 ശതമാനം കുട്ടികൾക്കും പ്രതിരോധമരുന്നുകളുടെ ഒരു ഡോസെങ്കിലും ലഭിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
പ്രതിരോധമരുന്നുകൾ വിതരണം ചെയ്യുന്നതിലെ അസമത്വങ്ങൾ മനസ്സിലാക്കുന്നതിനും പരിഹരിക്കുന്നതിനുമായി, യൂറോപ്പും മദ്ധ്യ ഏഷ്യയുമുൾപ്പെടെയുള്ള ഇടങ്ങളിലെ പ്രാദേശിക ആരോഗ്യനേതൃത്വങ്ങളുമായി തങ്ങൾ യോജിച്ച് പ്രവർത്തിച്ചുവരികയാണെന്നും തങ്ങളുടെ സംയുക്തപ്രസ്താവനയിൽ ശിശുക്ഷേമനിധിയും ലോകാരോഗ്യസംഘടനയും വ്യക്തമാക്കി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: