MAP

ഗാസായിൽനിന്നുള്ള ഒരു ദൃശ്യം ഗാസായിൽനിന്നുള്ള ഒരു ദൃശ്യം 

മധ്യപൂർവ്വദേശങ്ങളിലും വടക്കൻ ആഫ്രിക്കയിലുമായി ഓരോ അഞ്ചു സെക്കന്റിലും ഒരു കുട്ടിവീതം കുടിയിറക്കപ്പെടുന്നു: യൂണിസെഫ്

മധ്യപൂർവ്വദേശങ്ങളിലും വടക്കൻ ആഫ്രിക്കയിലുമായി ഓരോ അഞ്ചു സെക്കന്റിലും ഒരു കുട്ടിവീതം കുടിയിറക്കപ്പെടുന്നെന്നും ഇവിടെയുള്ള സംഘർഷഭരിതപ്രദേശങ്ങളിൽ ഓരോ പതിനഞ്ച് മിനിട്ടിലും ഒരു കുട്ടിവീതം കൊല്ലപ്പെടുകയോ അംഗഭംഗത്തിന് വിധേയനാവുകയോ ചെയ്യുന്നുവെന്നും യൂണിസെഫ്. ജൂലൈ 1 ചൊവ്വാഴ്ചയാണ് ഇത് സംബന്ധിച്ച് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി പത്രക്കുറിപ്പിറക്കിയത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

വടക്കൻ ആഫ്രിക്കയിലും മധ്യപൂർവ്വദേശങ്ങളിലും കുട്ടികൾ കടുത്ത ദുരിതങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. ഈ പ്രദേശങ്ങളിൽ ഓരോ അഞ്ചു സെക്കന്റിലും ഓരോ കുടിവീതം സ്വഭവനം വിട്ടിറങ്ങാൻ നിർബന്ധിതനാകുന്നുണ്ടെന്നും, ഓരോ പതിനഞ്ചു മിനിട്ടിലും സംഘർഷഭരിതമേഖലകളിൽ ഓരോ കുട്ടി വീതം കൊല്ലപ്പെടുകയോ അംഗഭംഗത്തിന് വിധേയനാവുകയോ ചെയ്യുന്നുണ്ടെന്നും ജൂലൈ 1 ചൊവ്വാഴ്ച പുറത്തുവിട്ട പത്രക്കുറിപ്പിലൂടെ യൂണിസെഫ് അറിയിച്ചു.

പശ്ചിമേഷ്യയിലും വടക്കൻ ആഫ്രിക്കയിലും സംഘർഷങ്ങൾ ഉള്ള മേഖലകളിലാണ് രണ്ടിലൊന്ന് കുട്ടികളും ജീവിക്കുന്നതെന്നും, ഏതാണ്ട് പതിനൊന്ന് കോടിയോളം കുട്ടികളാണ് ഇത്തരം ദുരിതമേഖലകളിൽ കഴിയാൻ നിർബന്ധിതരാകുന്നതെന്നും യൂണിസെഫ് അറിയിച്ചു. ഈ പ്രദേശങ്ങളിൽ ഏതാണ്ട് ഒന്നേകാൽ കോടിയോളം കുട്ടികൾ ഭവനരഹിതരായി ക്യാമ്പുകളിൽ കഴിയുന്നുണ്ടെന്ന് ശിശുക്ഷേമനിധി വിശദീകരിച്ചു.

സംഘർഷങ്ങൾ നിലനിൽക്കുന്ന വടക്കൻ ആഫ്രിക്കൻ രാജ്യങ്ങളിലും മധ്യപൂർവ്വദേശങ്ങളിലുമായി കഴിഞ്ഞ രണ്ടു വർഷങ്ങളിൽ ഏതാണ്ട് നാല്പതിനായിരത്തോളം കുട്ടികൾ അംഗഭംഗത്തിനിരയായെന്നും ഇരുപതിനായിരത്തോളം കുട്ടികൾ കൊല്ലപെട്ടുവെന്നും യൂണിസെഫ് തങ്ങളുടെ പത്രക്കുറിപ്പിൽ എഴുതി. 2025-ൽ മാത്രം ഈ പ്രദേശങ്ങളിൽ ഏതാണ്ട് നാലരക്കോടിയോളം കുട്ടികൾക്ക് മാനവികസഹായം ആവശ്യമായി വരുമെന്ന് അറിയിച്ച ശിശുക്ഷേമനിധി, കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ ഈ മേഖലയിൽ നാൽപത്തിയൊന്ന് ശതമാനം വളർച്ചയാണുണ്ടായിരിക്കുന്നതെന്ന് വ്യക്തമാക്കി.

സംഘർഷഭരിതമേഖലകളിലെ കുട്ടികളുടെ അവസ്ഥ കൂടുതൽ ഗുരുതരമായി വരുന്ന ഇക്കാലത്ത് സാമ്പത്തികരംഗത്ത് വലിയ പ്രതിസന്ധിയാണ് യൂണിസെഫ് നേരിടുന്നതെന്ന് സമിതി വ്യക്തമാക്കി. വടക്കൻ ആഫ്രിക്കൻ മേഖലയിലും മധ്യപൂർവ്വദേശങ്ങളിലും സംഘർഷങ്ങൾ അവസാനിക്കട്ടെയെന്നും, ഇതിനായുള്ള ശ്രമങ്ങൾ തുടരട്ടെയെന്നും ആശംസിച്ച യൂണിസെഫ്, ദുർബലരായ കുട്ടികൾക്കായുള്ള പിന്തുണ വർദ്ധിപ്പിക്കേണ്ടതുണ്ടെന്ന് ഓർമ്മിപ്പിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 ജൂലൈ 2025, 16:27