MAP

പലസ്തീൻ ജനതയോടുള്ള ഐക്യദാർഢ്യം പ്രകടനം പലസ്തീൻ ജനതയോടുള്ള ഐക്യദാർഢ്യം പ്രകടനം  (ANSA)

ഇസ്രായേൽ വംശഹത്യ നടത്തുന്നുവെന്ന പരാതിക്ക് പിന്തുണയുമായി മെത്രാന്മാർ!

ഗാസയിൽ ഇസ്രായേൽ നടത്തുന്ന സൈനിക നടപടികൾ വംശഹത്യാപരമാണെന്ന പരാതിയുമായി ദക്ഷിണാഫ്രിക്ക അന്താരാഷ്ട്ര കുറ്റകൃത്യ കോടതിയെ സമീപിച്ചിരിക്കുന്നതിന് പിന്തുണയുമായി തെക്കെ ആഫ്രിക്കൻ നാടുകളിലെ മെത്രാന്മാരുടെ സമിതി.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഇസ്രായേൽ ഗാസയിലെ നിവാസികളെ വംശഹത്യനടത്തുന്നു എന്ന ദക്ഷിണാഫ്രിക്ക അന്താരാഷ്ട്ര ശിക്ഷാ കോടതിയിൽ സമർപ്പിച്ച പരാതിയെ തെക്കെ ആഫ്രിക്കൻ നാടുകളിലെ കത്തോലിക്കാമെത്രാന്മാർ അനുകൂലിക്കുന്നു.

ഗാസയിലെ തിരുക്കുടുംബ ഇടവകദേവാലയത്തിനു നേർക്കു ഇസ്രായേൽ ബോംബാക്രമണം നടത്തിയ ജൂലൈ 17-ന് പുറപ്പെടുവിച്ച ഒരു പ്രസ്താവനയിലാണ് ദക്ഷിണാഫ്രിക്ക, ബൊത്സ്വാന, എസ്വാറ്റിൻ എന്നീ തെക്കെ ആഫ്രിക്കൻ നാടുകളിലെ കത്തോലിക്കമെത്രാന്മാരുടെ സംഘമായ എസ് എ സി ബി സി (SACBC) ഈ അനുകൂല നിലപാട് പ്രഖ്യാപിച്ചത്.

ഹമാസ് 2023 ഒക്ടോബർ 7-ന് ഇസ്രായേൽക്കാർക്കെതിരെ നടത്തിയ വംശഹത്യാപരമായ ആക്രമണത്തിനു ബദലായ ഇസ്രായേലിൻറെ നടപടികൾ ഇപ്പോൾ ലോകമെമ്പാടും വംശഹത്യയും വംശീയ ശുദ്ധീകരണവുമായി പരക്കെ  അംഗീകരിക്കപ്പെട്ടിരിക്കുകയാണെന്നും തങ്ങളുടെ അഭിപ്രായവും ഇതുതന്നെയാണെന്നും മെത്രാന്മാർ പറയുന്നു.

ദക്ഷിണാഫ്രിക്കയുടെ സർക്കാർ അന്താരാഷ്ട്ര കോടതിയിൽ  ഇസ്രായേലിനെതിരെ പരാതിപ്പെട്ട ഈ നടപടി അക്രമപരമ്പരയ്ക്ക് അറുതിവരുത്താൻ സംഘർഷത്തിലേർപ്പെട്ടിരിക്കുന്ന വിഭാഗങ്ങളെ പ്രേരിപ്പിക്കുമെന്ന് മെത്രാന്മാർ കരുതുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 ജൂലൈ 2025, 11:13