ഒപ്പമുള്ളവനും സംരക്ഷകനുമായ ദൈവം
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
ആരോഹണഗീതങ്ങൾ എന്ന പേരിൽ അറിയപ്പെടുന്നതും, ജെറുസലേമിലേക്കുള്ള തീർത്ഥാടകർ ഉപയോഗിച്ചിരുന്നതുമായ നൂറ്റിയിരുപതുമുതൽ നൂറ്റിമുപ്പത്തിനാലുവരെയുള്ള, പതിനഞ്ചു സങ്കീർത്തനങ്ങളിൽ അഞ്ചാമത്തേതായ നൂറ്റിയിരുപത്തിനാലാം സങ്കീർത്തനം കർത്താവിന്റെ സംരക്ഷണത്തെക്കുറിച്ച് ഇസ്രായേൽ ജനതയെ ഉദ്ബോധിപ്പിക്കുന്ന ഒരു കീർത്തനമാണ്. ദാവീദ് രചിച്ചതാണ് ഈ ഗീതമെന്നാണ് സങ്കീർത്തനത്തിന്റെ തലക്കെട്ട് വ്യക്തമാക്കുന്നത്. ഇരുപത്തിമൂന്നാം സങ്കീർത്തനം പോലെ, ആർത്തിരമ്പുന്ന പ്രവാഹം, വന്യമൃഗങ്ങൾ, വേടന്റെ വല തുടങ്ങിയ ഉപമകളിലൂടെ, വിവിധ പ്രതികൂലാനുഭവങ്ങളിൽനിന്ന് ദൈവനാമത്തിലാണ് തങ്ങൾക്ക് രക്ഷപെടാൻ സാധിച്ചതെന്ന ബോധ്യം വിശ്വാസിസമൂഹത്തിന് പകർന്നുകൊണ്ട്, ദൈവത്തിന് നന്ദി പ്രകടിപ്പിക്കുകയാണ് സങ്കീർത്തകൻ. തങ്ങളുടെ നാഥനും കർത്താവുമായ യാഹ്‌വെയിലല്ലാതെ മറ്റെങ്ങും തങ്ങൾക്ക് രക്ഷയില്ലെന്ന സത്യം കൂടിയാണ് സങ്കീർത്തനം പങ്കുവയ്ക്കുന്നത്. തങ്ങളുടെ പ്രത്യേകമായ വിളിക്കും, ദൈവജനമെന്ന സ്ഥാനത്തിനും നിലനിൽപ്പിനും കാരണമായിരിക്കുന്നത്, തങ്ങളോടൊപ്പമുള്ളവനും എല്ലാ അപകടങ്ങളിലും തങ്ങളെ സംരക്ഷിക്കുന്നവനുമായ ദൈവമാണെന്ന വിശ്വാസത്താലാണ് ഇസ്രായേൽ ജനം ദൈവസാന്നിദ്ധ്യത്തിന്റെ ജെറുസലേമിനെ ഇത്രയധികം സ്നേഹിക്കുന്നതും അവിടേക്ക് മതവിശ്വാസപ്രകാരമുള്ള തീർത്ഥാടനം നടത്തുന്നതും അവന് നന്ദിയേകുന്നതും.
ഇസ്രയേലിനൊപ്പമുള്ള ദൈവം
യാഹ്‌വെയെന്ന ദൈവം തങ്ങൾക്കൊപ്പമുള്ളതിനാലാണ് തങ്ങൾ അപകടങ്ങളെ അതിജീവിച്ചതെന്നും സ്വാതന്ത്രരായതെന്നും, അവന്റെ നാമത്തിലാണ് തങ്ങൾക്ക് രക്ഷയുള്ളതെന്നുമുള്ള ബോധ്യം ജനത്തിന് പകരുന്നവയാണ് നൂറ്റിയിരുപത്തിനാലാം സങ്കീർത്തനത്തിലെ എട്ടു വാക്യങ്ങളും. അതുകൊണ്ടുതന്നെ, പഴയനിയമചിന്തയിൽ തിന്മയുടെ അടയാളങ്ങളിൽപ്പെടുന്ന ഭീകരസത്വവും ജലപ്രവാഹവുമൊക്കെ സങ്കീർത്തനവരികളിൽ പ്രത്യക്ഷപ്പെടുന്നത് നമുക്ക് കാണാം. "ഇസ്രായേൽ പറയട്ടെ, കർത്താവ് നമ്മുടെ പക്ഷത്തില്ലായിരുന്നെങ്കിൽ, ജനങ്ങൾ നമുക്കെതിരെ ഉയർന്നപ്പോൾ, കർത്താവ് നമ്മോടുകൂടെ ഇല്ലായിരുന്നെങ്കിൽ, അവരുടെ കോപം നമുക്കെതിരെ ജ്വലിച്ചപ്പോൾ, അവർ നമ്മെ ജീവനോടെ വിഴുങ്ങിക്കളയുമായിരുന്നു" (സങ്കീ. 124, 1-3) എന്ന സങ്കീർത്തനത്തിന്റെ ഒന്ന് മുതൽ മൂന്ന് വരെയുള്ള വാക്യങ്ങളിൽ ഈ ഒരു ചിന്ത വ്യക്തമായി കടന്നുവരുന്നുണ്ട്. തങ്ങളുടെ അതിജീവനത്തിനും നിലനിൽപ്പിനും കാരണം തങ്ങൾക്കിടയിലുള്ള കർത്താവിന്റെ സാന്നിദ്ധ്യമാണെന്ന ബോധ്യം അടിവരയിട്ടുറപ്പിക്കുകയാണ് സങ്കീർത്തകൻ. കർത്താവ് തങ്ങളോട് കൂടെയും, തങ്ങളുടെ പക്ഷത്തുമായിരുന്നതുകൊണ്ടാണ്, മറ്റു ജനതകളും ദേശങ്ങളും ഒരു ഭീകരാസത്വത്തെപ്പോലെ തങ്ങൾക്കെതിരെ ഉയരുകയും അവരുടെ കോപം കത്തിജ്വലിക്കുകയും ചെയ്തപ്പോഴും തങ്ങൾ രക്ഷപ്പെട്ടതെന്ന് സങ്കീർത്തനവാക്യങ്ങളിലൂടെ ദാവീദ് ജനത്തെ ഓർമ്മിപ്പിക്കുന്നു.
ജെറമിയ പ്രവാചകന്റെ അൻപത്തിയൊന്നാം അദ്ധ്യായത്തിൽ, ബാബിലോൺ രാജാവായ നെബുക്കദ്‌നേസറിനെക്കുറിച്ച് പറയുന്നിടത്ത് "അവൻ തന്നെ ഭീകരാസത്വത്തെപ്പോലെ വിഴുങ്ങിയെന്ന്" (ജെറമിയ 51, 34) സീയോൻ നിവാസികൾ പറയട്ടെയെന്ന് ദൈവനാമത്തിൽ പ്രവാചകൻ എഴുതിവയ്ക്കുന്നുണ്ട്.
"ജലപ്രവാഹം നമ്മെ ഒഴുക്കിക്കളയുമായിരുന്നു; മലവെള്ളം നമ്മെ മൂടിക്കളയുമായിരുന്നു. ആർത്തിരമ്പുന്ന പ്രവാഹം നമ്മുടെമേൽ കവിഞ്ഞൊഴുകുമായിരുന്നു" (സങ്കീ. 124, 4-5). എന്ന നാലും അഞ്ചും വാക്യങ്ങളിൽ ഒരു ഭീകരാസത്വത്തെപ്പോലെ തങ്ങളെ വിഴുങ്ങിക്കളയുന്ന ശത്രു എന്ന രൂപകത്തിന് ശേഷം, പഴയനിയമജനതയ്ക്ക് മാത്രമല്ല, പുരാതനകാലജനതകൾ മുതൽ ഇന്നുവരെയുള്ള മനുഷ്യരിൽ ഭീതിയുണർത്തുന്ന ജലപ്രവാഹത്തെയും മലവെള്ളപ്പാച്ചിലിനെയും ആർത്തിരമ്പുന്ന കടലിനെയുമാണ് സങ്കീർത്തനം ജനത്തിന് മുന്നിൽ ഓർമ്മപ്പെടുത്തുന്നത്. ആഞ്ഞടിക്കുന്ന കടലും, എല്ലാം തുടച്ചൊഴുകുന്ന ജലപ്രവാഹവുമൊക്കെ പഴയനിയമത്തിൽ തിന്മയുടെ ശക്തികളായി കരുതപ്പെട്ടിരുന്നു. ആർത്തിരമ്പുന്ന പ്രവാഹവും മലവെള്ളപ്പാച്ചിലും പോലെ സമ്പത്തും സ്വപ്‌നങ്ങളും തകർത്തുകളയുകയും കവർന്നെടുക്കുകയും ചെയ്യുന്ന ആപത്തുകളിലും ബുദ്ധിമുട്ടുകളിലും പ്രശ്നങ്ങളിലും ഭയത്തിലും വിശ്വാസികൾക്ക് കരുത്താകുന്നത് അവരെ ചേർത്തുപിടിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ദൈവമാണ്.
മഹാസർപ്പത്തെ കുത്തിപ്പിളർന്നവനും, മോചിതർക്ക് കടന്നുപോകാൻ സമുദ്രത്തിന്റെ ആഴത്തിൽ പാതയൊരുക്കിയവനുമായ കർത്താവിനെക്കുറിച്ച് ഏശയ്യാപ്രവാചകന്റെ അൻപത്തിയൊന്നാം അദ്ധ്യായത്തിലും (ഏശയ്യാ 51, 9-10) നാം വായിക്കുന്നുണ്ട്.
പുറപ്പാട് പുസ്തകത്തിന്റെ വിവിധ അദ്ധ്യായങ്ങളിൽ നാം കാണുന്ന ചെങ്കടൽ കടക്കുന്ന സംഭവവും (പുറപ്പാട് 14) അഗ്നിപോലെ ചൂട് നിറഞ്ഞതും, ജീവനെ ഇല്ലാതാക്കുന്നതുമായ മരുഭൂമിയിലൂടെയുള്ള യാത്രയും (പുറപ്പാട് 16 -17) ഒക്കെ ഈ സങ്കീർത്തനവരികൾക്കിടയിലൂടെ നമ്മുടെ ഓർമ്മയിലേക്കെത്തുന്നുണ്ട്.
രക്ഷിക്കുന്ന ദൈവത്തിൽ ആശ്രയം
ഹിംസ്രമൃഗം പോലെ മനുഷ്യജീവനെ ഇരയാകുന്ന ശത്രുവിന്റെ ദംശനത്തിൽനിന്നും, അവരുടെ കെണികളിൽനിന്നും ഇസ്രായേൽ ജനത്തിനും വിശ്വാസികൾക്കും സംരക്ഷണമേകുന്നത് ദൈവമാണെന്ന ബോധ്യമാണ് സങ്കീർത്തനത്തിന്റെ ആറുമുതലുള്ള വാക്യങ്ങൾ പകരുന്നത്: "നമ്മെ അവരുടെ പല്ലിന് ഇരയായിക്കൊടുക്കാതിരുന്ന കർത്താവ് വാഴ്ത്തപ്പെടട്ടെ! വേടന്റെ കെണിയിൽനിന്ന് പക്ഷിയെന്നപോലെ നമ്മൾ രക്ഷപെട്ടു; കെണി തകർന്ന് നാം രക്ഷപെട്ടു" (സങ്കീ. 124, 6-7). ദൈവസൃഷ്ടിയായ ഈ ലോകത്ത്, അവന്റെ തന്നെ സൃഷ്ടികളായ മനുഷ്യരുടെ ജീവനെതിരെ നിൽക്കുന്ന അക്രമികളെ തിന്മയുടെ ശക്തികളായി ചിത്രീകരിക്കുകയാണ് സങ്കീർത്തകൻ ഇവിടെ ചെയ്യുന്നത്. ഒരു വന്യമൃഗത്തിന്റെ മൂർച്ചയേറിയ പല്ലുകൾ പോലെ, വിശ്വാസിയുടെ ആത്മാവിനെ കീറിമുറിച്ച് അവന്റെ വിശ്വാസജീവിതത്തെ കാർന്നുതിന്നുവാൻ കാത്തിരിക്കുന്ന തിന്മകളിൽനിന്നും, സംരക്ഷണമേകാൻ, ദൈവത്തിനേ കരുത്തുള്ളൂ എന്ന ബോധ്യം പകരുന്ന സങ്കീർത്തകൻ കർത്താവിനെ വാഴ്ത്താൻ ഏവരെയും ആഹ്വാനം ചെയ്യുന്നു. ഈജിപ്തിലെ അടിമത്തത്തിന്റെ ചങ്ങലകളിൽനിന്നും ഫറവോന്റെ കിരാതകരങ്ങളിൽനിന്നും, ചരിത്രത്തിൽ വിവിധ ജനതകളിൽനിന്നും ദൈവജനത്തിന് മോചനവും സംരക്ഷണവുമേകിയവൻ കർത്താവാണ്.
സ്വതന്ത്രമായി പാറിനടക്കുന്ന പക്ഷിയെ കെണിയിൽപ്പെടുത്തുന്ന വേടനെപ്പോലെ, ദൈവം സൃഷ്‌ടിച്ച, ഈ ഭൂമിയിലും ദൈവതിരുമുൻപിലും ദൈവസ്‌തുതികൾ പാടി നടക്കേണ്ട മനുഷ്യാത്മാവിനെ, പ്രലോഭനങ്ങളുടെയും തിന്മകളുടെയും അവിശ്വാസത്തിന്റെയും കെണിയിൽപ്പെടുത്തി സ്വന്തമാക്കുവാൻ കാത്തിരിക്കുന്ന തിന്മയുടെ ശക്തിയിൽനിന്നും മോചനമേകാനും, ദൈവത്തോട് ചേർന്ന് നിൽക്കേണ്ട മനുഷ്യരെ അടിമകളാക്കിവയ്ക്കുന്ന പാപത്തിന്റെയും അന്ധകാരത്തിന്റെയും നുകങ്ങളെയും ചങ്ങലകളെയും തകർക്കുവാനും , മനുഷ്യന് യഥാർത്ഥ സ്വാതന്ത്ര്യമേകുവാനും കർത്താവിനേ സാധിക്കൂ എന്ന ബോധ്യവും ഉദ്ബോധനവും കൂടിയാണ് സങ്കീർത്തനം ഇവിടെ പകരുന്നത്.
"ആകാശവും ഭൂമിയും സൃഷ്‌ടിച്ച കർത്താവിന്റെ നാമത്തിലാണ് നമ്മുടെ ആശ്രയം" (സങ്കീ. 124, 8) എന്ന എട്ടാം വാക്യത്തിലൂടെ കർത്താവിലുള്ള വിശ്വാസവും ആശ്രയവും സംബന്ധിച്ചുള്ള തന്റെ ബോധ്യം തീർത്ഥാടകർക്ക് പകർന്നുകൊടുത്തുകൊണ്ടും, അവരുടെ ജീവിതത്തെ ശക്തിപ്പിടുത്തിക്കൊണ്ടുമാണ് സങ്കീർത്തനം ദൈവാശ്രയബോധത്തെക്കുറിച്ചുള്ള ഈ ഉദ്‌ബോധനം അവസാനിപ്പിക്കുന്നത്. ഈ ഭൂമിയിലെ തീർത്ഥാടനജീവിതത്തിന്റെ വിവിധയിടങ്ങളിൽ ഒരു വിശ്വാസി നേരിടുന്ന പ്രതിസന്ധികൾക്കും, പ്രലോഭനങ്ങൾക്കും, അവനെതിരെ നിൽക്കുന്ന ശത്രുജനതകൾക്കും അവരുടെ ആക്രമണങ്ങൾക്കും കെണികൾക്കും മുന്നിൽ, അവയേക്കാളേറെ ശക്തനും ബലവനുമാണ് ആകാശവും ഭൂമിയും അതിലെ സകലതിനെയും സൃഷ്‌ടിച്ച ദൈവമെന്നും, അതുകൊണ്ടുതന്നെ അവനോട് ചേർന്നും അവനിൽ ആശ്രയിച്ചുമാണ് തങ്ങൾ മുന്നോട്ട് പോകേണ്ടതെന്നും വിശ്വാസികളെ സങ്കീർത്തകൻ ഓർമ്മിപ്പിക്കുന്നു.
സങ്കീർത്തനം ജീവിതത്തിൽ
നൂറ്റിയിരുപത്തിനാലാം സങ്കീർത്തനവിചിന്തനം ചുരുക്കുമ്പോൾ, ആരോഹണഗീതങ്ങൾ ആലപിച്ച് ദൈവനഗരമായ ജെറുസലേമിലേക്ക് തീർത്ഥാടനം നടത്തുന്ന ഓരോ വിശ്വസിക്കുമൊപ്പം, ഈ ഭൂമിയുടെയും ആകാശത്തിന്റെയും സർവ്വപ്രപഞ്ചത്തിന്റെയും സ്രഷ്ടാവായ ദൈവത്തിൽ ആശ്രയവും ശരണവുമർപ്പിച്ച് ജീവിക്കാൻ നമുക്കുമുന്നിൽ സങ്കീർത്തനം നൽകുന്ന ആഹ്വാനം നമുക്കും സ്വീകരിക്കാം. തന്നോട് ചേർന്നുനിന്ന തന്റെ ജനത്തോട് വിശ്വസ്തനായിരുന്ന, എല്ലാ അടിമത്തങ്ങളിൽനിന്നും തിന്മകളിൽനിന്നും അവരെ മോചിപ്പിക്കുകയും ദൈവസാന്നിദ്ധ്യത്തിന്റെ സീയോനിലേക്ക് അവരെ നയിക്കുകയും സംരക്ഷിക്കുകയും ചെയ്ത ദൈവത്തിന്, തിന്മയുടെയും വേദനകളുടെയും കഷ്ടപ്പാടുകളുടെയും ദുരിതങ്ങളുടെയും ഒറ്റപ്പെടലിന്റെയും തീരങ്ങളിൽ നമുക്കും രക്ഷയേകാനും തുണയാകാനും മോചനമേകാനും ആനന്ദവും ആശ്വാസവും പകരാനും സാധിക്കുമെന്ന് നൂറ്റിയിരുപത്തിനാലാം സങ്കീർത്തനവാക്യങ്ങൾ നമുക്ക് ഉറപ്പു നൽകുന്നു. ഇസ്രയേലിന്റെ ദൈവം നമുക്കും സന്നിഹിതനും സമീപസ്ഥനുമാണെന്നും, അവനിൽ നമുക്കും സ്വീകാര്യതയും അഭയവും സുരക്ഷിതത്വവും കണ്ടെത്താനാകുമെന്നുമുള്ള തിരിച്ചറിവോടെയും പ്രത്യാശയോടെയും ജീവിക്കുകയും ദൈവമക്കൾക്കടുത്ത സന്തോഷവും സ്വാതന്ത്ര്യവും സ്വന്തമാക്കുകയും ചെയ്യാം.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: