ഹൃദയത്തെ മുറിപ്പെടുത്തുന്ന നിന്ദനവും അഹങ്കാരവും
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
വിലാപത്തിന്റെയും കൃതജ്ഞതയുടെയും വിശ്വാസത്തിന്റെയും ഭാവങ്ങൾ ഉൾച്ചേർന്നതും ആരോഹണഗീതങ്ങൾ എന്നറിയപ്പെടുന്നതുമായ നൂറ്റിയിരുപതുമുതൽ നൂറ്റിമുപ്പത്തിനാലുവരെയുള്ള, പതിനഞ്ചു സങ്കീർത്തനങ്ങളിൽ നാലാമത്തേതായ, വെറും നാല് വാക്യങ്ങൾ മാത്രമുള്ള ചെറുതും എന്നാൽ ഹൃദ്യവുമായ ഗീതമാണ് നൂറ്റിയിരുപത്തിമൂന്നാം സങ്കീർത്തനം. യഹൂദമതവിശ്വാസപ്രകാരം ജെറുസലേമിലേക്ക് നടത്തേണ്ട മൂന്ന് തീർത്ഥാടനങ്ങളുടെ വേളകളിൽ ഉപയോഗിക്കപ്പെട്ടിരുന്നതാണ് ഈ സങ്കീർത്തനവും. ജെറുസലേം തീർത്ഥാടനം ദൈവം വസിക്കുന്നയിടത്തേക്കുള്ള തീർത്ഥാടനമാണ്. വിശുദ്ധനഗരത്തിലേക്കും ദൈവവും മനുഷ്യരും തമ്മിലുള്ള കണ്ടുമുട്ടലിന്റെ ഇടമായ ദേവാലയത്തിലേക്കുമുള്ള ഈ യാത്ര വിശ്വാസിയിൽ ഉണർത്തുന്ന ദൈവാശ്രയബോധവും, വിശ്വാസിയുടെ മനസ്സിലുണ്ടാകേണ്ട എളിമയുടെ ഭാവവുമൊക്കെ ഈ വരികളിലുണ്ട്. കുറഞ്ഞ വാക്കുകളേയുള്ളൂ എങ്കിലും, വലിയ ഭക്തിയുടെയും ശരണത്തിന്റെയും ആത്മാർത്ഥവും തീവ്രവുമായ പ്രാർത്ഥനയുടെയും, ദൈവമാണ് സ്വാതന്ത്ര്യമേകുന്നവൻ എന്ന വിശ്വാസത്തിന്റെയും ഒക്കെ ഭംഗി എടുത്തുകാട്ടുന്ന ഒരു സങ്കീർത്തനമാണിത്. തന്റെ പ്രിയപ്പെട്ടവരുടെ ഹൃദയവിലാപങ്ങൾക്ക് ചെവിചായ്ച്ച് കരുണാപൂർവ്വം ഉത്തരമേകുന്നവനാണല്ലോ യാഹ്‌വെയെന്ന ദൈവം.
സ്വർഗ്ഗസ്ഥനായ ദൈവവും വിശ്വാസിയുടെ വിലാപവും
"സ്വർഗത്തിൽ വാഴുന്നവനേ, അങ്ങയിലേക്കു ഞാൻ കണ്ണുകൾ ഉയർത്തുന്നു" (സങ്കീ. 123, 1) എന്ന ഒരു വ്യക്തിയുടെ വിലാപസ്വരത്തിലുള്ള പ്രാർത്ഥനയോടെയാണ് നൂറ്റിയിരുപത്തിമൂന്നാം സങ്കീർത്തനം ആരംഭിക്കുന്നത്. ജീവിതത്തിന്റെ അനിശ്ചിതത്വത്തിലും സഹനാനുഭവങ്ങളിലും കഴിയുന്ന ഒരു വിശ്വാസി, ചരിത്രസ്മരണകളുടെയും വ്യക്തിപരമായ അനുഭവങ്ങളുടെയും പശ്ചാത്തലത്തിൽ, മറ്റാരിലും ശരണം തേടാനില്ലെന്ന തിരിച്ചറിവിൽ, ദൈവത്തിൽ അഭയം തേടുന്നതാണ് ഒന്നാം വാക്യത്തിൽ സങ്കീർത്തകൻ വളരെ ലളിതമായി എഴുതി വയ്ക്കുന്നത്. ദൈവഭവനമായ ജെറുസലേം ദേവാലയം നിലനിൽക്കുന്ന സീയോൻ മലയിലേക്കോ, മറ്റെവിടയെങ്കിലുമോ അല്ല, സ്വർഗ്ഗത്തിൽ വാഴുന്നവനായ, തന്നിൽ ശരണപ്പെടുന്നവരെ ഉപേക്ഷിക്കാത്ത ദൈവത്തിലേക്കാണ് അവൻ കണ്ണുകളുയർത്തുന്നത്. മണ്ണിലെ ശക്തികൾക്കല്ല, വിണ്ണിന്റെ ദൈവത്തിനേ തനിക്ക് നിലനിൽക്കുന്ന സഹായമേകാനാകൂ എന്ന്, അവനിൽ മാത്രമേ വിശ്വസനീയമായ അഭയകേന്ദ്രം കണ്ടെത്താനാകൂ എന്ന ബോധ്യത്തിൽനിന്നാണ് അവൻ സ്വർഗ്ഗസ്ഥനായ ദൈവത്തോട് സഹായത്തിനായി അപേക്ഷിക്കുന്നത്.
ഓരോ മനുഷ്യനിലും ഉണ്ടാകേണ്ട വിശ്വസവളർച്ചയുടെ പടികൾ കൂടിയാണ് നൂറ്റിയിരുപതുമുതലുള്ള സങ്കീർത്തനങ്ങളിൽ നാം കാണുന്നതെന്ന് വ്യാഖ്യാനിക്കുന്നവരുണ്ട്. വഞ്ചകരായ മനുഷ്യരിൽനിന്ന് രക്ഷയ്ക്കായാണ് നൂറ്റിയിരുപതാം സങ്കീർത്തനത്തിൽ മനുഷ്യൻ ദൈവത്തോടപേക്ഷിക്കുന്നത്. തന്റെ ചുറ്റുപാടുകൾ അവനെ ഭീതിതനാക്കുന്നു. നൂറ്റിയിരുപത്തിയൊന്നാം സങ്കീർത്തനത്തിലാകട്ടെ, ദേവാലയം നിലകൊള്ളുന്ന മലകളിലേക്ക് അവന്റെ കണ്ണുകൾ ഉയരുന്നു. ദേവാലയത്തിന്റെ പടിവാതിലിലെത്തിയ വിശ്വാസിയുടെ സന്തോഷമാണ് നൂറ്റിയിരുപത്തിരണ്ടാം സങ്കീർത്തനം കാട്ടിത്തരുന്നത്. നൂറ്റിയിരുപത്തിമൂന്നാം സങ്കീർത്തനമാകട്ടെ, വിശ്വാസി യഥാർത്ഥത്തിൽ മറ്റുള്ളവരിലോ, മലമുകളിലോ, ദേവാലയമെന്ന ഇടത്തോ അല്ല, സ്വർഗ്ഗത്തിലേക്കാണ് ദൈവത്തിലേക്കാണ് കണ്ണുകൾ ഉയർത്തേണ്ടതെന്ന് പഠിപ്പിച്ചു തരുന്നു. ദേവാലയത്തെക്കാൾ അതിനെ വിശുദ്ധമാക്കുന്ന ദൈവമാണ് പ്രധാനപ്പെട്ടത്.
മാതൃകാപരമായ എളിമയുള്ള വിശ്വാസം
"ദാസന്മാരുടെ കണ്ണുകൾ യജമാനന്റെ കൈയ്യിലേക്കെന്നപോലെ, ദാസിയുടെ കണ്ണുകൾ സ്വാമിനിയുടെ കൈയ്യിലേക്കെന്നപോലെ, ഞങ്ങളുടെ ദൈവമായ കർത്താവിന് ഞങ്ങളുടെമേൽ കരുണ തോന്നുവോളം ഞങ്ങളുടെ കണ്ണുകൾ അവിടുത്തെ നോക്കിയിരിക്കുന്നു" (സങ്കീ. 123, 2) എന്ന രണ്ടാം വാക്യം ഏറെ ആർദ്രവും ഹൃദയസ്പര്ശിയുമാണ്. ദൈവത്തോടുള്ള ഒരു ഭക്തന്റെ വിശ്വാസവും മനോഭാവവും എത്രമാത്രം എളിമയും സ്നേഹവും ആത്മവിശ്വാസവും ശരണവും നിറഞ്ഞതായിരിക്കണമെന്ന് ഈ വാക്യം നമുക്ക് മനസ്സിലാക്കിത്തരുന്നുണ്ട്. തന്റെ യജമാനന്റെ കൈകളുടെ ഓരോ ചലനങ്ങളും ശ്രദ്ധിച്ച്, അവ മനസ്സിലാക്കി, ആ ആജ്ഞകൾ നടപ്പിലാക്കാൻ ഭയത്തോടെയും വിനയത്തോടെയും കാത്തിരിക്കുന്ന ദാസന്റെയോ, അതേ മനോഭാവത്തോടെ സ്വാമിനിയുടെ കൈകളിലേക്കും നോക്കിയിരിക്കുന്ന ദാസിയുടെയോ കണ്ണുകൾ പോലെയാണ് വിശ്വാസിയുടെ കണ്ണുകൾ ദൈവഹിതം തിരിച്ചറിയാനായി ഉയരേണ്ടത്. അടിമത്തവും ദാസ്യവുമൊക്കെ സാധാരണമായി കണക്കാക്കപ്പെട്ടിരുന്ന ഒരു കാലത്ത്, തന്റെ യജമാനനോ, സ്വാമിനിക്കോ ചെയ്യുന്ന സേവനങ്ങളെ തന്റെ കടമയും നിയോഗവുമായി കണ്ടിരുന്ന മനുഷ്യർ ജീവിച്ചിരുന്ന ഒരു മനോഭാവത്തോടെ ചിന്തിക്കുമ്പോൾ ഈ വാക്യത്തെ നമുക്ക് കുറച്ചുകൂടി എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിച്ചേക്കും. തഴുകുന്നതും താങ്ങുന്നതും പോറ്റുന്നതും, തള്ളുന്നതും ശിക്ഷിക്കുന്നതും മരണത്തിന് വിട്ടുകൊടുക്കുന്നതും യജമാനകരങ്ങളായിരുന്നു. ഈയൊരു അടിമത്തമനോഭാവം പൂർണ്ണമായി ഉപേക്ഷിക്കാതെ, എന്നാൽ ഭയത്തേക്കാൾ ഭക്തിയും ശരണവും വിശ്വാസജീവിതത്തിൽ ഉൾക്കൊണ്ടുകൊണ്ടാണ് സങ്കീർത്തകൻ ഈ വാക്യങ്ങൾ എഴുതിച്ചേർക്കുന്നതും, തീർത്ഥാടകർ ദൈവഭവനത്തിലേക്കുള്ള യാത്രയിൽ ആലപിക്കുന്നതും. "കർത്താവിന് തങ്ങളുടെമേൽ കരുണ തോന്നുവോളമാണ്" വിശ്വാസി ദൈവകരങ്ങളിലേക്ക് തന്റെ കണ്ണുകൾ ഉയർത്തിയിരിക്കുക. തന്റെ സമയത്തിനല്ല, ദൈവത്തിന്റേതായ സമയത്തിനായി കാത്തിരിക്കുന്ന ആഴമേറിയ ഒരു വിശ്വാസമാണ് അവന്റേത്.
അഹങ്കാരിയിൽനിന്ന് മോചിപ്പിക്കുന്ന ദൈവം
ദൈവത്തിലുള്ള സങ്കീർത്തകന്റെ വിശ്വാസത്തിന്റെ ആഴവും, അവന്റെ ഹൃദയത്തിലെ എളിമയുടെ മനോഭാവവും വ്യക്തമാക്കുന്ന ഒന്നും രണ്ടും വാക്യങ്ങൾക്ക് ശേഷം വരുന്ന സങ്കീർത്തനത്തിന്റെ രണ്ടാം ഭാഗത്താണ് ഈ വിലപപ്രാർത്ഥനയുടെ പിന്നിലുള്ള പ്രധാനകാരണം വ്യക്തമാകുന്നത്. "ഞങ്ങളോട് കരുണ തോന്നണമേ! കർത്താവെ ഞങ്ങളോട് കരുണ തോന്നണമേ! എന്തെന്നാൽ ഞങ്ങൾ നിന്ദനമേറ്റു മടുത്തു" (സങ്കീ. 123, 3). ഒരു ഭാഗത്ത്, കർത്താവിന് തങ്ങളുടെമേൽ കരുണ തോന്നുവോളം കാത്തിരിക്കാൻ തയ്യാറാകുന്ന സങ്കീർത്തകന്റേത്, ദൈവത്തിന്റെ ഇടപെടലിനുവേണ്ടിയുള്ള യന്ത്രികമായതോ നിഷ്ക്രിയത്വത്തോടെയുള്ളതോ ആയ ഒരു കാത്തിരിപ്പല്ല. തങ്ങളോട് കരുണ തോന്നണമേയെന്ന് ആവർത്തിച്ച് അപേക്ഷിക്കുന്ന സങ്കീർത്തകൻ, തങ്ങൾ നിന്ദനമേറ്റ് മടുത്തിരിക്കുന്നുവെന്ന് ദൈവത്തോട് ഏറ്റുപറയുന്നു. "സുഖാലസരുടെ പരിഹാസവും അഹങ്കാരിയുടെ നിന്ദനവും സഹിച്ചു ഞങ്ങൾ തളർന്നിരിക്കുന്നു" (സങ്കീ. 123, 4) എന്ന അവസാനവാക്യത്തിലൂടെ സങ്കീർത്തകന്റെയും ദൈവജനത്തിന്റെയും ജീവിതത്തെ തളർത്തുന്ന കാരണങ്ങൾ സങ്കീർത്തനം വ്യക്തമാക്കുന്നുണ്ട്. സമൂഹത്തിൽ തിന്മ പ്രവർത്തിക്കുകയും വിശ്വാസരാഹിത്യത്തോടെ മറ്റുള്ളവരെ നിന്ദിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന സുഖാലസരുടെയും അഹങ്കാരികളുടെയും ജീവിതവും പ്രവൃത്തികളും സാധാരണക്കാരായ വിശ്വാസികളിൽ ഉളവാക്കിയേക്കാവുന്ന വ്യഥകളും വേദനകളും കൂടിയാണ് ഈ സങ്കീർത്തനവാക്യങ്ങളിൽ നാം കാണുക. ചിലപ്പോഴെങ്കിലും ഇത്തരം അവസ്ഥകൾ ദുർബലരായ മനുഷ്യരുടെ വിശ്വാസജീവിതത്തെത്തന്നെ തകർത്തേക്കാം. ഈയൊരു ദുരവസ്ഥയെക്കൂടി ധ്യാനിച്ചുകൊണ്ടാണ് സങ്കീർത്തകൻ ഈ വിലാപപ്രാർത്ഥനയുടെ വാക്കുകൾ എഴുതിയതെന്ന് വേണം നാം കരുതാൻ. എല്ലാ ദുരിതങ്ങൾക്കും, അവസാനം കണ്ടെത്താൻ സഹായിക്കുന്ന, പരിഹാസത്താലും നിന്ദനങ്ങളാലും തകർന്ന മനുഷ്യരെ കരം പിടിച്ചുയർത്തുകയും ആശ്വാസം നൽകുകയും ചെയ്യുന്ന, ദൈവത്തിലാണ് സങ്കീർത്തകനും ഈ വിലപപ്രാർത്ഥനയിലൂടെ തീർത്ഥാടകരും ശരണം വയ്ക്കുന്നത്.
സങ്കീർത്തനം ജീവിതത്തിൽ
സ്വർഗ്ഗീയജെറുസലേമിലേക്കും സ്വർഗ്ഗസ്ഥനും കാരുണ്യവാനായ ദൈവത്തിലേക്കും കണ്ണുനട്ടുള്ള നമ്മുടെ വിശ്വാസയാത്രയിൽ നമുക്കും സ്വന്തമാക്കാവുന്ന ചില പ്രാർത്ഥനാവചനങ്ങളാണ് നൂറ്റിയിരുപത്തിമൂന്നാം സങ്കീർത്തനത്തിൽ നാം കണ്ടുമുട്ടിയത്. തകർച്ചകളും വീഴ്ചകളും നിന്ദനങ്ങളും പരിഹാസങ്ങളും അന്യായമായ അപവാദങ്ങളും വിശ്വാസജീവിതത്തിലുൾപ്പെടെ മുറിവുകളും ആഘാതവുമേൽപ്പിക്കുമ്പോൾ, തന്റെ ഭക്തരെ കൈവിടാതെ കാക്കുന്ന, അവരെ കൈപിടിച്ചുയർത്തുകയും തന്നോട് ചേർത്ത് നിറുത്തി ആശ്വാസം നൽകുകയും ചെയ്യുന്ന ദൈവത്തിലുള്ള ആഴമേറിയ വിശ്വാസത്തോടെ മുന്നോട്ട് പോകാൻ ഈ സങ്കീർത്തനം നമ്മെയും സഹായിക്കട്ടെ. മറ്റുള്ളവരെക്കുറിച്ചുള്ള പരിഹാസ, നിന്ദന വാക്കുകളും അഹങ്കാരം നിറഞ്ഞ പ്രവൃത്തികളും അവരുടെ ജീവിതത്തെ എത്രമാത്രം തകർത്തേക്കാമെന്ന തിരിച്ചറിവ്, നമ്മുടെ ജീവിതത്തിൽ കൂടുതൽ സ്നേഹത്തോടെയും കരുണയോടെയും കരുതലോടെയും മറ്റുള്ളവരോട് ഇടപെടാൻ നമ്മെ സഹായിക്കട്ടെ. ഈ ലോകത്തിലെ നമ്മുടെ തീർത്ഥാടനം സഹയാത്രികർക്ക് സഹായമേകിയുള്ളതാകട്ടെ. വേദനകളിലും സഹനങ്ങളിലും ദൈവത്തിലേക്ക് നോക്കാൻ, അവനിൽനിന്നുള്ള കാരുണ്യത്തിനായി വിശ്വാസത്തോടെയും ക്ഷമയോടെയും കാത്തിരിക്കാൻ നമുക്കും സാധിക്കട്ടെ.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: