MAP

പാക്കിസ്ഥാനിൽ ക്രൈസ്തവർ ദേവാലയത്തിൽ പാക്കിസ്ഥാനിൽ ക്രൈസ്തവർ ദേവാലയത്തിൽ   (AFP or licensors)

പാക്കിസ്ഥാനിൽ ദൈവനിന്ദാക്കുറ്റാരോപിതർ നീതിക്കായി കേഴുന്നു!

പാക്കിസ്ഥാനിൽ ദൈവനിന്ദാക്കുറ്റ നിയമം ദുരുപയോഗിക്കപ്പെടുന്നു, നീതി നിഷേധിക്കപ്പെടുന്നു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

പാക്കിസ്ഥാനിൽ അന്യായമായി ദൈവദൂഷണക്കുറ്റം ചുമത്തി തടവിലാക്കിയിരിക്കുന്നവർക്ക് നീതി ലഭ്യമാക്കുന്നതിൽ കാലവിളംബം വരുത്തുന്നുവെന്ന് ഇരകളുടെ കുടുംബങ്ങൾ.

12 വർഷമായി ദൈവനിന്ദാക്കുറ്റാരോപിതനായി 2020-ൽ വധശിക്ഷ വിധിക്കപ്പെട്ട് തടവിൽ കഴിയുന്ന 42 കാരനായ ആസിഫ് പെർവായിസ് എന്ന ക്രൈസ്തവൻറെ കുടുംബം പ്രേഷിതവാർത്താ ഏജൻസിയായ ഫീദെസിനോട് ദുഃഖം പങ്കുവയ്ക്കുകയായിരുന്നു.

ആസിഫ് നിരപരാധിയാണെന്നും അപ്പീലിനു പോയ അദ്ദേഹത്തിൻറെ കേസ് കോടതി ഏപ്രിൽ മാസത്തേക്കു വച്ചിരുന്നതാണെന്നും എന്നാൽ കാരണമൊന്നും നല്കാതെ അത് റദ്ദാക്കിയെന്നും അദ്ദേഹത്തിൻറെ കുടുംബം പരാതിപ്പെടുന്നു. ഭീഷണി മൂലം കുടുംബം താമസം പോലും മാറ്റേണ്ടി വന്നുവെന്ന് കുറ്റാരോപിതൻറെ സഹോദരൻ വസീം പെർവായിസ് വെളിപ്പെടുത്തി. ഇതുപോലുള്ള നിരവധി സംഭവങ്ങൾ ഉണ്ടെന്ന് പറയപ്പെടുന്നു.

എന്നാൽ ജൂലൈ 8-ന് 18-ും 14-ും വയസ്സു പ്രായമുള്ള, യഥാക്രമം അദിൽ ബാബർ, സൈമൺ നദീം എന്നിവരുടെ മേൽ 2023-ൽ ആരോപിക്കപ്പെട്ട ദൈവദൂഷണക്കുറ്റം വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് കോടതി തള്ളിക്കളഞ്ഞിരുന്നു. അതുപോലെതന്നെ 23 വർഷം തടവുശിക്ഷ അനുഭവിച്ച അൻവ്വർ കെന്നെത്ത് എന്ന കത്തോലിക്കനെ ഇക്കഴിഞ്ഞ ജൂൺ മാസത്തിൽ സുപ്രീം കോടതി വിട്ടയച്ചിരുന്നു.

പാക്കിസ്ഥാനിലെ ദൈവദൂഷണക്കുറ്റ നിയമം വിവേചനപരമാണെന്ന് “ഹ്യുമൻ റൈറ്റ്സ് വാച്ച്” എന്ന അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടന ആരോപിച്ചിരുന്നു.

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 ജൂലൈ 2025, 12:51