മാനുഷിക ഇടനാഴികളിലൂടെ അഭയാർത്ഥികൾ വീണ്ടും ഇറ്റലിയിലേക്ക്
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
ജൂലൈ 10 വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക്, സാന്ത് ഏജിദിയോ സമൂഹത്തിന്റെ നേതൃത്വത്തിൽ നിയമപരമായ മാനുഷിക ഇടനാഴികളിലൂടെ അഫ്‌ഗാനിസ്ഥാനിൽ നിന്നും 119 അഭയാർത്ഥികളെ ഇറ്റലിയിൽ സ്വീകരിക്കും. റോമിലെ ഫ്യുമിച്ചിനോ വിമാനത്താവളത്തിലാണ്, ഇസ്ലാമാബാദിൽ നിന്നുമെത്തുന്ന വിമാനം എത്തിച്ചേരുന്നത്. സാന്ത് ഏജിദിയോ സമൂഹത്തിന്റെ പ്രസിഡന്റ് ആൻഡ്രിയ റിക്കാർഡിയും ആഭ്യന്തര, വിദേശകാര്യ മന്ത്രാലയ പ്രതിനിധികളും വിമാനത്താവളത്തിൽ അഭയാർത്ഥികളെ സ്വീകരിക്കും.
ഈ അഭയാർത്ഥികൾ, 2021 ഓഗസ്റ്റിൽ പാകിസ്ഥാനിലേക്ക് പലായനം ചെയ്തവരാണ്. തുടർന്ന്, മധ്യ ഇസ്ലാമാബാദിലെ അനൗപചാരിക ക്യാമ്പുകളിലും താൽക്കാലിക ഷെൽട്ടറുകളിലും ഏകദേശം നാല് വർഷം വളരെ അപകടകരമായ സാഹചര്യങ്ങളിൽ താമസിച്ചുവരവെയാണ്, കരുണയുടെ കരവുമായി സാന്ത് ഏജിദിയോ സമൂഹം എത്തുന്നത്. കാബൂളിന്റെ പതനത്തിനു ശേഷം ഇതുപോലെ പതിനായിരക്കണക്കിന് ആളുകളാണ് അയൽരാജ്യങ്ങളിലേക്ക് ഓടിപ്പോയത്. പുനഃരധിവാസത്തിനായി അന്താരാഷ്ട്ര സമൂഹത്തിന്റെ സഹായം പ്രതീക്ഷിച്ചുകഴിയുകയാണ് ഇവർ.
യുദ്ധം, പട്ടിണി, വിവേചനം, കാലാവസ്ഥാ വ്യതിയാനം എന്നിവയിൽ നിന്ന് ദശലക്ഷക്കണക്കിന് ആളുകൾ ഓടിപ്പോകുമ്പോൾ, നിയമവിരുദ്ധ വ്യാപാരങ്ങൾക്കും മനുഷ്യക്കടത്തിനും ഇരകളാകാൻ സാധ്യതയുള്ള പ്രായപൂർത്തിയാകാത്ത യുവജനങ്ങളെ സംരക്ഷിക്കുവാനും മെച്ചപ്പെട്ട ജോലിസാധ്യതകൾ അവർക്കു നേടിക്കൊടുക്കുവാനും ഇപ്രകാരമുള്ള മാനുഷിക ഇടനാഴികൾ ഏറെ സഹായകരമാണ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: