MAP

മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ ദേവാലയത്തിൽ മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ ദേവാലയത്തിൽ  

ഗാസ ദുരന്തത്തിൽ കാരിത്താസ് സംഘടന ദുഃഖം രേഖപ്പെടുത്തി

ഇസ്രായേൽ സൈനിക ആക്രമണത്തിനിടയിൽ ഗാസയിലെ തിരുക്കുടുംബ ദേവാലയം ഇരയാക്കപ്പെട്ടു. സാധാരണക്കാരായ ആളുകൾ മരണപ്പെടുകയും, പത്തിന് മുകളിൽ ആളുകൾക്ക് പരിക്കുകൾ ഏൽക്കുകയും ചെയ്തു. സംഭവത്തിൽ, സ്ഥലത്തു വർഷങ്ങളായി സേവനം അനുഷ്ഠിക്കുന്ന കത്തോലിക്കാ സഭയുടെ കാരിത്താസ് സംഘടന ദുഃഖം രേഖപ്പെടുത്തി.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ഗാസയിലെ തിരുക്കുടുംബ ദേവാലയത്തിൽ  ജൂലൈ മാസം പതിനേഴാം തീയതി രാവിലെ ഇസ്രായേൽ നടത്തിയ ഷെല്ലാക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടതിനെ തുടർന്ന് അന്താരാഷ്ട്ര കാരിത്താസ് സംഘടന അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. സ്ഫോടന സമയത്ത് മുറ്റത്തുണ്ടായിരുന്ന ഇടവകയിലെ ശുചീകരണ തൊഴിലാളിയായിരുന്ന  ശ്രീ. സാദ് സലാമെ (60), കാരിത്താസ് സംഘടനയുടെ  മാനസിക ആരോഗ്യ സമൂഹത്തിലെ അംഗമായ   ശ്രീമതി. ഫുമയ്യ അയ്യാദ് (84), ഫുമയ്യയുടെ അടുത്തുണ്ടായിരുന്ന നജ്‌വ അബു ദാവൂദ് (69) എന്നിവരാണ്  ദാരുണമായി കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റവരെ അൽ-മമദാനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതിജീവനത്തിനായി ദേവാലയത്തിൽ അഭയം പ്രാപിച്ചവർക്കു നേരെ നടന്ന ആക്രമണം ഹൃദയഭേദകമാണെന്നു സംഘടനയുടെ വാർത്താക്കുറിപ്പിൽ പ്രത്യേകം പറഞ്ഞു. ജീവിതത്തിന്റെ പവിത്രതയെയും, ജീവനുകളെ സംരക്ഷിക്കുന്ന ഇടങ്ങളെയും ബഹുമാനിക്കണമെന്നും കുറിപ്പിൽ അടിവരയിട്ടു.

സമീപ പ്രദേശങ്ങളിലെ ശക്തമായ ഷെല്ലാക്രമണവും സൈനിക നടപടികളും പ്രദേശത്തെ കൂടുതൽ അപകടകരമാക്കിയതിനാൽ, ആക്രമണത്തിൽ പരിക്കേറ്റ ഇടവക വികാരി ഫാദർ ഗബ്രിയേൽ റൊമാനെല്ലി കഴിഞ്ഞ ഒരാഴ്ചയായി ആളുകളോട് മുറികൾക്കുള്ളിൽ തന്നെ തുടരാൻ ആവശ്യപ്പെട്ടിരുന്നു. വീടിനുള്ളിൽ തന്നെ കഴിയാൻ മുന്നറിയിപ്പ് നൽകിയില്ലായിരുന്നെങ്കിൽ ഇന്ന് നമുക്ക് 50 മുതൽ 60 വരെ ആളുകളെ നഷ്ടപ്പെടുമായിരുന്നുവെന്നും,  അതൊരു കൂട്ടക്കൊലയാകുമായിരുന്നുവെന്നും കാരിത്താസ് സംഘടന പറഞ്ഞു.

കാരിത്താസ് സംഘടനയിൽ സന്നദ്ധ സേവനം  നടത്തുന്ന നിരവധിയാളുകൾക്കും കഴിഞ്ഞ മാസങ്ങളിൽ ജീവൻ നഷ്ടപ്പെട്ടിരുന്നുവെന്നതും വേദനാജനകമാണ്. അന്താരാഷ്ട്ര മാനുഷിക നിയമപ്രകാരം ആവശ്യപ്പെടുന്നതുപോലെ, ആരാധനാലയങ്ങളെയും മാനുഷിക അഭയകേന്ദ്രങ്ങളെയും ബഹുമാനിക്കുകയും സംരക്ഷിക്കുകയും ചെയ്യണമെന്നും സംഘടനാ ആവശ്യപ്പെട്ടു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 ജൂലൈ 2025, 13:08