ഗാസയിൽ മാനുഷിക പ്രതിസന്ധി അതിരൂക്ഷം
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
ഗാസയിലെ മാനുഷിക പ്രതിസന്ധി അഭൂതപൂർവമായ നാശത്തിന്റെ തലത്തിലെത്തിയിരിക്കുകയാണെന്നു, പ്രദേശത്തു സന്നദ്ധസേവനം നടത്തുന്ന ഇറ്റാലിയൻ കാരിത്താസ് സംഘടന പുറത്തിറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു. ആവർത്തിച്ചുള്ള പ്രഖ്യാപനങ്ങൾക്കപ്പുറം, യാഥാർത്ഥ്യബോധമുള്ള പരിഹാരങ്ങൾ കണ്ടെത്തുവാൻ അന്താരാഷ്ട്ര സമൂഹങ്ങൾക്ക് സാധിക്കാത്ത സാഹചര്യത്തിലാണ് യുദ്ധം നടക്കുന്ന പ്രദേശങ്ങളിൽ സാധാരണക്കാരുടെ ആവശ്യങ്ങളിൽ സഹായിക്കുന്നതിനായി കാരിത്താസ് സംഘടന മുൻനിരയിൽ നിൽക്കുന്നത്. ശത്രുത രൂക്ഷമാകുകയും അവശ്യസാധനങ്ങൾ തടസ്സപ്പെടുകയും ചെയ്തതോടെ ജീവിക്കുവാനുള്ള എല്ലാ സാഹചര്യങ്ങളും അടയ്ക്കപ്പെടുകയാണെന്നും, ഇത് വലിയ പ്രതിസന്ധിയിലേക്ക് കാര്യങ്ങൾ എത്തിക്കുമെന്നും സംഘടന മുന്നറിയിപ്പ് നൽകുന്നു.
പ്രദേശങ്ങളിൽ ആളുകൾക്ക് ഭക്ഷണം വിതരണം ചെയ്യുന്നവർക്കെതിരെയും ആക്രമണങ്ങൾ നടക്കുന്നതിനാൽ, പലരും ഭക്ഷണ വിതരണം നിർത്തിവച്ചിരിക്കുകയാണ്. കഴിഞ്ഞ മെയ് മാസം ഇരുപത്തിയേഴുമുതൽ, 758 പേർ മരിക്കുകയും 5,000-ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രദേശത്ത് നിലനിൽക്കുന്ന കടുത്ത ഇന്ധനക്ഷാമം ജല ഉൽപാദനം, മലിനജല സംസ്കരണം, മാലിന്യ നിർമാർജനം എന്നീ കാര്യങ്ങളെ തടസപ്പെടുത്തുന്നതിനാൽ സാംക്രമികരോഗങ്ങളും പ്രദേശത്തു വർധിച്ചുവരികയാണ്.
അരക്ഷിതാവസ്ഥയും നാശവും കാരണം പല മുൻനിര സേവനങ്ങളും പ്രവർത്തനം നിർത്തിവച്ചിരിക്കുകയാണെന്നും സംഘടനയുടെ പത്രക്കുറിപ്പിൽ പറയുന്നു. ഇന്ധനക്ഷാമം ഗാസയിലെ ആശയവിനിമയ സംവിധാനങ്ങൾ പൂർണ്ണമായും വിച്ഛേദിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അതേസമയം യുദ്ധം കാര്യമായി ബാധിച്ച മറ്റൊരു മേഖല വിദ്യാഭ്യാസത്തിന്റേതാണ്. 15,800-ലധികം വിദ്യാർത്ഥികളും 700-ലധികം സ്കൂൾ ജീവനക്കാരും കഴിഞ്ഞ കാലങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ട്. വിദ്യാഭ്യാസം ഏതാണ്ട് സ്തംഭിച്ചിരിക്കുന്നുവെന്നാണ് കുറിപ്പിൽ പറയുന്നത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: