കാമെറൂണിൽ തട്ടിക്കൊണ്ടുപോകലുകളും പീഡനങ്ങളും തുടരുന്നു, ആർച്ചുബിഷപ്പ് ഫുവാന്യ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ആഫ്രിക്കൻ നാടായ കാമെറൂണിൽ അംബത്സോണിയ പ്രദേശത്ത് ജനങ്ങൾ ഭീതിയിൽ കഴിയുന്നുവെന്ന് അന്നാട്ടിലെ കത്തോലിക്കാമെത്രാൻ സംഘത്തിൻറെ അദ്ധ്യക്ഷനായ ബമെന്ത അതിരൂപതയുടെ ആർച്ചബിഷപ്പ് ആൻഡ്രൂ ൻകെയ ഫുവാന്യ.
തട്ടിക്കൊണ്ടുപോകലുകളും മോചനദ്രവ്യം ആവശ്യപ്പെടലും പീഡനങ്ങളും ഒരു പതിവായിരിക്കുന്ന കമെറൂണിലെ അവസ്ഥയെക്കുറിച്ച് പരിശുദ്ധസിംഹാസനത്തിൻറെ ദിനപ്പത്രമായ ലൊസ്സെർവ്വത്തോരെ റൊമാനൊയ്ക്ക് (L'OSSERVATORE ROMANO) അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇതു വെളിപ്പെടുത്തിയത്. സർക്കാരും വിഘടനവാദികളും തമ്മിൽ സമാധാനം ഉണ്ടാക്കാൻ പ്രാദേശിക കത്തോലിക്കാ സഭ ശ്രമിക്കുന്നുണ്ടെന്ന് ആർച്ചുബിഷപ്പ് ഫുവാന്യ പറഞ്ഞു.
വിഘടന വാദികൾ 2017-ൽ അംബത്സോണിയ ഒരു സംസ്ഥാനമായി പ്രഖ്യാപിക്കുകയും ആ പ്രദേശം ഒരു ഭീകരാവസ്ഥയിലേക്കു കൂപ്പുകുത്തുകയും ചെയ്തുവെന്നും “അംബ ബോയ്സ്” എന്ന പേരിൽ രൂപീകൃതമായ ഒരു സംഘം കൊല നടത്തുകയും ഭീകരപ്രവർത്തനങ്ങളിലേർപ്പെടുകയും തട്ടിക്കൊണ്ടുപോകുകയും ചെയ്തുകൊണ്ട് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നത് തുടരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
സർക്കാരും വിഘടനവാദികളും തമ്മിലുള്ള സംഭാഷണത്തിന് നിരവധി ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും പുരോഗതി ഉണ്ടാകുകയോ പ്രശ്നപരിഹൃതിയുടെ ലക്ഷണങ്ങൾ പ്രകടമാകുകയോ ചെയ്തിട്ടില്ലെന്ന് ആർച്ചുബിഷപ്പ് ഫുവാന്യ പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: