ഓൺലൈൻ ചൂതാട്ടം നിരോധിക്കണമെന്നാവശ്യപ്പെട്ട് ഫിലിപ്പീൻസ് മെത്രാന്മാർ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
സമൂഹത്തെ നാശത്തിലേക്ക് നയിക്കുന്ന ഓൺലൈൻ ചൂതാട്ടം പോലെയുള്ള മത്സരങ്ങൾ നിരോധിക്കണമെന്ന് ഫിലിപ്പീൻസിലെ മെത്രാന്മാർ സർക്കാരുകളോട് ആവശ്യപ്പെട്ടു. രാജ്യത്തെ കാരിത്താസ് സംഘടനയുടെ നേതൃത്വത്തിലുള്ള ആസക്തി വിമുക്ത ചികിത്സാകേന്ദ്രങ്ങളിൽ ഓൺലൈൻ ചൂതാട്ട ആസക്തിയുടെ കേസുകളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാലാണ് മെത്രാന്മാർ ഈ ആവശ്യം ശക്തമായി ഉന്നയിച്ചത്.
മൊബൈൽ ഉപകരണങ്ങളിൽ വാതുവെപ്പ് ആപ്പുകളുടെ കുതിച്ചുചാട്ടം ഈ പ്രവണതയ്ക്ക് ആക്കം കൂട്ടുന്നതായും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഫിലിപ്പീൻസിലെ സഭ ഇതിനെ "രാജ്യത്ത് നിരന്തരം ആഴത്തിലുള്ള പ്രതിസന്ധി" സൃഷ്ടിക്കുന്നതായും പറഞ്ഞിട്ടുണ്ട്.
2023-ലെ ക്യാപ്‌സ്റ്റോൺ-ഇന്റൽ സർവേയിൽ, യുവാക്കൾക്കും മധ്യവയസ്‌കരായ ഫിലിപ്പീൻസ് വംശജർക്കും ഇടയിൽ ഓൺലൈൻ ചൂതാട്ടം വളരെ പ്രചാരത്തിലാണെന്ന് കണ്ടെത്തി. സർവേ പ്രകാരം, 18 നും 24 നും ഇടയിൽ പ്രായമുള്ള ഫിലിപ്പിനോകളിൽ 66% പേരും ഓൺലൈനിൽ ചൂതാട്ടം നടത്തുന്നവരാണ്, 41 നും 55 നും ഇടയിൽ പ്രായമുള്ളവരിൽ 57% പേരും ആഴ്ചയിൽ ശരാശരി രണ്ടോ മൂന്നോ തവണ പതിവായി ഓൺലൈൻ ചൂതാട്ടം നടത്തുന്നതായി റിപ്പോർട്ട് ചെയ്തു. ഈ പഠനങ്ങളുടെയെല്ലാം വെളിച്ചത്തിലാണ്, മെത്രാന്മാർ ഈ സാമൂഹിക വിപത്തിനെ ഒഴിവാക്കുവാൻ ഇവയെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
സാമ്പത്തിക നഷ്ടങ്ങൾ, മാനസികാരോഗ്യ പ്രശ്നങ്ങൾ, കള്ളപ്പണം വെളുപ്പിക്കൽ പോലുള്ള കുറ്റകൃത്യങ്ങൾക്കും ഈ ഓൺലൈൻ ചൂതാട്ടം കാരണമാകുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി. സമ്പന്നരായ വ്യക്തികൾക്കിടയിലും താഴ്ന്ന വരുമാനമുള്ള കുടുംബങ്ങൾക്കിടയിലും, തൊഴിൽരഹിതർക്കിടയിലും പോലും ഓൺലൈൻ ചൂതാട്ടം വ്യാപകമായതിനാൽ, ദാരിദ്ര്യാവസ്ഥയിലേക്ക് സമൂഹത്തെ ഒന്നടങ്കം ഈ ചൂതാട്ടങ്ങൾ എത്തിക്കുമെന്നുള്ള മുന്നറിയിപ്പും സഭ നൽകുന്നു.
പണം സമ്പാദിക്കുന്നതിനായി മറ്റുള്ളവരുടെ ബലഹീനതകളെ ചൂഷണം ചെയ്യുന്നത് പാപമാണ്. പ്രത്യേകിച്ച് യുവാക്കൾക്കും ദരിദ്രർക്കും ഇടയിൽ ചൂതാട്ടം വ്യാപിക്കുന്നത് ഒരു വലിയ അപവാദമാണെന്നുള്ളതാണ് സഭയുടെ നിലപാട്. അതിനാൽ എല്ലാത്തരം ഓൺലൈൻ ചൂതാട്ടങ്ങളും നിയമവിരുദ്ധമായി പ്രഖ്യാപിക്കാനും ചൂതാട്ട ആസക്തി ഒരു പൊതുജനാരോഗ്യ പ്രശ്നമാണെന്നും ഉചിതമായ വിദ്യാഭ്യാസം, നിയമനിർമ്മാണം, ചികിത്സ എന്നിവയിലൂടെ അത് പരിഹരിക്കണമെന്നും മെത്രാന്മാർ ആവശ്യപ്പെട്ടു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: