MAP

വെസ്റ്റ് ബാങ്കിൽ നടന്ന ആക്രമണത്തിൽ തകർന്ന വാഹനം വെസ്റ്റ് ബാങ്കിൽ നടന്ന ആക്രമണത്തിൽ തകർന്ന വാഹനം   (ANSA)

വെസ്റ്റ്ബാങ്കിലെ ആക്രമണത്തിൽ ആശങ്കയറിയിച്ച് ജറുസലേമിലെ പാത്രിയർക്കീസുമാരും, സഭാനേതാക്കളും

വെസ്റ്റ് ബാങ്കിലെ ക്രിസ്ത്യൻ നഗരമായ തായ്‌ബെയെ ലക്ഷ്യമിട്ടുള്ള മറ്റൊരു ആക്രമണത്തിൽ, നിരവധി നാശനഷ്ടങ്ങൾ ഉണ്ടായി.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

വിശുദ്ധ ഭൂമിയിലെ സമാധാനപരമായ അന്തരീക്ഷത്തിനു ഭീഷണികൾ ഉയർത്തുന്ന ആക്രമണങ്ങൾ നിർത്തണമെന്നും, മതസ്വാതന്ത്ര്യത്തിനുള്ള അവകാശവും സാംസ്കാരിക പൈതൃക സംരക്ഷണവും ഉറപ്പുവരുത്തണമെന്നും എടുത്തു പറഞ്ഞുകൊണ്ട്, ജറുസലേമിലെ പാത്രിയർക്കീസുമാരും, സഭാനേതാക്കളും സംയുക്ത പ്രസ്താവന പ്രസിദ്ധീകരിച്ചു. വെസ്റ്റ് ബാങ്കിലെ ക്രിസ്ത്യൻ നഗരമായ തായ്‌ബെയെ ലക്ഷ്യമിട്ടുള്ള മറ്റൊരു  ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് സഭാനേതാക്കൾ പ്രതികരിച്ചത്. നിരവധി വാഹനങ്ങൾ അഗ്നിക്കിരയാക്കുകയും വെറുപ്പുളവാക്കുന്ന ചുവരെഴുത്തുകൾ എഴുതുകയും ചെയ്തുകൊണ്ട്, ക്രൈസ്തവർക്കിടയിൽ ഭീഷണികൾ ഉയർത്തുന്നതു പതിവാകുകയാണെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാണിച്ചു.

ബന്ധപ്പെട്ട ഭരണാധികാരികളുടെ ഉത്തരവാദിത്വമില്ലായ്മ ക്രിസ്ത്യൻ സമൂഹങ്ങളെ ഭീഷണിപ്പെടുത്തുക മാത്രമല്ല, എല്ലാവർക്കും സമാധാനവും നീതിയും നിലനിർത്തുന്ന ധാർമ്മികവും നിയമപരവുമായ അടിത്തറകളെ ദുർബലപ്പെടുത്തുകയും ചെയ്യുന്നുവെന്നും പ്രസ്താവനയിൽ എടുത്തു പറഞ്ഞു. നടക്കുന്ന ഗുരുതരമായ ലംഘനങ്ങളെ അഭിസംബോധന ചെയ്യുന്നതിനുപകരം, ആശയകുഴപ്പങ്ങൾ ഉയർത്തിക്കൊണ്ട് പുകമറ സൃഷ്ടിക്കുവാനുള്ള ശ്രമങ്ങൾ തിരിച്ചറിയണമെന്നും പ്രസ്താവനയിൽ പറയുന്നു.

ഈ കുറ്റകൃത്യങ്ങൾക്ക് ഉത്തരവാദികളായവരെ ഉടനടി ഉത്തരവാദിത്തപ്പെടുത്തുക, തയ്ബെയിലെ ജനങ്ങൾക്കും,  എല്ലാ ദുർബല സമൂഹങ്ങൾക്കും ഫലപ്രദവും സ്ഥിരവുമായ സംരക്ഷണം ഉറപ്പാക്കുക, അന്താരാഷ്ട്ര നിയമപ്രകാരമുള്ള അതിന്റെ ബാധ്യതകളെ മാനിക്കുകയും നിയമത്തിന് മുന്നിൽ തുല്യത ഉറപ്പാക്കുകയും ചെയ്യുക എന്നിങ്ങനെയുള്ള ആവശ്യങ്ങളും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 ജൂലൈ 2025, 12:11