യെമെനിലെ പകുതിയോളം ആളുകളും കടുത്ത ഭക്ഷ്യഅരക്ഷിതാവസ്ഥയിലെന്ന് ഐക്യരാഷ്ട്രസഭാസംഘടനകൾ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
മധ്യപൂർവ്വേഷ്യൻ രാജ്യമായ യെമെനിലെ സർക്കാർനിയന്ത്രിത പ്രദേശങ്ങളിൽ വസിക്കുന്ന രാജ്യത്തെ ജനങ്ങളിൽ പകുതിയോളം കടുത്ത ഭഷ്യ അരക്ഷിതാവസ്ഥ നേടുകയാണെന്ന് യൂണിസെഫ് (UNICEF), ഭക്ഷ്യ കാർഷിക സംഘടന (FAO), ലോകഭക്ഷ്യപദ്ധതി (WFP) എന്നീ ഐക്യരാഷ്ട്രസഭാസംഘടനകൾ ജൂൺ 25-ന് സംയുക്തമായി പുറത്തുവിട്ട പത്രക്കുറിപ്പിലൂടെ അറിയിച്ചു. വരും മാസങ്ങളിൽ രാജ്യത്തെ ഭക്ഷ്യഅരക്ഷിതാവസ്ഥ കൂടുതൽ വഷളാകുമെന്നറിയിച്ച സംഘടനകൾ, 2025 മെയ് മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ മാത്രം അൻപത് ലക്ഷത്തോളം (40.95) ആളുകൾ പ്രതിസന്ധി ഘട്ടത്തിലുള്ള (IPC ഘട്ടം 3+) ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടേണ്ടിവരുമെന്ന് വിശദീകരിച്ചു, ഇതിൽ 15 ലക്ഷത്തോളം പേർ അടിയന്തരാവസ്ഥാഘട്ടത്തിലുള്ള (IPC ഘട്ടം 4) ഭക്ഷ്യ അരക്ഷിതാവസ്ഥയാകും നേരിടുക.
രാജ്യത്ത് അഞ്ചുവയസ്സിൽ താഴെയുള്ള ഇരുപത്തിനാല് ലക്ഷത്തോളം കുട്ടികളും ഗർഭിണികളും മുലയൂട്ടുന്നവരുമായ പതിനഞ്ച് ലക്ഷത്തോളം സ്ത്രീകളും കടുത്ത പോഷകാഹാരക്കുറവ് മൂലം ബുദ്ധിമുട്ടുകയാണെന്നും ഐക്യരാഷ്ട്രസഭാഘടകങ്ങൾ അറിയിച്ചു.
കഴിഞ്ഞ നവംബർ മുതൽ ഫെബ്രുവരി വരെ ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിട്ടവരുടെ എണ്ണം ഏതാണ്ട് നാല് ലക്ഷത്തോളമാണ് (3.70.000) വർദ്ധിച്ചത്. എന്നാൽ ഈ വർഷം സെപ്റ്റംബർ മുതൽ അടുത്ത ഫെബ്രുവരി വരെയുള്ള കാലയളവിൽ നാലേകാൽ ലക്ഷത്തോളം (4.20.000) ആളുകൾ കൂടി ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടേണ്ടിവന്നേക്കാമെന്ന് ഐക്യരാഷ്ട്രസഭസംഘടനകൾ ഓർമ്മിപ്പിച്ചു. ഈ കണക്കുകൾ ശരിയാകുകയാണെങ്കിൽ രാജ്യത്തെ പകുതിയിലധികം വരുന്ന അൻപത്തിയഞ്ചു ലക്ഷത്തോളം ആളുകൾ ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടേണ്ടിവന്നേക്കാം.
ദീര്ഘനാളുകളായി തുടരുന്ന സാമ്പത്തികത്തകർച്ച, കറൻസി മൂല്യത്തകർച്ച, സംഘർഷങ്ങൾ, കഠിനമായ കാലാവസ്ഥാപ്രതിസന്ധികൾ തുടങ്ങിയ വിവിധ കാരണങ്ങളാണ് രാജ്യത്തെ ഭക്ഷ്യസുരക്ഷ, പോഷകാഹാരലഭ്യതക്കുറവ്, ശുചിത്വം, ആരോഗ്യം തുടങ്ങിയ മേഖലകൾ മെച്ചപ്പെടുത്താനായി ശ്രമിച്ചുവരികയാണെന്നും പത്രക്കുറിപ്പ് വ്യക്തമാക്കി.
രാജ്യത്തെ സ്ഥിതിഗതികൾ കൂടുതൽ വഷളാകുന്നത് തടയാനായി കൂടുതൽ മാനുഷിക, സാമ്പത്തിക പിന്തുണ ആവശ്യമുണ്ടെന്ന് സംഘടനകൾ തങ്ങളുടെ പത്രക്കുറിപ്പിലൂടെ ഓർമ്മിപ്പിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: