ആഫ്രിക്കയിൽ കുട്ടികളുടെ ആരോഗ്യസ്ഥിതി അതിദയനീയം: യൂണിസെഫ് സംഘടന
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
ആക്രമണങ്ങളും, അരക്ഷിതാവസ്ഥകളും രൂക്ഷമാകുന്ന ആഫ്രിക്കയിൽ, കുട്ടികളുടെ ജീവിതം കൂടുതൽ ദുരിതപൂർണ്ണമാകുന്നുവെന്നു യൂണിസെഫ് സംഘടന പുറത്തിറക്കിയ വാർത്താ പ്രസ്താവനയിൽപ്രത്യേകം ചൂണ്ടികാണിച്ചു മധ്യ- സഹേൽ രാഷ്ട്രങ്ങളായ ബുർക്കിന ഫാസോ, മാലി, നൈജർ എന്നിവിടങ്ങളിലാണ് കൂടുതൽ പ്രശ്നങ്ങൾ ഉടലെടുത്തിരിക്കുന്നത്. ഈ മേഖലയിലെ ദശലക്ഷക്കണക്കിന് കുട്ടികൾ സ്കൂളിൽ പോകുന്നില്ലയെന്നതും ഏറെ വേദനയുളവാക്കുന്നു. 2.9 ദശലക്ഷത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിച്ചതിൽ പകുതിയോളം കുട്ടികളാണ്.
അരക്ഷിതാവസ്ഥ, സ്ഥാനഭ്രംശം, കാലാവസ്ഥാ വ്യതിയാനം എന്നിവയാൽ ജീവിതം താറുമാറായ സഹേലിലെ കുട്ടികളെ സംരക്ഷിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് യുണിസെഫ് എക്സിക്യൂട്ടീവ് ഡയറക്ടർ, കാതറിൻ റസ്സൽ ആവശ്യപ്പെട്ടു. ആരോഗ്യം, വിദ്യാഭ്യാസം, കുട്ടികളുടെ സംരക്ഷണം എന്നിവയിലെ പ്രധാന വെല്ലുവിളികളെ നേരിടാൻ അന്താരാഷ്ട്ര സമൂഹങ്ങളുടെ കൂട്ടായ്മയും അഭ്യർത്ഥിച്ചു.
ആക്രമണങ്ങളും, അരക്ഷിതാവസ്ഥകളും കാരണം 8,000-ത്തിലധികം സ്കൂളുകളാണ് അടച്ചുപൂട്ടിയിരിക്കുന്നത്. എന്നാൽ വാക്സിനേഷൻ കുട്ടികൾക്ക് നൽകുന്നതിൽ വീഴ്ചകൾ സംഭവിച്ചിട്ടില്ല എന്നത് പ്രധാനപ്പെട്ട ഒരു കാര്യമായും പ്രസ്താവനയിൽ എടുത്തു പറഞ്ഞു. ദശലക്ഷക്കണക്കിന് കുട്ടികൾക്ക് വാക്സിനേഷൻ, പോഷകാഹാരം, ശുദ്ധജലം, സാമൂഹിക സംരക്ഷണം എന്നിവയുൾപ്പെടെ അവശ്യ സേവനങ്ങൾ നൽകുന്നതിനും സ്കൂളുകൾ തുറക്കുന്നതിനും മധ്യ - സഹേലിലെ സമൂഹങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള പദ്ധതികളും യൂണിസെഫ് സംഘടന ആസൂത്രണം ചെയ്തുവരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: