ഉക്രൈനിൽ നിരവധി കുട്ടികൾ ആക്രമണങ്ങൾക്ക് ഇരകളാകുന്നു
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
റഷ്യ- ഉക്രൈൻ യുദ്ധം സമാനതകളില്ലാത്ത ഭീകര അന്തരീക്ഷത്തിലൂടെ കടന്നുപോകുമ്പോൾ, ആക്രമണങ്ങൾക്ക് ഇരകളാകുന്നവരിൽ നിരവധി കുട്ടികളും ഉൾപ്പെടുന്നുവെന്നു ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ് സംഘടന ജൂൺ അഞ്ച് വ്യാഴാഴ്ച പ്രസിദ്ധീകരിച്ച, ട്വിറ്റർ സന്ദേശത്തിലൂടെ അറിയിച്ചു. ഉക്രൈനിലെ കുട്ടികൾക്ക്, സ്ഥിരമായ സമാധാനം അനുഭവിക്കുവാൻ അവകാശമുണ്ടെന്നും സന്ദേശത്തിൽ ചൂണ്ടിക്കാട്ടി.
ഫെബ്രുവരി ആദ്യം മുതലുള്ള കഴിഞ്ഞ നാലു മാസങ്ങളിൽ മാത്രം രണ്ടായിരത്തിഎഴുനൂറിലധികം കുട്ടികൾ ഉക്രൈനിൽ ആക്രമണങ്ങളുടെ ഇരകളായെന്നും ഇവരിൽ നിരവധി പേർ കൊല്ലപ്പെട്ടുവെന്നും യൂണിസെഫ് വ്യക്തമാക്കി. ഉക്രൈനിൽ സമാധാനം സ്ഥാപിക്കപ്പെടുന്നതിനുവേണ്ടി ഇനിയും യുവജനങ്ങളുടെ ജീവിതം ബലികഴിക്കണമോയെന്നും, അവരുടെ ഭാവി ഇല്ലാതാക്കണമോ? എന്ന ചോദ്യവും സംഘടന ഉന്നയിച്ചു.
റഷ്യയും ഉക്രൈനും തമ്മിൽ ഏറെ നാളുകളായി നടന്നുവരുന്ന ആക്രമണങ്ങൾ കടുത്ത തോതിൽ തുടരുന്നതിനിടെയാണ് യൂണിസെഫ് ഉക്രൈനിലെ കുട്ടികൾ നേരിടുന്ന ദുരിതങ്ങളെ എടുത്തുകാണിച്ചത്. സമാധാനസ്ഥാപനത്തിനുവേണ്ടിയുള്ള ചർച്ചകൾക്കിടയിലും, ഇരുരാജ്യങ്ങൾക്കിടയിലുള്ള ആക്രമണം മൂലം കഴിഞ്ഞ നാളുകളിൽ നിരവധി ജീവനുകൾ പൊലിഞ്ഞിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: