MAP

ബാലവേലയും ഇല്ലാതാകുന്ന ഭാവിയും ബാലവേലയും ഇല്ലാതാകുന്ന ഭാവിയും 

യുവജീവിതങ്ങളുടെ അടിസ്ഥാനാവകാശങ്ങൾ നിഷേധിക്കുന്ന തിന്മയാണ് ബാലവേല: സേവ് ദി ചിൽഡ്രൻ

കുട്ടികളുടെ വിദ്യാഭ്യാസസാധ്യതയും, ആരോഗ്യപരമായ വളർച്ചയും, മാനസിക, ശാരീരിക സന്തോഷങ്ങളും ഇല്ലാതാക്കുന്ന തിന്മയാണ് ബാലവേലയെന്ന് സേവ് ദി ചിൽഡ്രൻ അന്താരാഷ്ട്രസംഘടന. ബാലവേലയ്‌ക്കെതിരെയുള്ള ആഗോളദിനവുമായി ബന്ധപ്പെട്ട്, ജൂൺ 10 ചൊവ്വാഴ്ച പുറത്തുവിട്ട പത്രക്കുറിപ്പിലൂടെയാണ് ഭാവിയുടെ വാഗ്ദാനങ്ങളായ കുരുന്നുകളുടെ പ്രതീക്ഷകളെ ഇല്ലാതാക്കുന്ന ബാലവേലയ്‌ക്കെതിരെ, കുട്ടികളുടെ അവകാശങ്ങൾക്കുവേണ്ടി പോരാടുന്ന സേവ് ദി ചിൽഡ്രൻ പ്രസ്‌താവന നടത്തിയത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

കുട്ടികളുടെയും കൗമാരക്കാരുടെയും അടിസ്ഥാനാവകാശങ്ങൾ നിഷേധിക്കുകയും, അവരുടെ വളർച്ചാസാധ്യതകളെ ഇല്ലാതാക്കുകയും ചെയ്യുന്ന തിന്മയാണ് ബാലവേലയെന്ന്, കുട്ടികളുടെ അവകാശങ്ങൾക്കുവേണ്ടി പോരാടുന്ന സേവ് ദി ചിൽഡ്രൻ അന്താരാഷ്ട്രസംഘടന. ജൂൺ 12-ന് ബാലവേലയ്‌ക്കെതിരായ ആഗോളദിനം ആചരിക്കാനിരിക്കെ, ജൂൺ 10 ചൊവ്വാഴ്‌ച പുറത്തുവിട്ട പത്രക്കുറിപ്പിലൂടെയാണ് വിദ്യാഭ്യാസത്തിനും, ആരോഗ്യപരമായി വളരാനും, ശാരീരിക, മാനസിക സന്തോഷങ്ങൾ അനുഭവിക്കാനുമുള്ള കുട്ടികളുടെയും കുമാരക്കാരുടെയും സാധ്യതകളെ ഇല്ലാതാക്കുന്ന ബാലവേലയെന്ന തിന്മയ്‌ക്കെതിരെ സംഘടന പ്രസ്‌താവന നടത്തിയത്.

ബാലവേലയിൽ ഏർപ്പെടുന്ന കുട്ടികളിൽ പലരും, സ്‌കൂൾ വിദ്യഭ്യാസസമയത്താണ് ജോലി ചെയ്യാൻ നിർബന്ധിതരാകുന്നതെന്നും, ഇത്, സ്ഥിരമായി സ്‌കൂൾ വിദ്യാഭ്യാസം ഒഴിവാക്കാനുള്ള അപകടസാധ്യതായാണ് അവർക്ക് മുന്നിൽ വയ്ക്കുന്നതെന്നും സേവ് ദി ചിൽഡ്രൻ ഓർമ്മിപ്പിച്ചു. ഇത്തരമൊരു അവസ്ഥ, കുറഞ്ഞ ശമ്പളമുള്ള ജോലികളിൽ തുടരാൻ അവരെ നിർബന്ധിക്കുമെന്നും, പിന്നീട് ദാരിദ്ര്യത്തിലേക്കും അസമത്വങ്ങളിലേക്കും അവരെ കൊണ്ടുപോകുമെന്നും സംഘടന കൂട്ടിച്ചേർത്തു.

ബാലവേലയും, അതുവഴിയുണ്ടാകുന്ന കൗമാരക്കാരുടെ ഇടയിലുള്ള ദാരിദ്ര്യവും ഒഴിവാക്കാനായി, വിദ്യാഭ്യാസപരിശീലന രംഗങ്ങളിൽ ശ്രമങ്ങൾ ഉണ്ടാകേണ്ടതിന്റെ ആവശ്യത്തെക്കുറിച്ച് സംഘടന ഓർമ്മിപ്പിച്ചു. സാമൂഹ്യ, സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന വിദ്യാർത്ഥികൾക്ക് കൂടുതൽ സഹായമേകേണ്ടതിന്റെ ആവശ്യകതയും സംഘടന എടുത്തുപറഞ്ഞു.

ദുർബലവിഭാഗങ്ങളിലുള്ള കുട്ടികൾ, ജോലിസംബന്ധമായ ചൂഷണങ്ങൾക്കിരകളാകാനുള്ള സാധ്യതയെക്കുറിച്ചും സേവ് ദി ചിൽഡ്രൻ പരാമർശിച്ചു.

ഇറ്റലിയിൽ പോലും ഏഴിനും പതിനഞ്ചിനും ഇടയിലുള്ള മൂന്നലക്ഷത്തിമുപ്പത്താറായിരത്തോളം കുട്ടികൾ തുടർച്ചയായതോ, ഇടവിട്ടുള്ളതോ ആയ ജോലികൾ ചെയ്യുന്നുണ്ടന്ന് സംഘടന എഴുതി. എന്നാൽ പതിനാലിനും പതിനഞ്ചിനും ഇടയിലുള്ള 20 ശതമാനം കുട്ടികളും ജോലികളിൽ ഏർപ്പെട്ടിട്ടുണ്ടെന്നും, ഇവരിൽ പലരും, വിദ്യാഭാസത്തിന് തടസ്സമാകുന്ന രീതിയിലാണ് ജോലി ചെയ്തിട്ടുള്ളതെന്നും സേവ് ദി ചിൽഡ്രൻറെ കണക്കുകൾ വ്യക്തമാക്കി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 ജൂൺ 2025, 13:29