MAP

മാനവിക ഇടനാഴികൾ വഴി ഇറ്റലിയിലേക്കെത്തിയ ഒരു സംഘം അഭയാർത്ഥികൾ മാനവിക ഇടനാഴികൾ വഴി ഇറ്റലിയിലേക്കെത്തിയ ഒരു സംഘം അഭയാർത്ഥികൾ  (ANSA)

യൂറോപ്യൻ അതിർത്തികളിൽ കുട്ടികളുടെ ജീവിതം സുരക്ഷിതമാക്കണം: സേവ് ദി ചിൽഡ്രൻ

യൂറോപ്യൻ യൂണിയന്റെ ബാഹ്യ അതിർത്തികളിൽ നടക്കുന്ന പ്രവർത്തനങ്ങൾ ശിശുക്കളുടെയും കൗമാരക്കാരുടെയും സുരക്ഷിതത്വം ഉറപ്പാക്കുന്നില്ലെന്ന് സേവ് ദി ചിൽഡ്രൻ അന്താരാഷ്ട്രസംഘടന. ജൂൺ 18 ബുധനാഴ്ച പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലാണ്, ഗ്രീസ്, ഇറ്റലി, ഫിൻലൻഡ്‌, സ്പെയിൻ, പോളണ്ട് എന്നീ രാജ്യങ്ങളുടേതുൾപ്പെടെയുള്ള അതിർത്തിപ്രദേശങ്ങളിൽ എത്തുന്ന കുട്ടികൾ നേരിടേണ്ടിവരുന്ന സ്ഥിതിവിശേഷങ്ങളെക്കുറിച്ച് സംഘടന പരാമർശിച്ചത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ഗ്രീസ്, ഇറ്റലി, ഫിൻലൻഡ്‌, സ്പെയിൻ, പോളണ്ട് തുടങ്ങി, യൂറോപ്യൻ യൂണിയന്റെ ബാഹ്യ അതിർത്തികളിൽ ശിശുക്കളുടെയും കൗമാരക്കാരുടെയും സുരക്ഷിതമായ ജീവിതത്തിന് പ്രതിസന്ധിയുയർത്തുന്ന അവസ്ഥയുണ്ടെന്ന് കുട്ടികളുടെ അവകാശങ്ങൾക്കുവേണ്ടി പോരാടുന്ന സേവ് ദി ചിൽഡ്രൻ അന്താരാഷ്ട്രസംഘടന. ജൂൺ 18 ബുധനാഴ്ച പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെയാണ്, യൂറോപ്പിലേക്കെത്തുന്ന കുട്ടികളുടെ സുരക്ഷിതത്വം സംബന്ധിച്ച വിഷയത്തെക്കുറിച്ച് സംഘടന പ്രസ്താവന നടത്തിയത്.

കുടിയേറ്റവും അഭയസാധ്യതകളും സംബന്ധിച്ച യൂറോപ്പ്യൻ യൂണിയൻ ഉടമ്പടി പ്രാബല്യത്തിൽ വരുന്നതിന് മുൻപായി, ചില രാജ്യങ്ങൾ പ്രായപൂർത്തിയാകാത്തവരെ തടഞ്ഞുവയ്ക്കാനും, കുടിയേറ്റക്കാർക്കായുള്ള സംരക്ഷണസാധ്യത ലഭിക്കാനുള്ള അവസരം കുറയ്ക്കാനും വേണ്ടിയുള്ള നടപടികൾ സ്വീകരിച്ചുവരുന്നതിന്റെ കൂടി പശ്ചാത്തലത്തിലാണ് സേവ് ദി ചിൽഡ്രൻ ഇത്തരമൊരു പത്രക്കുറിപ്പിറക്കിയത്. ജൂൺ 20-ന് അഭയാർത്ഥികൾക്കായുള്ള അന്താരാഷ്ട്രദിനം ആചരിക്കുന്നതിന്റെ കൂടി പശ്ചാത്തലത്തിൽ, കുട്ടികളുടെ സുരക്ഷിതത്വത്തിനും അവകാശങ്ങൾക്കും പ്രാമുഖ്യം കൊടുക്കാൻ സംഘടന ആവശ്യപ്പെട്ടു.

കുടിയേറ്റക്കാർക്ക് കൂടുതൽ സംരക്ഷണം ലഭിക്കാൻവേണ്ടിയുള്ള ഉടമ്പടി കുട്ടികളെ, പ്രത്യേകിച്ച് മറ്റാരും ഒപ്പമില്ലാത്ത കുട്ടികളെ സംരക്ഷിക്കുന്നതിൽ പരാജയപ്പെടാൻ സാധ്യതയുണ്ടെന്ന്, കുടിയേറ്റക്കാരായ കുട്ടികൾക്കിടയിൽ നടത്തിയ പഠനങ്ങളുടെ കൂടി വെളിച്ചത്തിൽ സംഘടന വ്യക്തമാക്കി. നിരവധി പ്രതിസന്ധികളാണ് അഭയാർത്ഥികളായെത്തുന്ന കുട്ടികൾ യൂറോപ്യൻ അതിർത്തികളിൽ നേരിടേണ്ടിവരുന്നത്. 2026 ജൂൺ മാസത്തോടെയായിരിക്കും, കുടിയേറ്റക്കാരെ യൂറോപ്പിൽ സ്വീകരിക്കുന്നത് സംബന്ധിച്ച ഉടമ്പടി പ്രാബല്യത്തിൽ വരിക.

ദേശീയസുരക്ഷയുടെ പേരിൽ, പ്രായപൂർത്തിയാകാത്തവരെ തടങ്കലിൽ വയ്ക്കാനും, യൂറോപ്പിൽ അഭയം തേടാനുള്ള സാധ്യതകൾ ഇല്ലാതാക്കാനുമടക്കമുള്ള നിയമങ്ങളാണ് ചില രാജ്യങ്ങൾ സ്വീകരിച്ചുവരുന്നത്. പലയിടങ്ങളിലും കുട്ടികളെ തെറ്റായ രീതിയിൽ, മുതിർന്നവരുടെ ഗണത്തിൽപ്പെടുത്തുകയും, അവർക്കുവേണ്ട നിയമ, ചികിത്സാസൗകര്യങ്ങൾ നൽകാതിരിക്കുകയും ചെയ്യുന്നത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും സംഘടന അറിയിച്ചു.

പുതിയ കുടിയേറ്റനിയമങ്ങളുടെ കൂടി പശ്ചാത്തലത്തിൽ, പ്രായപൂർത്തിയാകാത്തവരെ തടവിൽ വയ്ക്കുകയോ, അഭയത്തിനുള്ള സാധ്യതകൾ നിഷേധിക്കകയോ ചെയ്യരുതെന്ന് യൂറോപ്യൻ അംഗരാജ്യങ്ങളോട് സേവ് ദി ചിൽഡ്രൻ അഭ്യർത്ഥിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 ജൂൺ 2025, 17:49