MAP

മാനവിക ഇടനാഴികൾ വഴി ഇറ്റലിയിലേക്കെത്തിയ അഭയാർത്ഥികൾക്ക് സ്വാഗതമോതുന്ന ബാനർ - ഫയൽ ചിത്രം മാനവിക ഇടനാഴികൾ വഴി ഇറ്റലിയിലേക്കെത്തിയ അഭയാർത്ഥികൾക്ക് സ്വാഗതമോതുന്ന ബാനർ - ഫയൽ ചിത്രം  (ANSA)

ഇറ്റലി: ലിബിയയിൽനിന്ന് മാനവിക ഇടനാഴികൾ വഴി എഴുപത്തിയൊന്ന് അഭയാർത്ഥികളെത്തുന്നു

ജൂൺ 25 ബുധനാഴ്ച സാന്ത് എജീദിയോ സമൂഹം, അഭയാർത്ഥികൾക്കായുള്ള ഐക്യരാഷ്ട്രസഭയുടെ ഹൈക്കമ്മീഷണറുടെ ഓഫീസ്, ആർച്ചി തുടങ്ങിയ സഘടനകളുടെയും, ഇറ്റലിയിലെ ആഭ്യന്തര, വിദേശകാര്യ മന്ത്രാലയങ്ങളുടെയും സഹകരണത്തോടെ ലിബിയയിൽനിന്ന് എഴുപത്തിയൊന്ന് അഭയാർത്ഥികൾ ഇറ്റലിയിലേക്കെത്തും. എരിത്രയ, എത്യോപ്യ, കോംഗോ ഡെമോക്രറ്റിക് റിപ്പബ്ലിക്, സോമാലിയ, സുഡാൻ എന്നിവിടങ്ങളിൽനിന്നുള്ളവരാണ് അഭയാർത്ഥികളിൽ ഭൂരിഭാഗവും.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

മാനവിക ഇടനാഴികൾ വഴി കൂടുതൽ അഭയാർത്ഥികൾക്ക് സ്വാഗതമേകി ഇറ്റലി. ജൂൺ 25 ബുധനാഴ്ച ഉച്ചയോടെ എഴുപത്തിയൊന്ന് അഭയാർത്ഥികളാണ് ലിബിയയിൽനിന്ന് ഇറ്റലിയിലേക്കെത്തുക. സാന്ത് എജീദിയോ സമൂഹം, അഭയാർത്ഥികൾക്കായുള്ള ഐക്യരാഷ്ട്രസഭയുടെ ഹൈക്കമ്മീഷണറുടെ ഓഫീസ്, ആർച്ചി തുടങ്ങിയ സഘടനകളുടെയും, ഇറ്റലിയിലെ ആഭ്യന്തര, വിദേശകാര്യ മന്ത്രാലയങ്ങളുടെയും ഒരുമിച്ചുള്ള പ്രവർത്തനഫലമായാണ് ഈ അഭയാർത്ഥികൾ മാനവിക ഇടനാഴികൾ വഴി ഇറ്റലിയിലേക്കെത്തുന്നത്.

എരിത്രയ, എത്യോപ്യ, കോംഗോ ഡെമോക്രറ്റിക് റിപ്പബ്ലിക്, സോമാലിയ, സുഡാൻ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ളവരാണ് അഭയാർത്ഥികളിൽ ഭൂരിഭാഗവുമെന്ന് ജൂൺ 25-ന് സംഘടനകൾ സംയുക്തമായി പുറത്തുവിട്ട പത്രക്കുറിപ്പിലൂടെ അറിയിച്ചു.

ലിബിയയിലെ താമസസമയത്തുൾപ്പെടെ ദീർഘനാളുകളായി ഗുരുതരമായ അവസ്ഥകളിലൂടെ കടന്നുപോയ ഇവരിൽ പകുതിയിലധികം പേരും പ്രായപൂർത്തിയാകാത്തവരും സ്ത്രീകളുമാണ്. കുട്ടികളിൽ ചിലർ ലിബിയയിലെ ക്യാമ്പുകളിൽ വച്ച് ജനിച്ചവരാണ്. ഇറ്റലിയിലെത്തുന്ന ഈ എഴുപത്തിയൊന്ന് അഭയാർത്ഥികളും സാന്ത് എജീദിയോ സമൂഹത്തിന്റെയും മറ്റ് സംഘടനകളുടെയും കോൺഗ്രിഗേഷനുകളുടെയും ഉൾപ്പെടെയുള്ള നേതൃത്വത്തിൽ രാജ്യത്തെ വിവിധ പ്രദേശങ്ങളിലേക്ക് അയക്കപ്പെടും. അവിടെ ഇവർക്ക് സമൂഹത്തിൽ ഇഴചേരാനും, വിദ്യാഭ്യാസം നൽകാനും ഉൾപ്പെടെയുള്ള ഒരുക്കങ്ങൾ തയ്യാറാക്കിയിട്ടുണ്ടെന്നും സഘടനകൾ വ്യക്തമാക്കി.

ഫ്യുമിച്ചീനോയിലുള്ള ലിയോനാർദോ ഡാവിഞ്ചി അന്താരാഷ്ട്രവിമാനത്താവളം വഴിയായിരിക്കും ഈ അഭയാർത്ഥികൾ ഇറ്റലിയിലേക്ക് പ്രവേശിക്കുക. സാന്ത് എജീദിയോ സമൂഹം, അഭയാർത്ഥികൾക്കായുള്ള ഐക്യരാഷ്ട്രസഭയുടെ ഹൈക്കമ്മീഷണറുടെ ഓഫീസ്, ആർച്ചി തുടങ്ങിയ സഘടനകളുടെയും, ഇറ്റലിയിലെ ആഭ്യന്തര, വിദേശകാര്യ മന്ത്രാലയങ്ങളുടെയും പ്രതിനിധികൾ ഇവരെ സ്വീകരിക്കാനുണ്ടാകും.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 ജൂൺ 2025, 16:48