സമാധാനത്തിന്റെ നഗരമായ ജെറുസലേമും യഹൂദമതവിശ്വാസികളും
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
യഹൂദമതവിശ്വാസത്തിന്റെ ഭാഗമായി മൂന്നുവട്ടം ജെറുസലേം സന്ദർശിക്കുന്ന അവസരത്തിൽ തീർത്ഥാടകർ ആലപിച്ചിരുന്ന നൂറ്റിയിരുപതുമുതൽ നൂറ്റിമുപ്പത്തിനാലുവരെയുള്ള, ആരോഹണഗീതങ്ങൾ എന്നറിയപ്പെടുന്ന, പതിനഞ്ചു സങ്കീർത്തനങ്ങളിലെ മൂന്നാമത്തേതായ നൂറ്റിയിരുപത്തിരണ്ടാം സങ്കീർത്തനം, പ്രവാസനന്തരകാലത്ത്. രചിക്കപ്പെട്ടതായി കരുതപ്പെടുന്നു. എന്നാൽ ദാവീദ് രാജാവിനാൽ എഴുതപ്പെട്ടതെന്ന് സങ്കീർത്തനത്തിന്റെ തലക്കെട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഭാവികാലങ്ങളിൽ ജെറുസലേമിലെത്താനിരിക്കുന്ന വിശ്വാസികളെക്കൂടി മനസ്സിൽ കണ്ട് അദ്ദേഹം ഇതെഴുതിയതാകാം എന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. നഗരത്തിന്റെ കവാടങ്ങൾക്കുള്ളിൽ പാദമൂന്നിയ തീർത്ഥാടകന്റെ മനസ്സിലെ വികാരങ്ങളാണ് ഈ വരികളിൽ നാം കാണുന്നത്. കർത്താവിന്റെ ആലയം നിലനിൽക്കുന്ന ജെറുസലേം നഗരത്തിലേക്കുള്ള യാത്രയിൽ പങ്കുചേർന്ന് അവിടെയെത്തിയതായി സങ്കൽപ്പിക്കുന്ന വിശ്വാസിയുടെ ആഹ്ളാദവും ജറുസലേമിൽ നിലനിൽക്കേണ്ട സമാധാനവും ഈ സങ്കീർത്തനവരികളിൽ, പ്രത്യേകിച്ച് പ്രാർത്ഥനാശംസയുടെ രൂപത്തിലുള്ള രണ്ടാം ഭാഗത്ത് നമുക്ക് കാണാം. യഹൂദരെ സംബന്ധിച്ചിടത്തോളം കൂട്ടായ്മയുടെയും ദൈവസ്‌തുതിയുടെയും സമാധാനത്തിന്റെയും ഇടമെന്ന നിലയിൽ ജെറുസലേമിനുള്ള പ്രാധാന്യവും ഈ സങ്കീർത്തനവാക്യങ്ങളിൽ നമുക്ക് കാണാം.
കർത്താവിന്റെ ആലയമായ ജെറുസലേം
യഹൂദമതവിശ്വാസപ്രകാരം കർത്താവിന്റെ ആലയം നിലനിൽക്കുന്ന ജെറുസലേം നഗരത്തിലേക്ക് പോകുന്ന സഹോദരങ്ങളാൽ ക്ഷണിക്കപ്പെട്ട ഒരു വിശ്വാസി ആ വിശുദ്ധനഗരത്തിലേക്ക് യാത്രയാകുന്നതും അവിടെയെത്തി ജെറുസലേമിന്റ്റെ മഹത്വം ദർശിക്കുന്നതും, അവിടെത്തുന്ന അനേകായിരം തീർത്ഥാടകരെ കാണുന്നതുമൊക്കെ സങ്കല്പിച്ച് വിവരിക്കുന്ന ശൈലിയിലാണ് സങ്കീർത്തനത്തിന്റെ ഒന്ന് മുതൽ മൂന്ന് വരെയുള്ള വാക്യങ്ങൾ ഉൾക്കൊള്ളുന്ന ഭാഗം എഴുതപ്പെട്ടിരിക്കുന്നത്.
ജെറുസലേം നഗരത്തിന് യഹൂദമതവിശ്വാസത്തിലുള്ള പ്രാധാന്യവും, ആ നഗരം ഇസ്രായേൽ ജനതയ്ക്ക് എത്രമാത്രം പ്രിയപ്പെട്ടതാണെന്നതും വെളിവാക്കുന്നതാണ് രണ്ട് സഹസ്രാബ്ദങ്ങൾക്കപ്പുറം എഴുതപ്പെട്ട ഈ സങ്കീർത്തനത്തിന്റെ ഒന്നാം വാക്യം: "കർത്താവിന്റെ ആലയത്തിലേക്ക് നമുക്ക് പോകാമെന്ന് അവർ പറഞ്ഞപ്പോൾ ഞാൻ സന്തോഷിച്ചു" (സങ്കീ. 122, 1). ദേവാലയം സ്ഥിതിചെയ്യുന്ന നഗരത്തെക്കുറിച്ചുള്ള ചിന്തയ്ക്ക് പോലും തീർത്ഥാടകവിശ്വാസികളുടെ മനസ്സിൽ വലിയ സന്തോഷമേകാനാകുന്നുണ്ട്. ദൈവത്തിന്റെ വിശുദ്ധഗിരിയിലേക്കും നിവാസത്തിലേക്കും, ദൈവസാന്നിദ്ധ്യത്തിലേക്കുമെത്താനുള്ള വിശ്വാസിയുടെ അഭിലാഷവും പ്രാർത്ഥനയും നാല്പത്തിമൂന്നാം സങ്കീർത്തനത്തിലും (സങ്കീ. 43, 3-4), ദൈവത്തെ സ്തുതിച്ചുകൊണ്ട് അവന്റെ ഭവനത്തിൽ വസിക്കുന്നവർ ഭാഗ്യവാന്മാരെന്ന് എൺപത്തിനാലാം സങ്കീർത്തനത്തിലും (സങ്കീ. 84, 2-5) നാം വായിക്കുന്നുണ്ട്. "ജെറുസലേമേ, ഇതാ ഞങ്ങൾ നിന്റെ കവാടത്തിനുള്ളിൽ എത്തിയിരിക്കുന്നു! നന്നായി പണിതിണക്കിയ നഗരമാണ് ജെറുസലേം" (സങ്കീ. 122, 2-3) എന്ന രണ്ടും മൂന്നും വാക്യങ്ങളും ജെറുസലേം നഗരവും യാഹ്‌വെയുടെ ഭവനമായ ദേവാലയവും തീർത്ഥാടകാരിൽ നിറയ്ക്കുന്ന സന്തോഷം തന്നെയാണ് വ്യക്തമാക്കുന്നത്. അതോടൊപ്പം പുതുക്കിപ്പണിത ദേവാലയത്തെയും നഗരത്തെയും കുറിച്ചുകൂടിയാണ് ഈ വാക്കുകൾ അർത്ഥമാക്കുന്നതെന്ന് വ്യാഖ്യാതാക്കൾ എഴുതുന്നുണ്ട്. സീയോൻമലയുടെയും, ദേവാലയത്തിന്റെയും ഭംഗിയെക്കുറിച്ച് നാല്പത്തിയെട്ടാം സങ്കീർത്തനത്തിന്റെ അവസാനഭാഗത്തും നാം കാണുന്നുണ്ട് (സങ്കീ. 48, 13-14) ജെറുസലേം നഗരത്തിന് പ്രാധാന്യവും സൗന്ദര്യവുമേകുന്നത് ദേവാലയത്തിന്റെയും അതിനുള്ളിൽ വസിക്കുന്ന ദൈവത്തിന്റെയും സാന്നിദ്ധ്യമാണ്. ദൈവത്തിന്റെ സാന്നിദ്ധ്യം ജീവിതത്തിന്റെയും മൂല്യമേറ്റുന്നതാണ്.
കണ്ടുമുട്ടലിന്റെ ഇടമായ ജെറുസലേം
ദൈവവും മനുഷ്യരും, വിശ്വാസികൾ പരസ്പരവുമുള്ള കണ്ടുമുട്ടലിന്റെ ഇടമാണ് ജെറുസലേം. "അതിലേക്ക് ഗോത്രങ്ങൾ വരുന്നു, കർത്താവിന്റെ ഗോത്രങ്ങൾ. ഇസ്രയേലിനോട് കല്പിച്ചതുപോലെ, കർത്താവിന്റെ നാമത്തിന് കൃതജ്ഞതയർപ്പിക്കാൻ അവർ വരുന്നു" (സങ്കീ. 122, 4) എന്ന നാലാം വാക്യം ഇതാണ് വ്യക്തമാക്കുന്നത്. യഹൂദമതനിയമപ്രകാരം തീർത്ഥാടനം നടത്താനും ദൈവത്തിന് നന്ദിയർപ്പിക്കാനുമായാണ് യഹൂദമതവിശ്വാസികൾ ജെറുസലേമിലേക്ക് എത്തുന്നത്. തങ്ങളെ വിളിച്ച് തന്റെ ജനമാക്കി, വിശുദ്ധനഗരം സ്വന്തമായി നൽകിയ യാഹ്‌വെയുടെ കല്പനയാണ് ഇതുവഴി അവർ നിറവേറ്റുന്നത്. നിയമാവർത്തനാപുസ്തകം പതിനാറാം അദ്ധ്യായം പതിനാറാം വാക്യത്തിൽ ഈ കൽപ്പന നാം കാണുന്നുണ്ട് (നിയമ 16, 16). ദൈവത്തോടുള്ള സ്നേഹവും ഐക്യവും ഈ ജനതയെ ജെറുസലേം നഗരത്തിൽ മാത്രമല്ല, എല്ലായിടങ്ങളിലും ഒരുമിച്ച് നിൽക്കാൻ സഹായിക്കുന്നുണ്ട്. അങ്ങനെ ദൈവത്തോടുള്ള ശരിയായ ബന്ധം മനുഷ്യരെ പരസ്പരമുള്ള ഒരുമയിലേക്ക് കൂടി നയിക്കുന്നു എന്നൊരു ചിന്തയും ഈ വരികളിൽ നമുക്ക് കാണാം.
യഹൂദജനവും അവരുടെ ദൈവവുമായി മാത്രമല്ല, രാജാവുമായുള്ള കണ്ടുമുട്ടലിന്റെ ഇടം കൂടിയായിരുന്നു ജെറുസലേം. "അവിടെ ന്യായാസനങ്ങൾ ഒരുക്കിയിരുന്നു; ദാവീദ് ഭവനത്തിന്റെ ന്യായാസനങ്ങൾ" (സങ്കീ. 122, 5) എന്ന അഞ്ചാം വാക്യം ഇതിനെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. ജനം ദാവീദിന്റെ ന്യായവിധികളും വിജ്ഞാനവചസുകളും ശ്രവിക്കുന്നയിടവും അതുതന്നെയാണ്. അങ്ങനെ, ദൈവത്തിന്റെ സാന്നിദ്ധ്യത്തിനൊപ്പം രാജാവിന്റെ വാസവും ജെറുസലേമിന് മൂല്യമേറ്റുന്നുണ്ട്. രാജാവിന്റെ ന്യായാസനങ്ങൾക്ക് ദൈവത്തിന്റെ നീതിയുടെ ഒരിടമാകാനുള്ള വിളിയെക്കൂടിയാണ് ഇതോർമ്മിപ്പിക്കുന്നത്. ദൈവികമായ നീതിയാൽ നയിക്കപ്പെടുന്ന ന്യായാസനങ്ങൾക്കും അധികാരസ്ഥാനങ്ങൾക്കുമേ ജനത്തെ ഒരുമിച്ച് കൂട്ടുവാനും, സമാധാനത്തിന്റെയും സന്തോഷത്തിന്റെയും ഇടമായി മാറാനും സാധിക്കൂ.
സമാധാനത്തിന്റെയും അനുഗ്രഹങ്ങളുടെയും ഇടമായ ജെറുസലേം
ജറുസലേമിന് സമാധാനത്തിന്റെയും സ്നേഹത്തിന്റെയും സുരക്ഷിതത്വത്തിന്റെയും ഇടമാകാനുള്ള വിളിയെക്കുറിച്ചാണ് സങ്കീർത്തനത്തിന്റെ ആറുമുതലുള്ള വാക്യങ്ങൾ പ്രതിപാദിക്കുന്നത്. അവിടെത്തുന്ന വിശ്വാസികൾക്കായി സങ്കീർത്തകൻ എഴുതിവയ്ക്കുന്ന പ്രാർത്ഥനയും ഇതിലേക്കാണ് നയിക്കുന്നത്. "ജെറുസലേമിന്റെ സമാധാനത്തിനുവേണ്ടി പ്രാർത്ഥിക്കുവിൻ; നിന്നെ സ്നേഹിക്കുന്നവർക്ക് ഐശ്വര്യമുണ്ടാകട്ടെ. നിന്റെ മതിലുകൾക്കുള്ളിൽ സമാധാനവും നിന്റെ ഗോപുരങ്ങൾക്കുള്ളിൽ സുരക്ഷിതത്വവും ഉണ്ടാകട്ടെ! എന്റെ സഹോദരരുടെയും സുഹൃത്തുക്കളുടെയും പേരിൽ ഞാൻ ആശംസിക്കുന്നു: നിനക്ക് സമാധാനം. ഞങ്ങളുടെ ദൈവമായ കർത്താവിന്റെ അലയത്തെപ്രതി ഞാൻ നിന്റെ നന്മയ്ക്കുവേണ്ടി പ്രാർത്ഥിക്കും" (സങ്കീ. 122, 6-9). ജെറുസലേമിനെ സമാധാനത്തിന്റെ നഗരമാക്കി മാറ്റുന്നത് അവിടെയുള്ള ദൈവത്തിന്റെയും അവന്റെ ഭവനത്തിന്റെയും സാന്നിദ്ധ്യമാണെന്ന്, ആ നഗരത്തിനുവേണ്ടിയുള്ള പ്രാർത്ഥനകൾ ഉയരുന്നതിന് കാരണം അവിടെയുള്ള ദൈവത്തിന്റെ അലയമാണെന്ന് സങ്കീർത്തകൻ തീർത്ഥാടകവിശ്വാസികളെ ഓർമ്മിപ്പിക്കുന്നു. ദൈവം വസിക്കുന്നയിടങ്ങളിൽപ്പോലും വൈരാഗ്യത്തിന്റെയും സംശയത്തിന്റെയും വിഭജനത്തിന്റെയുമൊക്കെ വിത്തുവിതയ്ക്കുന്നത് യഥാർത്ഥത്തിൽ ദൈവത്തെ അറിഞ്ഞിട്ടില്ലാത്തവരും, ദൈവവിചാരങ്ങൾക്കെതിരായി ചിന്തിക്കുന്നവരുമാണ്. സമാധാനം സ്ഥാപിക്കപ്പെടുന്നതിനുവേണ്ടി പ്രാർത്ഥിക്കുന്നവരാണ് സമാധാനത്തിന്റെ അനന്തരഫലമായ ഐശ്വര്യവും സന്തോഷവും സംരക്ഷണവും അവകാശപ്പെടുത്താൻ അർഹതയുള്ളവർ. ദൈവത്തിന്റെ ആലയവും, സാന്നിദ്ധ്യവും, ദൈവചിന്തയുമാണ് യഥാർത്ഥത്തിൽ മനുഷ്യരെ സമാധാനകാംക്ഷികളായി മാറ്റുന്നതെന്ന് സങ്കീർത്തനത്തിന്റെ അവസാനവാക്യം വ്യക്തമാക്കുന്നുണ്ട്.
സങ്കീർത്തനം ജീവിതത്തിൽ
നൂറ്റിയിരുപത്തിരണ്ടാം സങ്കീർത്തനവിചിന്തനങ്ങൾ ചുരുക്കുമ്പോൾ, ഈ ഭൂമിയിൽ സമാധാനം വാഴുവാനായി ആഗ്രഹിക്കേണ്ട, പ്രാർത്ഥിക്കേണ്ട, ദൈവത്തിന്റെ അലയത്തെ ലക്ഷ്യമാക്കി യാത്ര ചെയ്യേണ്ട തീർത്ഥാടകരാണ് നാമെല്ലാവരുമെന്ന ഒരു ചിന്ത സങ്കീർത്തകൻ നമുക്ക് മുന്നിലും വയ്ക്കുന്നുണ്ടെന്ന് തിരിച്ചറിയാം. സമാധാനത്തിന്റെ നഗരമാകേണ്ട ജെറുസലേമിനെ സംഘർഷങ്ങളുടെയും വിഭജനത്തിന്റെയും വെറുപ്പിന്റെയും ഇടമാക്കി മാറ്റുന്ന മാനുഷികചിന്തകളെ മാറ്റിനിറുത്താനുള്ള വിളിയെക്കുറിച്ചുകൂടി ഈ സങ്കീർത്തനം നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്. മറ്റൊരുവന്റെ പരാജയത്തിലോ പതനത്തിലോ അല്ല, സഹോദര്യത്തിൽ ഒരുമിച്ചുള്ള വളർച്ചയിലാണ് യഥാർത്ഥ സമാധാനവും വിജയവുമെന്ന്, അവിടെയാണ് യഥാർത്ഥ ദൈവമനുഷ്യകണ്ടുമുട്ടൽ അർത്ഥമുള്ളതാകുന്നതെന്ന് നാം തിരിച്ചറിയണം. നമ്മുടെ വാക്കുകളും, വിധിന്യായങ്ങളും ദൈവവിചാരം നൽകുന്ന നീതിബോധത്തിൽനിന്ന് ഉരുവാകുന്നവ ആകണമെന്ന്, വിശുദ്ധനഗരമായ ജറുസലേമിൽ മാത്രമല്ല, ലോകമെങ്ങും സമാധാനം നിലനിൽക്കുന്നതിനുവേണ്ടി പ്രാർത്ഥിക്കണമെന്ന് നമുക്ക് മറക്കാതിരിക്കാം. നമ്മുടെ ജീവിതങ്ങളിലും സമൂഹങ്ങളിലും എല്ലാ ദേശങ്ങളിലും സമാധാനവും സ്നേഹവും വസിക്കട്ടെ, ദൈവസാന്നിദ്ധ്യം നിറയട്ടെ.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: