MAP

സങ്കീർത്തനചിന്തകൾ - 121 സങ്കീർത്തനചിന്തകൾ - 121 

തീർത്ഥാടകവിശ്വാസികൾക്ക് കാവലും താങ്ങുമായ ദൈവം

വചനവീഥി: നൂറ്റിയിരുപത്തിയൊന്നാം സങ്കീർത്തനം - ധ്യാനാത്മകമായ ഒരു വായന.
ശബ്ദരേഖ - നൂറ്റിയിരുപത്തിയൊന്നാം സങ്കീർത്തനം - ഒരു വിചിന്തനം

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ആരോഹണഗീതം എന്നറിയപ്പെടുന്ന നൂറ്റിയിരുപതുമുതൽ നൂറ്റിമുപ്പത്തിനാലുവരെയുള്ള, പതിനഞ്ചു സങ്കീർത്തനഗണത്തിൽ രണ്ടാമത്തേതാണ്, ദൈവത്തിന്റെ സംരക്ഷണം ആശംസിക്കുന്ന വളരെ മനോഹരമായ നൂറ്റിയിരുപത്തിയൊന്നാം സങ്കീർത്തനം. തീർത്ഥാടകർ ജെറുസലേമിലേക്കുള്ള യാത്രയിൽ ഉപയോഗിച്ചിരുന്നവയാണ് ഈ സങ്കീർത്തനങ്ങൾ എന്ന് കരുതപ്പെടുന്നു.  തീർത്ഥാടനത്തിന്റെ വഴിയിൽ ദൈവത്തിന്റെ സംരക്ഷണം വാഗ്ദാനം ചെയ്യുന്നതിനോ, ദുഷ്കരമായ വഴികളിലൂടെ യാത്ര ചെയ്യേണ്ടിവരുന്ന ഒരു പടയാളിക്ക് നൽകുന്ന അനുഗ്രഹാശംസയായോ ഒക്കെ ഉപയോഗിച്ചേക്കാവുന്ന വാക്കുകളുടെ ശൈലിയാണ് ഇതിന്റെ ഉള്ളടക്കത്തിൽ നാം കാണുന്നത്. യാത്രികനെ സംബന്ധിച്ചിടത്തോളം പർവ്വതങ്ങൾ ചിലപ്പോഴെങ്കിലും ബുദ്ധിമുട്ടിന്റെയും അപകടങ്ങളുടെയും ഇടമാണ്. അതുകൊണ്ടുതന്നെ, ഉത്കണ്ഠയോടെയാണ് അവൻ പർവ്വതങ്ങളിലേക്ക് നോക്കുന്നത്. എന്നാൽ, കാലുകൾ വഴുതാൻ വിട്ടുകൊടുക്കാതെ, രാവും പകലും കണ്ണിമ ചിമ്മാതെ കാത്തുസൂക്ഷിക്കുന്ന ദൈവത്തിൽ ശരണമർപ്പിച്ചു മുന്നോട്ട് പോകാൻ സങ്കീർത്തനം തീർത്ഥാടകന് ധൈര്യം പകരുന്നു. ജീവിതഭാരത്താൽ മനമിടിഞ്ഞ, തളർന്ന മനുഷ്യർക്ക് ദൈവപരിപാലനയും സഹായവും ഉറപ്പുനൽകുന്ന, അതേസമയം പ്രാർത്ഥനയുടെയും ആരാധനയുടെയും മനോഭാവം ഉൾക്കൊള്ളുന്ന ഒരു സങ്കീർത്തനമാണിത്.

സംരക്ഷകനും കർത്താവുമായ യാഹ്‌വെ

"പർവ്വതങ്ങളിലേക്ക് ഞാൻ കണ്ണുകൾ ഉയർത്തുന്നു; എനിക്ക് സഹായം എവിടെ നിന്നു വരും? എനിക്ക് സഹായം കർത്താവിൽനിന്നു വരുന്നു; ആകാശവും ഭൂമിയും സൃഷ്‌ടിച്ച കർത്താവിൽനിന്ന്" (സങ്കീ. 121, 1-2) എന്നീ ഒന്നും രണ്ടും സങ്കീർത്തനവാക്യങ്ങൾ ഇസ്രായേൽ ജനത്തിന് അവരുടെ ദൈവത്തെക്കുറിച്ചുള്ള ബോധ്യം വെളിവാക്കുന്നവയാണ്. പാറക്കെട്ടുകളും കൂറ്റൻ മരങ്ങളും നിറഞ്ഞതും അപകടങ്ങൾ പതിയിരിക്കുന്നതുമായ പർവ്വതനിരകളിലേക്ക് കണ്ണുകളുയർത്തുന്ന സങ്കീർത്തകനും, തീർത്ഥാടകനും, തങ്ങളുടെ പ്രതീക്ഷയും ശരണവും അർപ്പിക്കുന്നത് ദൈവമായ കർത്താവിലാണ്. ഇസ്രായേൽ ജനത്തെ സംബന്ധിച്ചിടത്തോളം പർവ്വതങ്ങൾ പലപ്പോഴും അവരുടെ വിശ്വാസജീവിതത്തിന് പ്രധാനപ്പെട്ടയിടമായിരുന്നു എന്ന് നമുക്കറിയാം. അവരുടെ ചരിത്രത്തിൽ സീയോൻമല ദൈവഹിതം തിരിച്ചറിയുന്ന ഇടമായി മാറിയിട്ടുണ്ട്. മോറിയ മലയാകട്ടെ, ദൈവം വസിക്കുന്ന ദേവാലയത്തിന്റെ ഇടമാണ്. ഈയൊരു വിശ്വാസവും സങ്കീർത്തകന്റെ പ്രാർത്ഥനയെ നയിക്കുന്നുണ്ട്. ഭീതിയുയർത്തുന്ന പർവ്വതനിരകൾ ഉൾപ്പെടെ ആകാശവും ഭൂമിയും, ഈ പ്രപഞ്ചം മുഴുവനും സൃഷ്ടിച്ച, സകലതിനെയും നിയന്ത്രിക്കുന്ന കർത്താവിലാണ് തങ്ങളുടെ വിശ്വാസമെന്ന ബോധ്യം അവനെ നയിക്കുന്നുണ്ട്. പ്രപഞ്ചശക്തികളിലോ, ദേവാലയം സ്ഥിതി ചെയുന്ന പർവ്വതനിരകളിലോ നിന്നല്ല, പ്രപഞ്ചസ്രഷ്ടാവും, സർവ്വവ്യാപിയുമായ ദൈവത്തിൽനിന്നാണ് മനുഷ്യർക്ക് സഹായമെത്തുകയെന്ന ബോധ്യമാണ് സങ്കീർത്തനവാക്യങ്ങൾ പകരുന്നത്.

പകലിലും ഇരുളിലും കാവലാകുന്ന ദൈവം

തീർത്ഥാടകന്റെ ചുവടുകൾ പിഴയ്ക്കാതെ, രാപകൽ അവനെ കാക്കുന്നത് ഇസ്രയേലിന്റെ കർത്താവാണെന്ന ബോധ്യം പകരുന്നവയാണ് സങ്കീർത്തനത്തിന്റെ മൂന്നും നാലും വാക്യങ്ങൾ: "നിന്റെ കാൽ വഴുതാൻ അവിടുന്ന് സമ്മതിക്കുകയില്ല; നിന്നെ കാക്കുന്നവൻ ഉറക്കം തൂങ്ങുകയില്ല. ഇസ്രയേലിന്റെ പരിപാലകൻ മയങ്ങുകയില്ല, ഉറങ്ങുകയുമില്ല" (സങ്കീ. 121, 3-4). ഉറപ്പുള്ള വഴികളിലൂടെ ഇസ്രായേൽ ജനത്തെ നയിച്ചത്, അവർക്ക് കരുത്തുറ്റ അഭയശിലയായി നിന്നത് യാഹ്‌വെയാണ് എന്ന ബോധ്യത്തോടെയും ശരണത്തോടെയുമാണ് സങ്കീർത്തകൻ ഈ വരികൾ എഴുതുക. തന്നിലേക്ക് കണ്ണുകളുയർത്തുന്ന, തന്നിൽ പതറാത്ത വിശ്വാസമർപ്പിക്കുന്ന തന്റെ ഭക്തർക്കുനേരെ യാഹ്‌വെയുടെ കണ്ണുകൾ എല്ലായ്പ്പോഴും തുറന്നിരിക്കുന്നു. അതുകൊണ്ടുതന്നെയാണ് ദേവാലയത്തിലേക്കുള്ള തീർത്ഥാടനത്തിലും തിരികെയുള്ള യാത്രയിലും ഭക്തർക്ക് സംരക്ഷണമേകാൻ അവനാകുന്നതും.

വരണ്ടുണങ്ങിയ മൺപാതകളിലും, ചുട്ടുപൊള്ളുന്ന മരുഭൂമികളിലും യാത്രികന് ആശ്വാസവും അഭയവുമേകുന്ന തണലിടങ്ങളെക്കുറിയിച്ചുള്ള ചിന്തകൾ ഉയർത്തിക്കൊണ്ടാണ് "കർത്താവാണ് നിന്റെ കാവൽക്കാരൻ; നിനക്ക് തണലേകാൻ അവിടുന്ന് നിന്റെ വലത്തുഭാഗത്തുണ്ട്. പകൽ സൂര്യനോ രാത്രി ചന്ദ്രനോ നിന്നെ ഉപദ്രവിക്കുകയില്ല" (സങ്കീ. 121, 5-6) എന്നീ അഞ്ചും ആറും വാക്യങ്ങൾ സങ്കീർത്തകൻ എഴുതുന്നത്. എന്നാൽ ഇസ്രായേൽ ജനത്തിന്റെ മരുഭൂമിയനുഭവത്തിന്റെ കൂടി വെളിച്ചത്തിലാണ് ഈ വാക്യങ്ങളെ നമുക്ക് മനസ്സിലാക്കാൻ സാധിക്കുക. ഈജിപ്തിൽനിന്നുള്ള യാത്രയിൽ പകൽ വഴികാട്ടിയും തണലുമായി നിന്ന മേഘസ്തംഭത്തിന്റെയും, രാത്രിയിൽ വഴി കാട്ടിയ അഗ്നിസ്തംഭത്തിന്റെയും ചിത്രങ്ങളും ഇവിടെ ഉയരുന്നുണ്ട് (പുറ. 13, 21-22). അത്യുന്നതന്റെ നിഴലിൽ ജീവിക്കുകയെന്നത്, അനുഗ്രഹത്തിന്റെയും സംരക്ഷണത്തിന്റെയും ഇടത്തുള്ള ജീവിതമാണെന്ന ഒരു ആശയവും പഴയനിയമത്തിൽ നാം കാണുന്നുണ്ടല്ലോ. ദൈവത്തിൽ ആഴമേറിയ ശരണം അർപ്പിക്കുന്നവർക്ക്, ദൃശ്യമോ അദൃശ്യമോ ആയ അപകടങ്ങളെയൊന്നും ഭയപ്പെടേണ്ടതില്ലെന്നും, സംരക്ഷണത്തിന്റെ കരുത്തായി ദൈവം അവർക്കൊപ്പമുണ്ടെന്നും സങ്കീർത്തനം ഉറപ്പുനൽകുന്നു.

ജീവൻ കാത്തുപരിപാലിക്കുന്ന ദൈവം

വിശ്വാസിയുടെ ജീവിതത്തിന്റെ എല്ലാ നിമിഷങ്ങളിലും അവനെ കാത്തുപരിപാലിക്കുന്നത് ദൈവമാണെന്ന ചിന്ത ആവർത്തിക്കുന്നവയാണ് സങ്കീർത്തനത്തിന്റെ അവസാന വാക്യങ്ങൾ: "സകല തിന്മകളിലും നിന്ന് കർത്താവ് നിന്നെ കാത്തുകൊള്ളും; അവിടുന്ന് നിന്റെ ജീവൻ സംരക്ഷിക്കും. കർത്താവ് നിന്റെ വ്യാപാരങ്ങൾ ഇന്നുമെന്നേക്കും കാത്തുകൊള്ളും" (സങ്കീ. 121, 7-8). വിശ്വാസജീവിതം തിന്മകളോ ആപത്തോ അപകടങ്ങളോ ഇല്ലാത്ത ജീവിതമാണെന്നല്ല, മറിച്ച് എല്ലായിടങ്ങളിലും എല്ലാ അവസ്ഥകളിലും വിശ്വാസിക്ക് കരുത്തും തുണയുമായി ദൈവം കൂടെയുണ്ടാകുമെന്ന ഒരു ബോധ്യമാണ് നമുക്കുണ്ടാകേണ്ടത് എന്ന ആശയമാണ് ഈ വാക്യങ്ങളിൽ നാം കാണുക. ഈയൊരു വിശ്വാസമാണ്, മരണം വിതയ്ക്കുന്ന ഭീതിതമായ താഴ്വാരങ്ങളിലും അന്ധകാരയിടങ്ങളിലും പോലും ധൈര്യപൂർവ്വം സഞ്ചരിക്കാൻ തീർത്ഥാടകരെയും, വിശ്വാസികളെയും ശക്തരാക്കുന്നത്. ജീവന്റെ നാഥനായ ദൈവമാണ് അവർക്കൊപ്പമുള്ളത്.

സങ്കീർത്തനം ജീവിതത്തിൽ

ഇസ്രയേലിന്റെ കാവൽക്കാരനും പരിപാലകനും സംരക്ഷകനുമായ കർത്താവിലുള്ള അടിയുറച്ച വിശ്വാസം, തീർത്ഥാടകന് മാത്രമല്ല, ഓരോ വിശ്വസിക്കും എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന ഉദ്‌ബോധനം പങ്കുവയ്ക്കുന്ന നൂറ്റിയിരുപത്തിയൊന്നാം സങ്കീർത്തനവിചിന്തനം ചുരുക്കുമ്പോൾ, ഈ ഭൂമിയിയിലെ ജീവിതമാകുന്ന തീർത്ഥാടനത്തിൽ ആയിരിക്കുന്ന നമുക്കും ദൈവത്തിലുള്ള വിശ്വാസത്തിൽ ആഴപ്പെടാനും, താൻ പ്രത്യേകമായി തിരഞ്ഞെടുത്ത ഇസ്രായേൽ ജനത്തെയെന്ന പോലെ, അവൻ നമ്മെയും സംരക്ഷിക്കുമെന്നുമുള്ള ബോധ്യത്തിൽ വളരാനും പരിശ്രമിക്കാം. ഈ പ്രപഞ്ചത്തിനും അതിലെ ശക്തികൾക്കും അതീതനാണ്, അവയെല്ലാം സൃഷ്ടിക്കുകയും നിലനിൽക്കാൻ അനുവദിക്കുകയും ചെയ്യുന്ന ദൈവമെന്ന ബോധ്യം നമുക്ക് ആശ്വാസവും പ്രത്യാശയും നൽകട്ടെ. ദൈവസാന്നിദ്ധ്യത്തിന്റെ സ്വർഗ്ഗീയജെറുസലെം ലക്ഷ്യമാക്കിയുള്ള ഭൗമികയാത്രയിൽ ഉറങ്ങാത്ത കാവൽക്കാരനായി നമുക്ക് കൂടെയുള്ളത് ഇസ്രയേലിന്റെ നാഥനായ, കണ്ണിമയടയ്ക്കാതെ നമ്മെ കാക്കുന്ന, സർവ്വശക്തനായ ദൈവമാണെന്ന ഉറപ്പിൽ, പതറാത്ത കാലുകളോടെ മുന്നോട്ടു നീങ്ങാം. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 ജൂൺ 2025, 16:19