വഞ്ചകരിൽനിന്നുള്ള മോചനവും ദൈവനഗരത്തിലുള്ള വാസവും
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
പെസഹാത്തിരുന്നാളിന്റെയും പന്തക്കുസ്താത്തിരുനാളിന്റെയും കൂടാരത്തിരുനാളിന്റെയും അവസരങ്ങളിൽ ജെറുസലേമിലേക്ക് തീർത്ഥാടനം നടത്തിയിരുന്ന വിശ്വാസികളുടെ ഉപയോഗത്തിനായി രചിക്കപ്പെട്ടിട്ടുള്ളവയെന്ന് കരുതപ്പെടുന്ന നൂറ്റിയിരുപത് മുതൽ നൂറ്റിമുപ്പത്തിനാല് വരെയുള്ള "ആരോഹണഗീതങ്ങൾ" എന്നറിയപ്പെടുന്ന പതിനഞ്ച് സങ്കീർത്തനങ്ങളിൽ ആദ്യത്തേതാണ് നൂറ്റിയിരുപതാം സങ്കീർത്തനം. കൃത്യമായ അർത്ഥത്തിൽ 122-ഉം 132-ഉം സങ്കീർത്തനങ്ങളിൽ മാത്രമാണ് ജെറുസലേമിലേക്ക്, കർത്താവിന്റെ വാസസ്ഥലത്തേക്ക് പോകാമെന്നുള്ള ആഹ്വാനം ഉള്ളത് എന്നതുകൊണ്ടുതന്നെ ഇവയെ മാത്രമാണ് ആരോഹണഗീതങ്ങളായി കണക്കാക്കാവുന്നത് എന്ന ഒരു അഭിപ്രായവും നിലനിൽക്കുന്നുണ്ട്. ഏഴ് വാക്യങ്ങൾ മാത്രമുള്ള, ഹ്രസ്വമെങ്കിലും, ദൈവാശ്രയബോധത്തെക്കുറിച്ച് പ്രതിപാദിക്കുന്ന മനോഹരമായ നൂറ്റിയിരുപതാം സങ്കീർത്തനം, ദൈവികസമാധാനം പുലരുന്ന ദൈവത്തിന്റെ നാട്ടിൽനിന്നും അകലെ, സമാധാനദ്വേഷികളായ മനുഷ്യർക്കിടയിൽ വസിക്കുന്ന ഒരു വിശ്വാസിയുടെ വിലാപമെന്ന നിലയിൽ രചിക്കപ്പെട്ടതാകാമെന്നതാണ് സങ്കീർത്തനവ്യാഖ്യാതാക്കളുടെ പൊതുവായ അഭിപ്രായം. എന്നാൽ ബാബിലോണിയയിൽനിന്ന് ജെറുസലേമിലേക്ക് ആരോഹണം ചെയ്യുമ്പോൾ ആലപിക്കപ്പെട്ടതാകാമെന്ന ഒരു വ്യാഖ്യാനവും ഇതിനെക്കുറിച്ചുണ്ട്. ദേവാലയത്തിലേക്കും, അൾത്താരയിലേക്കുമൊക്കെയുള്ള വഴികളും ദൈവസാന്നിദ്ധ്യത്തിലേക്കുള്ള ആരോഹണമായി, തീർത്ഥാടനമായി, കരുതാവുന്നവയാണ്.
വിശ്വാസത്തോടെയുള്ള പ്രാർത്ഥന
തന്റെ പ്രാർത്ഥനകൾ കർത്താവ് ശ്രവിക്കുമെന്നും, തനിക്ക് ഉത്തരമരുളുമെന്നുമുള്ള ബോധ്യത്തോടെ ദൈവത്തോട് പ്രാർത്ഥിക്കുന്ന സങ്കീർത്തകനെയാണ് സങ്കീർത്തനത്തിന്റെ ഒന്നാം വാക്യത്തിൽ നാം കാണുന്നത്. "എന്റെ കഷ്ടതയിൽ ഞാൻ കർത്താവിനെ വിളിച്ചപേക്ഷിക്കുന്നു; അവിടുന്ന് എനിക്കുത്തരമരുളും" (സങ്കീ. 120, 1). യോനാപ്രവാചകന്റെ ഗ്രന്ഥം രണ്ടാം അദ്ധ്യായത്തിന്റെ രണ്ടാം വാക്യത്തിലും ഇതേ വാക്കുകൾ നാം കാണുന്നുണ്ട്. മത്സ്യത്തിന്റെ ഉദരത്തിൽ, മറ്റു വഴികൾ ഒന്നുമില്ലാതിരുന്ന അവസരത്തിൽ താൻ ദൈവത്തോട് സഹായം അപേക്ഷിച്ചുവെന്നും, അവൻ തനിക്ക് ഉത്തരമരുളിയെന്നും ഏറ്റുപറയുന്ന യോനയെയാണ് അവിടെ നാം കാണുക. ദുരവസ്ഥകളിൽ തങ്ങളുടെ പ്രാർത്ഥനകൾ കേട്ട് സഹായമരുളുകയും രക്ഷിക്കുകയും ചെയ്‌ത ദൈവത്തെക്കുറിച്ച് ഇസ്രായേൽജനത്തിനുള്ള ഒരോർമ്മപ്പെടുത്താൽ കൂടിയായി ഈ വാക്യം മാറുന്നുണ്ട്.
"കർത്താവേ, വ്യാജം പറയുന്ന ആധരങ്ങളിൽനിന്നും വഞ്ചന നിറഞ്ഞ നാവിൽ നിന്നും എന്നെ രക്ഷിക്കണമേ! (സങ്കീ. 120, 2) എന്ന രണ്ടാം വാക്യവും ദൈവത്തിന്റെ സംരക്ഷണത്തെക്കുറിച്ച് സങ്കീർത്തകനുള്ള ഉത്തമവിശ്വാസത്തിൽനിന്ന് ഉയരുന്ന പ്രാർത്ഥനയാണ്. നീതിമാനെതിരെ അന്യായമായി ആരോപണങ്ങളുയരുമ്പോൾ, ഹൃദയവിചാരങ്ങൾ അറിയുന്ന, പ്രാർത്ഥന കേട്ട് ഉത്തരം നൽകുന്ന ഒരു ദൈവമുണ്ട് എന്ന ബോധ്യം പകരുന്ന വാക്കുകളാണ് സങ്കീർത്തനത്തിൽ നാം കാണുന്നത്. കാപട്യം നിറഞ്ഞ ഒരു ലോകത്തെക്കുറിച്ചുള്ള വിശ്വാസിയുടെ പരാതി പന്ത്രണ്ടാം സങ്കീർത്തനത്തിലും (സങ്കീ. 12, 1-2), പരദൂഷകന്റെ വലയിൽനിന്നും വ്യാജം പറയുന്നവന്റെ ചുണ്ടുകളിൽനിന്നും തന്നെ മോചിപ്പിച്ച ദൈവത്തെക്കുറിച്ച് പ്രഭാഷകന്റെ പുസ്തകം അൻപത്തിയൊന്നാം അദ്ധ്യായത്തിലും (പ്രഭാ. 51, 2) നാം വായിക്കുന്നുണ്ട്.
വഞ്ചകർക്കുള്ള ശിക്ഷ
കൃതജ്ഞതയുടെയും വിലാപത്തിന്റെയും, എന്നാൽ വിശ്വാസത്തിന്റേതുമായ ചിന്തകൾ ഉണർത്തുന്ന നൂറ്റിയിരുപതാം സങ്കീർത്തനത്തിന്റെ മൂന്നാം വാക്യത്തിൽ വഞ്ചകനെതിരെയുള്ള പ്രാർത്ഥനയാണുള്ളത്: "വഞ്ചന നിറഞ്ഞ നാവേ, നിനക്ക് എന്ത് ലഭിക്കും? ഇനിയും എന്ത് ശിക്ഷയാണ് നിനക്ക് നൽകുക?" (സങ്കീ. 120, 3). ഹെബ്രായഭാഷയിലുള്ള ശാപത്തിന്റേതായ ഒരു ശൈലിയായാണ് "ഇനിയും എന്ത് ശിക്ഷയാണ് നിനക്ക് ലഭിക്കുക" എന്ന ഭാഗം കണക്കാക്കപ്പെടുക. വഞ്ചകന് തന്റെ ശാപത്തിനും, തനിക്ക് ചിന്തിക്കാൻ സാധിക്കുന്നതിനും അപ്പുറവുമുള്ള രീതിയിൽ കർത്താവ് ശിക്ഷ നൽകട്ടെയെന്ന ആശംസയാണ് ഇതെന്ന് വ്യാഖ്യാനിക്കപ്പെടുന്നു. വഞ്ചകർ തന്നെക്കുറിച്ച് പറയുന്നത് വ്യാജവാക്കുകളാണെന്ന സങ്കീർത്തകന്റെ ഉറപ്പും ഇവിടെ നമുക്ക് കാണാം.
"ധീരയോദ്ധാവിന്റെ മൂർച്ചയുള്ള അസ്ത്രവും ചുട്ടുപഴുത്ത കനലും തന്നെ" (സങ്കീ. 120, 4) എന്ന നാലാം വാക്യത്തിലൂടെ, വഞ്ചകനെതിരെ എന്തുതരം ശിക്ഷയാണ് സങ്കീർത്തകൻ ആശംസിക്കുന്നതെന്ന് വ്യക്തമാണ്. മലയാളപരിഭാഷയിൽ പരാമർശിക്കപ്പെടുന്നില്ലെങ്കിലും, മറ്റു ഭാഷകളിൽ, ചൂല്‍ച്ചെടിയുടെ തണ്ടിൽ നിന്ന് ഉണ്ടാക്കുന്ന കനലുകളെക്കുറിച്ചാണ് സങ്കീർത്തകൻ പ്രതിപാദിക്കുന്നതെന്ന് കാണാം. കഠിനമായ ശിക്ഷയാണ് വഞ്ചനയുടെ വാക്കുകൾക്കുള്ള പ്രതിഫലമെന്ന ഒരു ഉദ്ബോധനമാണ് സങ്കീർത്തനം മുന്നോട്ടുവയ്ക്കുന്നത്. നിഷ്കളങ്കഹൃദയത്തിനെതിരെ ഇരുട്ടത്തെയ്യാൻവേണ്ടി വില്ലുകുലച്ച് അമ്പു തൊടുത്തിരിക്കുന്നവരാണ് ദുഷ്ടരെന്ന് പതിനൊന്നാം സങ്കീർത്തനത്തിലും (സങ്കീ. 11, 2), വിലകെട്ടവരുടെ വാക്ക് പൊള്ളുന്ന തീ പോലെയാണെന്ന് സുഭാഷിതങ്ങളിലും (സുഭാ. 16, 27) നാം വായിക്കുന്നുണ്ട്. ദുഷ്ടർ നീതിമാന്മാർക്കെതിരെ ഉപയോഗിക്കുന്ന തിന്മകളാണ് നൂറ്റിയിരുപതാം സങ്കീർത്തനത്തിൽ സങ്കീർത്തകൻ ദുഷ്ടർക്ക് ആശംസിക്കുന്നത്. ദുഷ്ടരുടെമേൽ ജ്വലിക്കുന്ന തീക്കനലുകൾ വീഴട്ടെയെന്ന് നൂറ്റിനാൽപ്പതാം സങ്കീർത്തനത്തിലും നാം വായിക്കുന്നുണ്ട് (സങ്കീ. 140, 10).
അസമാധാനത്തിന്റെ പരദേശവാസവും ശത്രുക്കളുടെ സാന്നിദ്ധ്യവും
ദൈവത്തിന്റെ നഗരമായ ജെറുസലേം സമാധാനത്തിന്റെ ഇടമാണെന്ന ബോധ്യത്തിൽനിന്നുകൊണ്ട്, അസമാധാനത്തിന്റെ പരദേശത്തുനിന്ന്, അവിടേക്കെത്താൻ ആഗ്രഹിക്കുന്ന വിശ്വാസിയെയാണ് സങ്കീർത്തനത്തിന്റെ അഞ്ചുമുതൽ ഏഴ് വരെയുള്ള വാക്യങ്ങളിൽ നാം കാണുന്നത്. "മേഷെക്കിൽ വസിക്കുന്നതുകൊണ്ടും കേദാർകൂടാരങ്ങളിൽ പാർക്കുന്നതുകൊണ്ടും എനിക്ക് ദുരിതം!" (സങ്കീ. 120, 5) എന്ന അഞ്ചാം വാക്യത്തിൽ, ജെറുസലേമിന് വടക്ക് ദൂരെയുള്ള മേഷെക്ക് പ്രദേശവും, അറേബ്യൻ മരുഭൂമികളുടെ വടക്ക് ഭാഗത്തുള്ള ഗോത്രവർഗ്ഗമായ കേദാര്യരും പരാമർശിക്കപ്പെടുന്നതിൽനിന്ന് ഇതാണ് നമുക്ക് വ്യക്തമാകുന്നത്. ദൈവസാന്നിദ്ധ്യത്തിൽനിന്നകന്ന ജീവിതത്തെ ഇഷ്ടപ്പെടാത്ത, അതിനെ ദുരിതമായി കണക്കാക്കുന്ന ഒരു വിശ്വാസിയെക്കൂടിയാണ് ഇവിടെ നാം കാണുക.
ജെറുസലേം പോലെ ദൈവസാന്നിദ്ധ്യമുള്ളയിടങ്ങളുടെ നന്മയും ഹൃദ്യതയും മറ്റൊരിടത്തിനും നൽകാനാകില്ലെന്ന ഇസ്രായേൽ ജനത്തിന്റെ ബോധ്യമാണ് "സമാധാനദ്വേഷികളോടുകൂടിയുള്ള വാസം എനിക്ക് മടുത്തു" (സങ്കീ. 120, 6) എന്ന ആറാം വാക്യത്തിൽ കാണാനാകുന്നത്. ദൈവത്തിന്റെ നഗരത്തിൽനിന്ന് മാത്രമല്ല, യാഹ്‌വെയുടെ സന്നിധിയിൽനിന്ന് അകന്നിരിക്കുന്ന ഒരു വിശ്വാസിയിൽ ഉണ്ടാക്കേണ്ട മനോഭാവവും ഇതുതന്നെയായിരിക്കണമെന്ന ഉദ്ബോധനവും സങ്കീർത്തനം മുന്നോട്ടുവയ്ക്കുന്നുണ്ട്. ദൈവത്തിന്റെ ഭവനത്തിനും സാന്നിധ്യത്തിനും നൽകാൻ കഴിയുന്ന സമാധാനവും സന്തോഷവും, ഉള്ളിൽ നന്മയില്ലാത്ത മനുഷ്യരുടെ സാന്നിധ്യത്തിന് നല്കാനാകില്ലല്ലോ.
“ഞാൻ സമാധാനത്തിനുവേണ്ടി വാദിക്കുന്നു; എന്നാൽ അവർ യുദ്ധത്തിനൊരുങ്ങുന്നു" (സങ്കീ. 120, 7) എന്ന പ്രസ്താവനയോടെയാണ് സങ്കീർത്തനം അവസാനിക്കുന്നത്. ദൈവം നൽകുന്ന സമാധാനത്തെ സ്നേഹിക്കുകയും, അതിനായി ആഗ്രഹിക്കുകയും ചെയ്യുന്ന നന്മയുള്ള മനുഷ്യർ സമാധാനത്തിനായി പരിശ്രമിക്കുകയും സംവദിക്കുകയും ചെയ്യുമ്പോൾ, സമാധാനചിന്തകൾ ഉള്ളിലില്ലാത്ത ഹൃദയങ്ങളിൽനിന്ന്, വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ആക്രമണത്തിന്റേതുമായ വാക്കുകളും പ്രവൃത്തികളുമാണുണ്ടാവുക. വഞ്ചകരായ ശത്രുക്കൾ സമാധാനത്തെപ്പറ്റി സംസാരിക്കുന്നില്ലെന്നും, ശാന്തമായി ജീവിക്കുന്നവർക്കെതിരെ അവർ വഞ്ചനയും തിന്മയും നിരൂപിക്കുന്നുവെന്നും, നിരന്തരം കലഹമിളക്കിവിടുന്നുവെന്നും മുപ്പത്തിയഞ്ചും നൂറ്റിനാൽപ്പതും സങ്കീർത്തനങ്ങളും (സങ്കീ. 35, 19-20; 140, 2) ഓർമ്മിപ്പിക്കുന്നുണ്ട്.
സങ്കീർത്തനം ജീവിതത്തിൽ
നിഷ്കളങ്കരും നീതിമാന്മാരുമായ വിശ്വാസികൾക്കെതിരെ വ്യാജം പറയുകയും വഞ്ചന നിരൂപിക്കുകയും ചെയ്യുന്ന മനുഷ്യരിൽനിന്നുള്ള സംരക്ഷണത്തിനായും, ദുഷ്ടരും അസമാധാനം കാംക്ഷിക്കുന്നവരുമായ മനുഷ്യർ വസിക്കുന്ന ഇടങ്ങളിൽനിന്നകന്ന്, സമാധാനത്തിന്റെയും സംരക്ഷണത്തിന്റെയും ഇടമായ ദൈവസന്നിധിയിലുള്ള ജീവിതത്തിനായും പ്രാർത്ഥിക്കുന്ന നൂറ്റിയിരുപതാം സങ്കീർത്തനവിചിന്തനം ചുരുക്കുമ്പോൾ, എല്ലാമറിയുകയും ന്യായമായി വിധിക്കുകയും, തന്നിൽ അഭയം തേടുന്ന വിശ്വാസികളിൽ കാരുണ്യം ചൊരിയുകയും ചെയ്യുന്ന കർത്താവിലുള്ള വിശ്വാസത്തോടെ ജീവിക്കാനും, അവനോട് ചേർന്ന് നിൽക്കാനും സങ്കീർത്തകനും, ജെറുസലേം തീർത്ഥാടകർക്കുമൊപ്പം നമുക്കും പരിശ്രമിക്കാം. ജീവിതദുരിതങ്ങളിൽ വിശ്വാസപൂർവ്വം ദൈവസഹായം തേടാനും ദൈവികസംരക്ഷണവും അനുഗ്രഹങ്ങളും സ്വന്തമാക്കാനും പരിശ്രമിക്കാം. നിർമ്മലമായി ജീവിക്കുകയും, ദുഷ്ടതയിലും അനീതിയിലും വ്യാജത്തിലും നിന്ന് നമ്മുടെ നാവിനെയും ഹൃദയത്തെയും അകറ്റിനിറുത്തി ശുദ്ധമായി കാത്തുസൂക്ഷിക്കാം. ദൈവസ്നേഹവും നന്മയും ഉള്ളിലുള്ള മനുഷ്യർക്കൊപ്പം നമുക്കും ദൈവസാന്നിദ്ധ്യത്തിന്റെ ജെറുസലത്തേക്ക് തീർത്ഥാടനം തുടരാം.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: