ആദ്ധ്യാത്മികജീവിതത്തിന് വിളക്കും വഴികാട്ടിയുമായ ദൈവവചനം
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
സങ്കീർത്തനങ്ങളിലെ ഏറ്റവും ദൈർഘ്യമേറിയ ആദ്ധ്യായമാണ് 176 വാക്യങ്ങൾ ഉൾക്കൊള്ളുന്ന നൂറ്റിപ്പത്തൊൻപതാം സങ്കീർത്തനം. ഹെബ്രായഭാഷയിലെ ഇരുപത്തിരണ്ട് അക്ഷരങ്ങളിൽ തുടങ്ങുന്ന എട്ടു വാക്യങ്ങൾ വീതം ചേർത്തുവച്ച ഈ ഗീതത്തിൽ ഓരോ പദ്യശകലവും വ്യത്യസ്തങ്ങളായ വിഷയങ്ങളാണ് പ്രതിപാദിക്കുന്നത്. ദൈവസൃഷ്ടികളായ മനുഷ്യർക്ക് ഈ ഭൂമിയിൽ ജീവിക്കാൻ മഹത്തായ നിയമങ്ങളും, നിർദ്ദേശങ്ങളും, ഉപദേശങ്ങളും, നൽകിയ ദൈവത്തിനുള്ള നന്ദിയും, ആ നിയമങ്ങളനുസരിച്ച് ജീവിക്കാൻ താൻ പരിശ്രമിച്ചതിനെപ്പറ്റി പറയുന്ന സങ്കീർത്തകനെയുമാണ് ഇതിൽ നാം കാണുന്നത്. ഈ ഗീതത്തിന്റെ രചയിതാവ് ദാവീദ് ആകാമെന്നും എന്നാൽ, രണ്ടാം പ്രവാസകാലത്തിന് ശേഷം എഴുതപ്പെട്ടതാകാമെന്നും, അതുമല്ല, മുൻപ് രചിക്കപ്പെട്ട വിവിധ ആശയങ്ങൾ പിന്നീട് ചേർത്തുവയ്ക്കപ്പെട്ടാകാം ഈ കീർത്തനം രചിക്കപ്പെട്ടതെന്നുമുള്ള വിവിധ അഭിപ്രായങ്ങൾ വ്യാഖ്യാതാക്കൾക്കിടയിലുണ്ട്. ദൈവികനിയമങ്ങളുമായി ബന്ധപ്പെട്ട്, വിശ്വാസജീവിതത്തിൽ പ്രമാണങ്ങൾ പാലിക്കേണ്ടതിനെക്കുറിച്ചുള്ള വിവിധ ആശയങ്ങൾ കോർത്തിണക്കിയ ഒരു ജ്ഞാനസങ്കീർത്തനം എന്നതിനപ്പുറം സങ്കീർത്തനവാക്യങ്ങൾ തമ്മിൽ ഒരു പ്രത്യേക ബന്ധം കണ്ടെത്തുക എളുപ്പമല്ല. വിലാപങ്ങളുടെ പുസ്‌തകം മൂന്നാം അദ്ധ്യായത്തിലും സമാനമായ ഒരു രചനാരീതി നമുക്ക് കാണാം.
സങ്കീർത്തനഭാഗങ്ങളും ആശയങ്ങളും
ആമുഖമായി നാം പറഞ്ഞതുപോലെ, ഹെബ്രായഭാഷയിലെ അക്ഷരമാലാക്രമത്തിൽ ദൈവികനിയമവുമായി ബന്ധപ്പെട്ട വിവിധ ആശയങ്ങളാണ് സങ്കീർത്തനത്തിൽ ചേർത്തുവച്ചിരിക്കുന്നത്.
ആലെഫ് എന്ന അക്ഷരത്തിൽ ആരംഭിക്കുന്ന ഒന്നാം ഭാഗത്ത്, ദൈവവചനമനുസരിച്ച് നടക്കുകയും, അതിനായി ആഗ്രഹിക്കുകയും ചെയ്യുന്നവർ അനുഗ്രഹീതർ എന്ന ആശയമാണ് നാം കാണുക (സങ്കീ. 119, 1-8).
ബേഥ് എന്ന അക്ഷരത്തിൽ ആരംഭിക്കുന്ന രണ്ടാം ഭാഗത്ത്, ജീവിതവിശുദ്ധി, ദൈവവചനത്തെക്കുറിച്ചുള്ള വിചിന്തനം എന്നിവയാണ് പരാമർശിക്കപ്പെടുക (സങ്കീ. 119, 9-16).
ഗിമെൽ എന്ന അക്ഷരത്തിൽ ആരംഭിക്കുന്ന മൂന്നാം ഭാഗത്ത്, ദൈവികനിയമങ്ങളും ജീവിതത്തിൽ ഒരു വിശ്വാസി കടന്നുപോകേണ്ടിവരുന്ന പരീക്ഷണങ്ങളും പ്രതിസന്ധികളും വിചിന്തനം ചെയ്യപ്പെടുന്നു (സങ്കീ. 119, 17-24).
ദാലെഥ് എന്ന അക്ഷരത്തിൽ ആരംഭിക്കുന്ന നാലാം ഭാഗത്ത് തന്റെ നിസ്സാരതയെക്കുറിച്ച് ബോധവാനായ, ദൈവമാണ് തന്നെ കരം പിടിച്ചുയർത്തുന്നത് എന്ന് തിരിച്ചറിയുന്ന ഒരു വിശ്വാസിയെയാണ് നാം കാണുന്നത്. (സങ്കീ. 119, 25-32).
ഹേ എന്ന അക്ഷരത്തിൽ തുടങ്ങുന്ന അഞ്ചാം ഭാഗത്ത്, തന്റെ ജീവിതത്തിനാവശ്യമായ നിർദ്ദേശങ്ങൾക്കും ഉപദേശങ്ങൾക്കുമായി പ്രാർത്ഥിക്കുന്ന വിശ്വാസിയെ നമുക്ക് കാണാം (സങ്കീ. 119, 33-40).
വാവ് എന്ന അക്ഷരത്തിൽ ആരംഭിക്കുന്ന ആറാം ഭാഗത്ത്, ദൈവകല്പനകൾ അനുസരിക്കുന്നതിലൂടെയാണ് യഥാർത്ഥ സ്വാതന്ത്ര്യം നേടാനാവുകയെന്ന് ഏറ്റുപറയുന്ന, തന്നിൽ ദൈവവചനം എന്നും നിലനിൽക്കണമേയെന്ന് അപേക്ഷിക്കുന്ന സങ്കീർത്തകനെ നമുക്ക് കാണാം (സങ്കീ. 119, 41-48).
സയ്ൻ എന്ന അക്ഷരത്തിൽ ആരംഭിക്കുന്ന ഏഴാം ഭാഗത്ത്, ആശ്വാസം നൽകുകയും അതേസമയം ബലപ്പെടുത്തുകയും ചെയ്യുന്ന ദൈവവചനത്തിന്റെ ശക്തിയെക്കുറിച്ചാണ് സങ്കീർത്തകൻ പ്രതിപാദിക്കുന്നത് (സങ്കീ. 119, 49-56).
ഹേഥ് എന്ന അക്ഷരത്തിൽ ആരംഭിക്കുന്ന എട്ടാം ഭാഗത്ത്, ദൈവത്തോട് ചേർന്ന് നിൽക്കാൻ ആഗ്രഹിക്കുന്ന, അവന്റെ സ്വന്തമായി തന്നെത്തന്നെ കാണാൻ ആഗ്രഹിക്കുന്ന വിശ്വാസിയെ നമുക്ക് കാണാം (സങ്കീ. 119, 57-64).
തേഥ് എന്ന അക്ഷരത്തിൽ ആരംഭിക്കുന്ന ഒൻപതാം ഭാഗത്ത്, ദുരിതകാലത്ത്, തന്റെ ദാസനോടൊത്തായിരിക്കുകയും, അവന് ഉദ്ബോധനവും സംരക്ഷണവും നന്മയും നൽകുകയും ചെയ്യുന്ന ദൈവത്തെക്കുറിച്ച് സങ്കീർത്തകൻ ധ്യാനിക്കുന്നു (സങ്കീ. 119, 65-72).
യോദ് എന്ന അക്ഷരത്തിൽ ആരംഭിക്കുന്ന പത്താം ഭാഗത്ത്, സ്രഷ്‌ടാവും പരിപാലകനുമായ ദൈവത്തിന്റെ ഉദ്ബോധനങ്ങളിലും പ്രമാണങ്ങളിലുമുള്ള വിശ്വാസവും ശരണവും പ്രകടമാക്കുന്ന സങ്കീർത്തകനെ നമുക്ക് കാണാം (സങ്കീ. 119, 73-80).
കാഫ് എന്ന അക്ഷരത്തിൽ ആരംഭിക്കുന്ന പതിനൊന്നാം ഭാഗത്ത്, ജീവിതത്തിന്റെ തകർച്ചകളിൽ, പ്രത്യേകിച്ച് മറ്റുള്ളവരുടെ ആക്രമണങ്ങളുടെ മുന്നിൽ, ദൈവത്തിൽ ആശ്രയം തേടുകയും, അവൻ തന്നെ താങ്ങിനിറുത്തുമെന്ന വിശ്വാസത്താൽ മുന്നോട്ടുപോവുകയും ചെയ്യുന്ന സങ്കീർത്തകനെ നമുക്ക് കാണാം (സങ്കീ. 119, 81-88).
ലാമെദ് എന്ന അക്ഷരത്തിൽ ആരംഭിക്കുന്ന പന്ത്രണ്ടാം ഭാഗത്ത്, സ്വർഗ്ഗസ്ഥമായ ദൈവവചനത്തിന്റെ ശക്തി ഏറ്റുപറയുകയും, സകലതിനെയും പരിപാലിക്കുകയും, സംരക്ഷിക്കുകയും ചെയ്യുന്ന ആ വചനത്തിൽ ആശ്രയിക്കുന്ന വിശ്വാസിയെ നമുക്ക് കാണാം (സങ്കീ. 119, 89-96).
മേം എന്ന അക്ഷരത്തിൽ ആരംഭിക്കുന്ന പതിമൂന്നാം ഭാഗത്ത്, ജ്ഞാനമേകുകയും, തിന്മയിൽനിന്ന് അകന്നുനിൽക്കാൻ സഹായിക്കുകയും ചെയ്യുന്ന ദൈവവചനത്തിന്റെ മാധുര്യത്തെ ഇഷ്ടപ്പെടുന്ന, അതിനെ ധ്യാനിക്കുന്ന സങ്കീർത്തകനെയാണ് നാം കാണുന്നത് (സങ്കീ. 119, 97-104).
നൂൻ എന്ന അക്ഷരത്തിൽ ആരംഭിക്കുന്ന പതിനാലാം ഭാഗത്ത്, ദൈവവചനത്തിലുള്ള സങ്കീർത്തകന്റെ ശക്തമായ ശരണമാണ് വെളിവാകുന്നത്. തന്റെ പാദങ്ങൾക്ക് വിളക്കും വഴികളിൽ പ്രകാശവുമായി നിൽക്കുന്നത് വചനമാണെന് അവൻ ഏറ്റുപറയുന്നു (സങ്കീ. 119, 105-112).
സാമെക് എന്ന അക്ഷരത്തിൽ ആരംഭിക്കുന്ന പതിനഞ്ചാം ഭാഗത്ത്, തന്നെ താങ്ങിനിറുത്തുന്നതും പരിപാലിക്കുന്നതും സംരക്ഷിക്കുന്നതും ദൈവവചനമാണെന്ന് സങ്കീർത്തകൻ സാക്ഷ്യപ്പെടുത്തുന്നു. തന്നിൽനിന്ന് അകലാൻ ദുഷ്ടരോട് ആവശ്യപ്പെടുന്ന സങ്കീർത്തകൻ, ദൈവത്തിന്റെ വിധി നീതിപൂർവകമാണെന്ന് ഏറ്റുപറയുന്നു (സങ്കീ. 119, 113. 120).
അയിൻ എന്ന അക്ഷരത്തിൽ ആരംഭിക്കുന്ന പതിനാറാം ഭാഗത്ത്, ദൈവവചനത്തിനും, അവന്റെ പ്രമാണങ്ങൾക്കുമായി ആഗ്രഹിക്കുന്ന, കർത്താവിന്റെ കരുണയിൽ അഭയം തേടുന്ന വിശ്വാസിയെയാണ് നാം കാണുന്നത്. വചനം മനസ്സിലാക്കാനായി ജ്ഞാനം അപേക്ഷിക്കുകയും, ദൈവത്തിന്റെ ഇടപെടലിനായി അഭ്യർത്ഥിക്കുകയും ചെയ്യുന്ന സങ്കീർത്തകൻ, മറ്റെന്തിനേക്കാളും പ്രധാനപ്പെട്ടത് ദൈവവചനമാണെന് തിരിച്ചറിയുന്നുണ്ട് (സങ്കീ. 119, 121-128).
പേ എന്ന അക്ഷരത്തിൽ ആരംഭിക്കുന്ന പതിനേഴാം ഭാഗത്ത്, ദൈവവചനത്താലും പ്രമാണത്താലും നയിക്കപ്പെടുകയും, അതിന്റെ പ്രകാശത്തിനും ജ്ഞാനത്തിനും സംരക്ഷണത്തിനുമായി ആഗ്രഹിക്കുകയും ചെയ്യുന്ന വിശ്വാസിയെ നമുക്ക് കാണാം (സങ്കീ. 119, 129-136).
ത്സാദെ എന്ന അക്ഷരത്തിൽ ആരംഭിക്കുന്ന പതിനെട്ടാം ഭാഗത്ത്, ദൈവവചനത്തിന്റെ ശുദ്ധതയും സത്യവും വിശ്വസ്തതയും തിരിച്ചറിയുകയും, അതിനെ തീവ്രമായി സ്നേഹിക്കുകയും, സത്യവചനത്തെ മുറുകെപ്പിടിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്ന സങ്കീർത്തകനെ നമുക്ക് കാണാം (സങ്കീ. 119, 137-144).
കോഫ് എന്ന അക്ഷരത്തിൽ ആരംഭിക്കുന്ന പത്തൊൻപതാം ഭാഗത്ത്, തിരുവചനത്തിലുള്ള വിശ്വാസത്തോടെ, വചനം പാലിക്കാനുള്ള തീരുമാനമറിയിക്കുകയും, ആ വചനം പാലിക്കാനും ധ്യാനിക്കാനുമായി, വചനത്തിൽനിന്ന് അകന്നുജീവിക്കുന്ന ദുഷ്ടരിൽനിന്ന് തന്നെ സംരക്ഷിക്കണമേയെന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്ന വിശ്വാസിയെ നമുക്ക് കാണാം (സങ്കീ. 119, 145-152).
റേശ് എന്ന അക്ഷരത്തിൽ ആരംഭിക്കുന്ന ഇരുപതാം ഭാഗത്ത്, വചനത്തിൽ ആശ്രയം വച്ച് സ്വാതന്ത്ര്യത്തിനും പുതുജീവനുമായി അപേക്ഷിക്കുന്ന, തനിക്ക് ചുറ്റും ശത്രുക്കൾ പെരുകുമ്പോഴും, താൻ വചനം പാലിക്കുമെന്ന ഉറപ്പുനൽകുന്ന സങ്കീർത്തകനെ നമുക്ക് കാണാം. വചനം പാലിക്കാത്തവർ രക്ഷയിൽനിന്ന് അകലെയാണെന്ന ബോധ്യവും ഇവിടെ പങ്കുവയ്ക്കപ്പെടുന്നുണ്ട് (സങ്കീ. 119, 153-160).
ശീൻ എന്ന അക്ഷരത്തിൽ ആരംഭിക്കുന്ന ഇരുപത്തിയൊന്നാം ഭാഗത്ത്, ആക്രമണങ്ങൾ നേരിടേണ്ടിവരുമ്പോഴും, ദൈവവചനത്തിന് മുന്നിൽ വിസ്മയാവഹമായ കണ്ണുകളോടെ നിൽക്കുന്ന, വചനത്തിൽ ആനന്ദിക്കുന്ന, അതിനെ സ്നേഹിക്കുകയും ദൈവത്തെ സ്തുതിക്കുകയും ചെയ്യുന്ന, വചനമേകുന്ന സമാധാനത്തിലും രക്ഷയിലും പ്രതീക്ഷ വയ്ക്കുന്ന വിശ്വാസിയെ നമുക്ക് കാണാം (സങ്കീ. 119, 161-168).
താവ് എന്ന അക്ഷരത്തിൽ ആരംഭിക്കുന്ന അവസാന ഭാഗത്ത് വചനമനുസരിച്ച് ജീവിക്കാനും, വചനത്താൽ സ്വാതന്ത്രനാക്കപ്പെടാനും, വചനത്തിന്റെ ദൈവത്തെ സ്തുതിക്കാനും ആഗ്രഹിക്കുന്ന, ദൈവികനിയമങ്ങൾ നീതിയുക്തമാണെന്ന് തിരിച്ചറിയുന്ന, ദൈവത്തെയും അവൻ നൽകുന്ന രക്ഷയെയും കാംക്ഷിക്കുന്ന, നഷ്ടപ്പെട്ട ആടിനെ ഇടയനെന്നപോലെ തന്നെ തേടിവരണമേയെന്ന് അപേക്ഷിക്കുന്ന വിശ്വാസിയെയാണ് നാം കാണുന്നത് (സങ്കീ. 119, 169-176).
സങ്കീർത്തനം ജീവിതത്തിൽ
മനുഷ്യജീവിതത്തെ നയിക്കുകയും, മനുഷ്യന് വഴികാട്ടിയാകുകയും ചെയ്യുന്ന ദൈവകല്പനകളിൽ കേന്ദ്രീകൃതമായ, വചനമനുസരിച്ച് ജീവിക്കുന്നതിന്റെ പ്രാധാന്യം വിശ്വാസിസമൂഹത്തെ ഉദ്ബോധിപ്പിക്കുന്ന ഈ ജ്ഞാനസങ്കീർത്തനവിചിന്തനം ചുരുക്കുമ്പോൾ, നമുക്കും സങ്കീർത്തകനെപ്പോലെ, അപങ്കിലമായ മാർഗ്ഗത്തിൽ ചരിക്കാനും, കർത്താവിന്റെ നിയമം സ്ഥിരതയോടെ അനുസരിക്കാനും, പാപങ്ങളിലും തിന്മയിലും നിന്നകന്ന് ജീവിക്കാനും പരിശ്രമിക്കുകയും അതിനായി ദൈവസഹായം തേടുകയും ചെയ്യാം. വചനം പാലിക്കുന്നതും കർത്താവിന്റെ പാതയിൽ സഞ്ചരിക്കുന്നതും രക്ഷയിലേക്കുള്ള മാർഗ്ഗമാണെന്ന് തിരിച്ചറിയാം. നിർമ്മലമായ ജീവിതം നയിക്കുകയും, ദുഷ്ടരുടെയും അധർമ്മികളുടെയും പാതയിൽനിന്ന് അകലുകയും ചെയ്യാം. അനുദിനവിശ്വാസജീവിതത്തിൽ ദൈവികനിയമങ്ങൾക്ക് പ്രാധാന്യം കൊടുക്കുവാനും, വചനമായി വെളിപ്പെട്ട ദൈവത്തെ ഹൃദയത്തോട് ചേർത്ത് നിറുത്തുവാനും സങ്കീർത്തനം ക്ഷണിക്കുന്നത് തിരിച്ചറിയാം. തന്റെ വാഗ്ദാനങ്ങളിൽ വിശ്വസ്തനായ ദൈവം, ഇസ്രായേൽജനത്തെയെന്നപോലെ നമ്മെയും തന്നോട് ചേർത്തുനിറുത്തുകയും പരിപാലിക്കുകയും സംരക്ഷിക്കുകയും രക്ഷയിലേക്ക് നയിക്കുകയും ചെയ്യട്ടെ.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: