മ്യന്മാറിനു വേണ്ടിയുള്ള പാപ്പായുടെ അഭ്യർത്ഥനകൾക്ക് നന്ദിയുമായി മണ്ഡലയ് അതിരൂപതാ വികാരിജനറാൾ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
സായുധ സംഘർഷങ്ങൾ മ്യന്മാറിലെ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കിയിരിക്കയാണെന്നും ജനങ്ങൾ പലായനം ചെയ്തുകൊണ്ടിരിക്കായാണെന്നും അന്നാട്ടിലെ മണ്ഡലയ് അതിരൂപതയുടെ വികാരിജനറാൾ ആയ വൈദികൻ പീറ്റർ സെയിൻ ഹ്ലയിംഗ്.
പ്രേഷിതവാർത്താ ഏജൻസിയായ ഫീദെസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാപ്പാ ജൂൺ 15-ന് ഞായറാഴ്ച മദ്ധ്യാഹ്നപ്രാർത്ഥനാ വേളയിൽ മ്യന്മാറിനു വേണ്ടി നടത്തിയ സമാധാനഭ്യർത്ഥനയ്ക്ക് ജനങ്ങളുടെ നാമത്തിൽ അദ്ദേഹം നന്ദിയറിയിച്ചു.
ബോംബാക്രമണങ്ങൾ മൂലം മ്യന്മാറിൽ നിരവധി ഗ്രാമങ്ങൾ വിജനമാകുകയോ നാശാവശിഷ്ടക്കൂമ്പാരമായി മാറിയിരിക്കുകയോ ആണെന്നും അഭയം തേടി എവിടേയ്ക്കുപോകണമെന്ന് ജനങ്ങൾക്ക് അറിയില്ലെന്നും ഫാദർ പീറ്റർ സെയിൻ പറഞ്ഞു.
വൃദ്ധരും സ്ത്രീകളും കുഞ്ഞുങ്ങളുമുൾപ്പടെയുള്ളവരെ സഹായിക്കുന്നതിനായി നിരവധി വൈദികരും സമർപ്പിതരും മതബോധകരും ശ്രമിക്കുന്നുണ്ടെന്നും തങ്ങൾ പ്രാർത്ഥനയിൽ അഭയം തേടിയിരിക്കയാണെന്നും അദ്ദേഹം വെളിപ്പെടുത്തി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: