MAP

നിർബന്ധിത ബാലവേലയെന്ന തിന്മ നിർബന്ധിത ബാലവേലയെന്ന തിന്മ 

ലോകത്ത് പതിനാല് കോടിയോളം കുട്ടികൾ ബാലവേലയ്ക്ക് നിർബന്ധിതരാകുന്നു

ലോകത്ത് പതിമൂന്നുകോടി എൺപത് ലക്ഷത്തോളം കുട്ടികൾ ബാലവേല ചെയ്യാൻ നിർബന്ധിതരാകുന്നുവെന്ന് യൂണിസെഫ്, അന്തരാഷ്ട്രതൊഴിൽ സംഘടന എന്നീ സമിതികൾ സംയുക്തമായി ബാലവേലയ്‌ക്കെതിരായുള്ള ആഗോളദിനവുമായി ബന്ധപ്പെട്ട് പുറത്തുവിട്ട ഒരു റിപ്പോർട്ടിലൂടെ അറിയിച്ചു. എന്നാൽ 2000 മുതലുള്ള കണക്കുകളനുസരിച്ച് ബാലവേലയ്ക്ക് നിർബന്ധിതരാകുന്ന കുട്ടികളുടെ എണ്ണം പകുതിയായി.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ഇപ്പോഴും ലോകത്ത് പതിനാല് കോടിയോടടുത്ത് കുട്ടികൾ ബാലവേല ചെയ്യാൻ നിർബന്ധിതരാകുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ് (UNICEF), അന്താരാഷ്ട്രതൊഴിൽ സംഘടന (International Labour Organization - ILO) എന്നീ സമിതികൾ സംയുക്തമായി പുറത്തുവിട്ട ഒരു റിപ്പോർട്ടിലൂടെ അറിയിച്ചു. ജൂൺ 12-ന് ആചരിക്കപ്പെടുന്ന “ബാലവേലയ്‌ക്കെതിരായുള്ള ആഗോളദിനവുമായി” ബന്ധപ്പെട്ടാണ് ഇത്തരമൊരു റിപ്പോർട്ട് സംഘടനകൾ പുറത്തുവിട്ടത്.

രണ്ടായിരാമാണ്ടുമുതലുള്ള കണക്കുകൾ പ്രകാരം ബാലവേലയിലേർപ്പെടുന്ന കുട്ടികളുടെ എണ്ണം പകുതിയായി കുറഞ്ഞെങ്കിലും, ഇവരിൽ മൂന്നിലൊന്നിലധികം പേരും അപകടകരമായ ജോലികളാണ് ചെയ്യേണ്ടിവരുന്നതെന്ന് റിപ്പോർട്ട് വ്യക്തമാക്കി. കണക്കുകൾ പ്രകാരം 2000-ൽ ഏതാണ്ട് ഇരുപത്തിനാലരക്കോടി (24.6) കുട്ടികളാണ് ബാലവേല ചെയ്തിരുന്നതെങ്കിൽ നിലവിൽ പതിനാല് കോടിയോടടുത്ത് (13.8) കുട്ടികളാണ് ബാലവേല ചെയ്യുന്നത്. ഇവരിൽ അഞ്ചരക്കോടിയോളം (5.4) കുട്ടികൾ അപകടകരമായ ഇടങ്ങളിലാണ് ജോലി ചെയ്യുന്നത്.

ബാലവേലയ്ക്ക് കുട്ടികൾ നിർബന്ധിതരാകുന്ന സാഹചര്യം ഒഴിവാക്കാനായി, സാമൂഹ്യസുരക്ഷാമേഖലയിൽ കൂടുതൽ സാമ്പത്തികസഹായം എത്തിക്കാനും, കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്ന വ്യവസ്ഥകൾ കൂടുതൽ ശക്തമാക്കാനും, ഗുണനിലവാരമുള്ള വിദ്യാഭ്യാസസൗകര്യങ്ങൾ ഉറപ്പാക്കാനും, മുതിർന്നവർക്കും യുവാക്കൾക്കും അന്തസ്സുള്ള ജോലികൾ ലഭ്യമാക്കാനും, കോർപ്പറേറ്റ് മേഖലയിൽ കൃത്യമായ നിയമങ്ങൾ നടപ്പിലാക്കാനും റിപ്പോർട്ടിലൂടെ യൂണിസെഫും അന്താരാഷ്ട്രതൊഴിൽ സംഘടനയും ആവശ്യപ്പെട്ടു.

കൃഷിമേഖലയിലാണ് കൂടുതൽ കുട്ടികൾ വേലചെയ്യാൻ നിർബന്ധിതരാകുന്നത്. ബാലവേലയിലേർപ്പെട്ടിരിക്കുന്നവരിൽ ഏതാണ്ട് അറുപത്തിയൊന്ന് ശതമാനവും ഈ മേഖലയിലാണ് ജോലി ചെയ്യുന്നത്. ഇരുപത്തിയേഴ് ശതമാനം കുട്ടികൾ ഗാർഹിക, കച്ചവട മേഖലകളിലാണ് ജോലി ചെയ്യുന്നത്. എന്നാൽ ഏതാണ്ട് പതിമൂന്ന് ശതമാനത്തോളം കുട്ടികൾ, ഖനന, നിർമ്മാണമേഖലകൾ ഉൾപ്പെടുന്ന വ്യാവസായിക മേഖലയിലാണ് ജോലി ചെയ്യുന്നത്.

ലോകത്ത് ബാലവേല ചെയ്യാൻ നിർബന്ധിതരാകുന്ന കുട്ടികളിൽ മൂന്നിൽ രണ്ടു ഭാഗവും ആഫ്രിക്കയിലെ സഹാറയ്ക്ക് തെക്കുഭാഗത്തുള്ളവരാണ്. പതിനാലിൽ ഏതാണ്ട് ഒൻപത് കോടിയോളം കുട്ടികൾ ഈ പ്രദേശത്തുനിന്നുള്ളവരാണ്.

ജോലി ചെയ്യാൻ നിർബന്ധിതരാകുന്ന കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവുണ്ടായിട്ടുണ്ടെങ്കിലും ഈയൊരു പ്രശ്നം പൂർണ്ണമായി ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തിലേക്കെത്തിച്ചേരേണ്ടതുണ്ടെന്ന് യൂണിസെഫ്, അന്തരാഷ്ട്രതൊഴിൽ സംഘടന എന്നീ സമിതികൾ തങ്ങളുടെ റിപ്പോർട്ടിലൂടെ ഓർമ്മിപ്പിച്ചു.

"ബാലവേല: 2024-ലെ ആഗോളനിരക്ക്, ട്രെൻഡുകളും കാഴ്ചപ്പാടുകളും" എന്ന പേരിലുള്ള റിപ്പോർട്ട് ജൂൺ 11-നാണ് പ്രസിദ്ധീകരിക്കപ്പെട്ടത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 ജൂൺ 2025, 14:23