കോവിഡ് ബാധയ്ക്ക് ശേഷം, സമ്പന്നരാജ്യങ്ങളിലെ കുട്ടികളുടെ സുസ്ഥിതി തകരാറിൽ: യൂണിസെഫ്
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
കോവിഡ് മഹാമാരിക്ക് ശേഷം യൂറോപ്പ്യൻ രാജ്യങ്ങളുൾപ്പെടെയുള്ള വികസിതരാജ്യങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസ, മാനസീക, ശാരീരിക സുസ്ഥിതി വഷളായെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. കുട്ടികളുടെയും കൗമാരക്കാരുടെയും സുസ്ഥിതി സംബന്ധിച്ച് വിവിധ രാജ്യങ്ങളിൽ യൂണിസെഫ് നടത്തിയ പഠനത്തിന്റെ പശ്ചാത്തലത്തിൽ തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്, കോവിഡ് കൊണ്ടുവന്ന പ്രതിസന്ധി സംബന്ധിച്ച് യൂണിസെഫ് മെയ് പതിനാലിന് പ്രസ്താവന നടത്തിയത്.
നാൽപ്പത്തിമൂന്ന് രാജ്യങ്ങളിലെ കുട്ടികളുടെയിടയിൽ നടത്തിയ പഠനങ്ങൾ പ്രകാരം, മുൻകാലത്തേക്കാൾ കോവിഡ് മഹാമാരിക്ക് ശേഷം പാഠ്യപദ്ധതികൾ മനസ്സിലാക്കുന്നതിൽ കുട്ടികൾ കൂടുതൽ ബുദ്ധിമുട്ടുന്നുണ്ടെന്ന് ശിശുക്ഷേമനിധി അറിയിച്ചു.
സമ്പന്ന രാജ്യങ്ങളിലെ എൺപത് ലക്ഷത്തോളം വരുന്ന പകുതി കുട്ടികളും സാക്ഷരത നേടിയിട്ടില്ലെന്നും, അടിസ്ഥാനകാര്യങ്ങൾ ഉൾപ്പെടുന്ന പാഠ്യഭാഗങ്ങൾ പോലും മനസ്സിലാക്കാൻ അവർക്ക് സാധിക്കുന്നില്ലെന്നും യൂണിസെഫ് അറിയിച്ചു. ബൾഗേറിയ, കൊളമ്പിയ, കോസ്ത റിക്ക, ചിപ്രോ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിൽ മൂന്നിൽരണ്ടു കുട്ടികളും ഈ വിഭാഗത്തിൽപ്പെടുമെന്ന് യൂണിസെഫ് വ്യക്തമാക്കി.
കുട്ടികളുടെ മാനസീകാരോഗ്യരംഗത്തും വലിയ തകർച്ചയാണ് ഉള്ളതെന്നും, ജപ്പാൻ മാത്രമാണ് ഇതിൽപ്പെടാത്തതെന്നും യൂണിസെഫ് അറിയിച്ചു. അമിതഭാരമുള്ള കുട്ടികളുടെ എണ്ണത്തിലും വർദ്ധനവുണ്ടായിട്ടുണ്ട്.
കുട്ടികൾക്ക് നല്ലൊരു ശൈശവവും ഭാവിയും ഉറപ്പാക്കുന്നതിൽ വിവിധ രാജ്യങ്ങൾ പ്രതിസന്ധി നേരിട്ടേക്കാമെന്നും, എന്നാൽ കുട്ടികളുടെ സുസ്ഥിതി ഉറപ്പാക്കുന്നതിനായി രാഷ്ട്രീയമേഖലയിലുൾപ്പെടെ ഗവൺമെന്റുകൾ കൂടുതലായി ഇടപെടേണ്ടതുണ്ടെന്നും യൂണിസെഫ് ഓർമ്മപ്പിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: